സ്ത്രീകളുടെ വസ്ത്രധാരണം പുരുഷന്മാരില്‍ വികാരം ഉണ്ടാക്കുകയോ പ്രകോപിപ്പിക്കുകയോ എന്നൊക്കെയാണ് അവരുടെ ചിന്താഗതി.. ജോമോള്‍ ജോസഫിന്റെ കുറിപ്പ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ ആക്ടിവിസ്റ്റും മോഡലുമാണ് ജോമോള്‍ ജോസഫ്. പലപ്പോഴും ജോമോള്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളും മറ്റും വൈറലായി മാറാറുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും ജോമോള്‍ കാട്ടാറില്ല. ഇപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണമാണോ നാട്ടില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കാരണം എന്ന് ചോദിക്കുകയാണ് ജോമോള്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോമോളുടെ പ്രതികരണം.

ജോമോള്‍ ജോസഫ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, സമൂഹ പൊതുബോധം പലപ്പോളും വികലമാണ് : മാറേണ്ടത് ഞാനോ അതോ നിങ്ങളോ? കഴിഞ്ഞ ദിവസം നാളുകളായി എന്നെ ഫോളോ ചെയ്യുന്ന ഒരു സ്ത്രീയും ഞാനുമായി സംസാരിക്കുകയുണ്ടായി. എനിക്ക് മെസ്സേജ് അയക്കുന്നതും എന്നെ വിളിക്കുന്നതും ഒക്കെ ഇവിടെ ഞാന്‍ ഇടുന്ന എക്‌സ്‌പോസ്ഡ് ആയ ഫോട്ടോകള്‍ കണ്ടിട്ടായിരിക്കും എന്നതാണ് അവര്‍ പ്രധാനമായും എന്നോട് പങ്കുവെച്ച കാര്യം. പലപ്പോളും സ്ത്രീകളുടെ വസ്ത്രധാരണം പുരുഷന്മാരില്‍ വികാരം ഉണ്ടാക്കുകയോ പ്രകോപിപ്പിക്കുകയോ, അല്ലെങ്കില്‍ അവരെ ഇന്‍വൈറ്റ് ചെയ്യുന്നതോ എന്നൊക്കെയാണ് അവരുടെ ചിന്താഗതി.. ഞാന്‍ അവരുമായി കുറച്ച് നേരം സംസാരിച്ചു. പ്രധാനമായും നമ്മുടെ പ്രബുദ്ധ കേരളത്തില്‍ നടന്ന ഇന്‍സിഡന്റുകളെ അടിസ്ഥാനമാക്കിയായിരുന്നു ഞാന്‍ അവരുമായി സംവദിച്ചത്.നിങ്ങളുമായി അത് പങ്കുവെക്കണം എന്നെനിക്ക് തോന്നി.

ഇന്‍സിഡന്റ് 1: ഗോവിന്ദചാമിയുടെ ഇരയായി മരിച്ച പെണ്‍കുട്ടി ആ പെണ്‍കുട്ടി ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ എന്ത് വസ്ത്രമായിരുന്നു ധരിച്ചിരുന്നത്? എന്റെ അറിവില്‍ ചുരിദാര്‍ ധരിച്ച് അതിന് മുകളില്‍ മാറ് ഒന്നുകൂടി മറക്കാനായി ഷാളും ധരിച്ചിരുന്നു. എന്നിട്ടും ആ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യണം എന്ന് ഗോവിന്ദച്ചാമിക്ക് തോന്നി..

ഇന്‍സിഡന്റ് 2 : കുറച്ച് നാളുകള്‍ക്ക് മുമ്പ് നമ്മുടെ കേരളത്തില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ വന്ദ്യ വായോധികരായ (70 വയസ് കഴിഞ്ഞ) അമ്മൂമ്മമാര്‍. ആ അമ്മൂമ്മ മാരുടെ വസ്ത്രം എന്തായിരുന്നിരിക്കണം? അവരുടെ ആ വസ്ത്രം ആണോ അവരെ ബലാത്സംഗം ചെയ്യാന്‍ വേട്ടക്കാരെ പ്രേരിപ്പിച്ച ഘടകം?

ഇന്‍സിഡന്റ് 3 : കേരളത്തില്‍ കഴിഞ്ഞ നാളുകളില്‍ ബലാല്‍സംഗത്തിന് ഇരയായ 4 വയസ്സില്‍ താഴെയുള്ള പിഞ്ചുപെണ്‍കുട്ടികള്‍. ഒന്നോ രണ്ടോ കുട്ടികള്‍ അല്ല വേട്ടക്കാരന്റെ ഇരകള്‍ ആയിട്ടുള്ളത്. അവരുടെ വസ്ത്രധാരണം ആണോ അവര്‍ ഇരകളാക്കപ്പെടാന്‍ കാരണം?

