ചിലരൊക്കെ ബിസ്‌കറ്റിന്റെ തുളയെണ്ണി ഇരിക്കുന്നുണ്ടാകും.. ലോക്ക്ഡൗണ്‍ കാലത്ത് ബോറടി മാറ്റാന്‍ ടിപ്‌സുമായി ജോമോള്‍ ജോസഫ്

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യമാകെ ലോക്ക് ഡൗണിലാണ്. രാജ്യം നിശ്ചലമായിരിക്കുമ്പോള്‍ പുറത്തിറങ്ങാനാവാതെ വീാട്ടിലിരിക്കുന്നവര്‍ നേപിടുന്ന പ്രധാന പ്രശ്‌നമാണ് ബോറടി. ബോറടി മാറ്റാനായി ടിപ്‌സുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫ്‌
കൊറോണക്കാലത്ത് വീട്ടിലിരുന്ന് ബോറടിക്കുന്നവരോട്..

കുറിപ്പ്‌

ചിലരൊക്കെ ബിസ്കറ്റിന്റെ തുളയെണ്ണലും, എന്നെ ആദ്യമായി കണ്ടപ്പോ എന്തു തോന്നിയെന്ന ചോദ്യാവലിയും, സീലിങ് ഫാനും ഒക്കെയായി അരങ്ങ് തകര്‍ക്കുന്നത് കണ്ടു. അവരോടാണ്. ഇങ്ങനെ ബോറടിക്കാതിരിക്കാനായി നിങ്ങള്‍ക്കൊരു എളുപ്പ വഴി പറഞ്ഞു തരാം..

മിക്കവരുടേയും വീടുകള്‍ക്ക് രണ്ടു മുറികളും ലിവിങ് റൂമും, സിറ്റൌട്ടും, അടുക്കളയും, വര്‍ക്കേരിയയും ഒക്കെ കാണും. പിന്നെയുള്ളത് മൂന്നു മുറികള്‍ മുതല്‍ മുകളിലേക്കും.. പല മുറികളിലും ബുക്കുകളും ബാഗുകളും പെട്ടികളും അലമാരകളും പഴയ തുണികളും ഒക്കെ പൊടി പിടിച്ച്‌ ആ പൊടിയുടെ ഇടയിലായിരിക്കും മിക്കവരുടേയും ജീവിതം. കൂടാതെ ജനലുകളുടെ കമ്ബികളും, പടികളും ഗ്ലാസ്സും ഒക്കെ പൊടിയും ചെളിയും പിടിച്ച്‌ കിടക്കുന്നത് നമ്മളില്‍ അധികം പേരും ശ്രദ്ധിച്ചു കാണാനായി ഇടയില്ല. ഇതിലും ഭീകരമാകും മുറികളിലെ ബെര്‍ത്തുകളുടെ അവസ്ഥ. പൊടിയും മാറാലയും നമ്മള്‍ നോക്കിയാല്‍ പോലും കാണാതെ കട്ടപിടിച്ച്‌ കിടക്കുന്നുണ്ടാകും. മുറികളുടെ ഭിത്തികളും, വാര്‍ത്ത വീടുകളുടെ ടെറസും, സണ്‍ഷേഡിന് മുകള്‍ ഭാഗവും ഒക്കെ പായലുപിടിച്ച്‌ കിടക്കുന്നതോ ചപ്പു വീണുകിടക്കുന്നതോ ഒക്കെ നമ്മള്‍ ശ്രദ്ധിച്ചിട്ടു പോലും കാണില്ല. ഓടിട്ട വീടുകളിലെ മാറാല ശല്യവും ചിതല്‍ ശല്യവും പ്രത്യേകം പറയേണ്ടതില്ലല്ലോ??

ഇനി കാര്യത്തിലേക്ക് വരാം.. ഒരു ദിവസം ഒരു മുറി എന്ന നിലയില്‍ ടാര്‍ഗറ്റ് സെറ്റ് ചെയ്യുക. ആദ്യം മുറികളിലെ സകല സാധനങ്ങളും എടുത്ത് പുറത്തേക്കിടുക. ബെഡ്ഡുകളും തലയിണകളും വെയിലത്തിട്ട് തിരിച്ചും മറിച്ചും നന്നായി വെയിലു കൊള്ളിക്കുക. എന്നിട്ട് നേരേ മുറിയിലേക്ക് കയറുക. മാറാലയും, ബെര്‍ത്തിന് മുകളിലേയും കബോഡിലേയും പൊടിയൊക്കെ നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുക. തുടച്ചെടുക്കാനായി ആരംഭിച്ച്‌ കഴിയുമ്ബോള്‍ മാത്രമേ നമുക്ക് മനസ്സിലാകൂ എത്രമാത്രം പൊടിപിടിച്ച അന്തരീക്ഷത്തിലായിരുന്നു നമ്മള്‍ ജീവിച്ചിരുന്നതെന്ന്.