ഇന്‍സിഡന്റ് 4: 6/7 വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് നേരെയും കയ്യേറ്റം നടന്നു. പിന്നില്‍ നിന്നും ബലമായി എന്നെ പിടിച്ച് വെച്ച് എന്റെ മാറിടത്തില്‍ കയറിപ്പിടിക്കുകയായിരുന്നു ആക്രമി. കുറെ നേരമായി എന്നെ ഫോളോ ചെയ്യുകയായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കി. അയാളെ ഞാന്‍ കായീകമായി നേരിട്ട് അടിച്ചു വീഴിച്ച് നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്‍പ്പിച്ചത് കൊണ്ട് ഞാന്‍ ഇപ്പോള്‍ ഇതെഴുതാന്‍ ഇവിടെ ബാക്കിയുണ്ട്. അന്നൊക്കെ ഞാന്‍ ധരിച്ചിരുന്നത് ചുരിദാര്‍ അല്ലെങ്കില്‍ കുര്‍ത്തി ആയിരുന്നു. അപ്പോള്‍ ചുരിദാറും ആക്രമിയില്‍ വികാരം ജനിപ്പിക്കുന്ന ഒരു വസ്ത്രമാണോ? അപ്പോള്‍ നമ്മുടെ നാട്ടിലെ യഥാര്‍ത്ഥ പ്രശ്‌നം എന്താണ്?

സ്ത്രീകളുടെ വസ്ത്രധാരണമാണോ ഈ നാട്ടില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കാരണം?

1. 7/8 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള എന്നില്‍ നിന്നും ഇന്നത്തെ എന്നിലേക്ക് വളരെയധികം അകലമുണ്ട്. ആ ഞാന്‍ നമ്മുടെ സമൂഹ പൊതുബോധം വരച്ച വട്ടത്തില്‍ ഒതുങ്ങി നിന്ന് ജീവിച്ച ഒരു സാധാരണക്കാരിയായ പെണ്‍കുട്ടി ആയിരുന്നു. ഇന്ന് ഞാന്‍ സമൂഹപൊതുബോധം വരയ്ക്കുന്ന വരകളെ അവഗണിക്കുകയോ ആ വരകള്‍ മായിച്ചു കളയണം എന്നാഗ്രഹിക്കുകയും ചെയ്യുന്ന പെണ്ണാണ്
2.അന്നത്തെ ഞാന്‍ എന്റെ phone നമ്പര്‍ പോലും ആര്‍ക്കും കൊടുക്കാന്‍ മടിക്കുന്ന പെണ്‍കുട്ടി ആയിരുന്നു. ഇന്ന് ഞാന്‍ എന്റെ ഫോണ്‍ നമ്പര്‍ എന്റെ ഫേസ്ബുക് പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കാന്‍ മടിയില്ലാത്ത പെണ്ണാണ്
3. പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഒരു കോള്‍ വന്നാല്‍ അന്നത്തെ ഞാന്‍ സംസാരിക്കാന്‍ കഴിയാതെ പതറുമായിരുന്നു. ഇന്നത്തെ ഞാന്‍ ഏതൊരു തരത്തിലുള്ള phone വിളികളെയും ഡീല്‍ ചെയ്യാനും, മോശമായൊ അപമാനകരമായോ സംസാരിക്കുന്നവനെ നിലക്ക് നിര്‍ത്താന്‍ കഴിവുള്ള പെണ്ണാണ്.
ഈ നാട്ടിലെ എത്ര സ്ത്രീകള്‍ അവരുടെ phone നമ്പര്‍ ഫേസ്ബുക്കില്‍ പരസ്യമായി ഇടാന്‍ ധൈര്യപ്പെടും?
4. ഞരമ്പന്മാരുടെ നേരിട്ടുള്ളതോ അല്ലാത്തതോ ആയ ഉപദ്രവങ്ങളോ ശല്യങ്ങളോ നേരിട്ടപ്പോള്‍ അന്നൊക്കെ ഞാന്‍ ട്രോമയിലൂടെ കടന്നു പോയിട്ടുണ്ട് എങ്കില്‍ ഇന്നത്തെ ഞാന്‍ എന്നെ ശല്യം ചെയ്യാന്‍ വരുന്ന ഞരമ്പന്‍മാര്‍ക്ക് ഒരിക്കലും മറികടക്കാന്‍ കഴിയാത്ത ട്രോമ നല്‍കുന്ന പെണ്ണാണ്.
5. അന്നത്തെ ഞാന്‍ ഷാളൊന്ന് മാറിയാലോ, ബ്രായുടെ വള്ളി പുറത്തു കണ്ടാലോ പരിഭ്രമിച്ചിരുന്നു എങ്കില്‍ ഇന്നത്തെ ഞാന്‍ തുണിയില്ലാതെ നടക്കാനും മടിയില്ലാത്ത പെണ്ണാണ്.
6. ഇന്ന് ഈ സമൂഹത്തിലെ മറ്റേതൊരു പെണ്ണിനേക്കാള്‍ സുരക്ഷിതയാണ് ഈ ഞാന്‍, ആ സുരക്ഷിതത്വം ആരും എനിക്ക് ഒരുക്കി തന്നതല്ല, ഞാന്‍ പൊരുതി നേടിയതാണ് എന്റെ ഈ സുരക്ഷിതത്വം.
7. അന്നത്തെ ഞാന്‍ സന്തോഷവതിയോ അഭിമാനിക്കാന്‍ വകയുള്ളവളോ ആയിരുന്നില്ല, എന്നാല്‍ ഇന്നത്തെ ഞാന്‍ ഈ നാട്ടിലെ ഏത് സ്ത്രീകളെക്കാളും അഭിമാനിയും, സന്തോഷവതിയും ആണ്. അതും ഞാന്‍ എനിക്കായി സ്വയം നേടിയെടുത്തതാണ്.
അപ്പോള്‍ പറഞ്ഞു വരുന്നത് ഈ നാട്ടിലെ ആണുങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഈ നാട്ടിലെ സ്ത്രീകളാണോ? അല്ല ഈ നാട്ടിലെ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഈ നാട്ടിലെ പുരുഷന്മാരാണോ? അതെ എന്തായിരിക്കും അതിനു കാരണം?
1. വികലമായ ലൈംഗീക ധാരണകള്‍
2. ലൈംഗീകതയെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഇല്ലാത്തത്
3. പെണ്ണിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത അവസ്ഥ
4. ഒരു പെണ്ണിനെ എങ്ങനെ അപ്രോച് ചെയ്യണം എന്ന അറിവില്ലാത്തത്
5. പെണ്ണ് ആണിന്റെ കാമവെറി തീര്‍ക്കാന്‍ മാത്രമുള്ള വെറും ശരീരങ്ങള്‍ മാത്രം ആണെന്ന ധാരണ
6. മേന്മ കൂടിയ പ്രത്യേക സംഭവമാണ് ആണുങ്ങള്‍ എന്ന പൊതുബോധം.
7. പെണ്ണ് പുരുഷന്റെ അടിമയാണ് എന്ന പൊതു ധാരണ
എങ്ങനെ ഈ ചിന്താ ധാരയില്‍ നിന്നും നമ്മുടെ ആണുങ്ങളെ മാറ്റിയെടുക്കാന്‍ കഴിയും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
എനിക്ക് തോന്നിയത്
1. കൃത്യമായ ലൈംഗീക വിദ്യാഭ്യാസം നല്‍കുക
2. ഇക്വാളിറ്റി എന്നത് ചെറുപ്പം മുതല്‍ ശീലിപ്പിക്കുക
3. എല്ലാ മനുഷ്യ ശരീരങ്ങളിലും ഒരു മനസ്സുണ്ട് എന്നും, ആ മനസിന് സന്തോഷങ്ങളും സങ്കടങ്ങളും വേദനകളും വികാരങ്ങളും താല്പര്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട് എന്നും അവയെ മാനിക്കാനും ശീലിപ്പിക്കുക.
4. ആണിന് പ്രത്യേക പരിഗണയും പെണ്ണിന് പെണ്ണായതു കൊണ്ടുള്ള അവഗണനയും നല്‍കുന്ന പൊതു ശീലം അവസാനിപ്പിക്കുക
5. ആണിനും പെണ്ണിനും ഇടകലര്‍ന്നു വളരാനുള്ള അവസരം നല്‍കുക, ആണിനും പെണ്ണിനും ഇടക്കുള്ള ആ അദൃശ്യ മതില്‍ എടുത്തു കളയുക
6. ആണും പെണ്ണും മാത്രമല്ല നിരവധി വിഭാഗങ്ങളില്‍ ഉള്ള മനുഷ്യര്‍ വിവിധ ലൈംഗീക താല്പര്യങ്ങളോടെ ഈ നാട്ടില്‍ ജീവിക്കുന്നുണ്ട് എന്നും എല്ലാ സവിശേഷ സ്വഭാവങ്ങളുമുള്ള ജീവികള്‍ ആയ നമ്മളും എല്ലാവരും കൂടുന്ന മനുഷ്യരെന്ന ജീവികള്‍ മാത്രമാണ് നമ്മളൊക്കെ എന്നും പൊതു ധാരണയെ തിരുത്തി എഴുതുക..
ഇനി നിങ്ങള്‍ പറയൂ, മാറേണ്ടത് ഈ നാട്ടിലെ ഞാനടക്കമുള്ള സ്ത്രീകളോ, അതോ തെറ്റായ പൊതു ബോധമോ? ഇനി നിങ്ങള്‍ പറയൂ മാറേണ്ടത് ഞാനോ നിങ്ങളോ? Note : നീണ്ട ചര്‍ച്ചകള്‍ക്ക് അവസാനം ആ സുഹൃത്തിന്റെ ധാരണകള്‍ തെറ്റെന്ന് അവള്‍ തന്നെ എന്നോട് പറഞ്ഞ നിമിഷമുണ്ടല്ലോ, ആ നിമിഷം തോന്നിയ അഭിമാന ബോധം ചെറുതല്ല..