കബോര്‍ഡുകളും ബെര്‍ത്തുകളും വൃത്തിയാക്കി കഴിഞ്ഞാല്‍, നേരേ മുറിയുടെ ഭിത്തികളും ഇതുപോലെ നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കാം. അതു കഴിഞ്ഞ് ജനാലയുടെ കമ്ബികള്‍ ശരിക്ക് തുടക്കുക. കുറച്ച്‌ സോപ്പുപൊടി ചേര്‍ത്ത വെള്ളമാണേല്‍ ചെളിയൊക്കെ മുഴുവനിങ്ങ് പോരും. സ്വിച്ച്‌ ബോര്‍ഡുകളും ജനല്‍ ഗ്ലാസ്സുകളും ഫാനും ലൈറ്റുകളും ഒക്കെ ഇതുപോലെ തന്നെ നനഞ്ഞ തുണിയുപയോഗിച്ച്‌ തുടച്ചെടുക്കാം. അതു കഴിഞ്ഞ് കട്ടിലൊക്കെ മറിച്ചിട്ട് അതിനടിയിലെയും കാലുകളിലെയും പലകളിലെയും സൈഡുകളുടെ ഇരു വശവും അകവും പുറവും ഉള്ള മാറാലയും പൊടിയും ഒക്കെ തുടച്ച്‌ വൃത്തിയാക്കുക. ചെറിയ ചെറിയ ഏരിയകള്‍ വൃത്തിയാക്കാനായി ഉപയോഗിച്ച്‌ പഴകിയ ടൂത്ത് ബ്രഷും ഉപയോഗിക്കുക. നിലവും തുടച്ച്‌ വൃത്തിയാക്കി ഉണങ്ങിയ ശേഷം പുറത്തിറക്കിയ തുണികള്‍ മുഴുവനും കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക. ബുക്കുകളും ബാഗുകളും അലമാരയും എല്ലാം ചുറ്റോടു ചുറ്റും നനഞ്ഞ തുണിയുപയോഗിച്ച്‌ തുടച്ചു വൃത്തിയാക്കിയ ശേഷം മാത്രമേ അകതത് കയറ്റാവൂ. വെയില് കൂടി കൊള്ളിച്ചാല്‍ അടിപൊളിയാകും.

എല്ലാ സാധനങ്ങളും തിരികെ മുറിയിലേക്ക് അടുക്കി പെറുക്കി വെച്ച ശേഷം, നല്ലൊരു കുളിയും പാസ്സാക്കി ആ മുറിയിലൊന്ന് കിടന്നുനോക്കിക്കേ, നിങ്ങള്‍ പോലുമറിയാതെ ഉറങ്ങിപ്പോകും. സുന്ദരമായ വേറിട്ട ഒരുറക്കം നിങ്ങള്‍ക്ക് ലഭിക്കും. രാവിലെ എണീക്കുമ്ബോള്‍ പോലും ആ സുഖം നിങ്ങള്‍ക്ക് ഫീല്‍ ചെയ്യും. ഇങ്ങനെ ഒരോ ദിവസവും ഓരോ ഏരിയ തീരുമാനിച്ച്‌ സമഗ്രമായ ക്ലീനിങ് നടത്തിയാല്‍ വീട് സുന്ദരവും വൃത്തിയുമാകും. അതു കഴിഞ്ഞാല്‍ വീടിന് പുറവും പരിസരവും വാട്ടര്‍ ടാങ്കും ഒക്കെയങ്ങ് പിടിച്ചിട്ടോ നമ്മുടെ ടാര്‍ഗറ്റിലേക്ക്. പന്നെ ബിസ്കറ്റിന്റെ തുളയെണ്ണാനൊന്നുംസമയം കിട്ടത്തേയില്ല. നെറ്റില്ലാത്ത വിഷമത്തില്‍ വെറുതേ സങ്കടപ്പെടുകയും വേണ്ട.

വേറൊരു ഗുണം കൂടിയുണ്ട് ഇതിന്.എത്രയോ വൃത്തിരഹിതമായ അന്തരീക്ഷത്തിലാണ് ഇതുവരെ ജീവിച്ചതെന്ന തിരിച്ചറിവില്‍ നിന്നും വൃത്തി നമ്മുടെ കൂടെപ്പിറപ്പായി മാറുകയും ചെയ്യും. ആരോഗ്യകരമായ അന്തരീക്ഷം രോഗങ്ങളെ അകറ്റുക കൂടി ചെയ്യും. ഈ വേനല്‍ കഴിഞ്ഞ് മഴ വരുമ്ബോള്‍, ഉണ്ടാകാനായി സാധ്യതയുള്ള രോഗങ്ങളും അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകളും ജലദോഷവും തുമ്മലുമൊക്കെ അങ്ങ് മാറിക്കിട്ടുകേം ചെയ്യും.
നമുക്ക് മുന്നില്‍ ഇനിയും പത്തുപതിനേഴ് ദിവസങ്ങളുണ്ട്.. അപ്പോ ഇന്നു തന്നെ തുടങ്ങുവല്ലേ ക്ലീനിങ്, അതോ ബിസ്കറ്റിന്റെ തുളയെണ്ണി ദിവസങ്ങള്‍ പാഴാക്കണോ? നബി – മാസത്തില്‍ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് വളരെ ഗുണകരമാണ്.