വികാരിയച്ചന്റെ വികാരപ്രകടനം, ആ വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരമാണ് ബന്ധത്തിലേര്‍പ്പെട്ടത്, ജോമോള്‍ ജോസഫ് പറയുന്നു

മോഡല്‍ ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. മഠത്തിലെ കിണറുകള്‍ ആത്മഹത്യാ കിണറുകളാകുന്നതും വികാരിയച്ചന്റെ വികാരപ്രകടനവും എന്ന തലക്കെട്ടോടെയാണ് ജോമോളുടെ പുതിയ കുറിപ്പ്. കഴിഞ്ഞ ദിവസം മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ വിവരും വീട്ടമ്മയുമായി കിടക്ക പങ്കിട്ട വികാരിയുടെയും വിവരങ്ങള്‍ പങ്കുവെച്ചാണ് ജോമോള്‍ തന്നെ അഭിപ്രായങ്ങള്‍ പറഞ്ഞിരിക്കുന്നത്.

യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് മറിയത്തിന്റെ കന്യകാത്വ വിഷയവുമായി ബന്ധപ്പെട്ട കേസിലായിരുന്നില്ല എന്നത് അംഗീകരിച്ച് ഇടപെടാനുള്ള മിനിമം മര്യാദ കത്തോലിക്ക സഭ പ്രകടിപ്പിക്കണം. ലൈംഗീക ദാരിദ്രത്തിന്റെ കടുത്ത വീര്‍പ്പുമുട്ടലുകളില്‍ നിന്നും, അതിനോടനുബന്ധിച്ച ക്രൈമുകളില്‍ നിന്നും പള്ളിമേടകളും മഠങ്ങളും മുക്തമാകട്ടെ.- ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മഠത്തിലെ കിണറുകള്‍ ആത്മഹത്യാ കിണറുകളാകുന്നതും വികാരിയച്ചന്റെ വികാരപ്രകടനവും..

മഠങ്ങളെ സംബന്ധിച്ചും, മഠങ്ങളിലേക്ക് എത്തിപ്പെടുന്നവര്‍ പല ഇടയന്‍മാരുടേയും ഇരകളായി തീരുന്നത് സംബന്ധിച്ചും ഇതിന് മുമ്പ് പല തവണ ഞാനെഴുതിയിട്ടുണ്ട്. സംശയകരമായ പലതും ആ കുട്ടിയുടെ മരണത്തിലുണ്ടായിട്ടും, സഭാ അധികാരികള്‍ പറയുന്നത് വിശ്വാസമാണ് എന്നും സഭയുടെ അന്വേഷണം തൃപ്തികരമാണ് എന്നും ജീവന്‍ പൊലിഞ്ഞ കുട്ടിയുടെ അമ്മ പറയുമ്പോള്‍, സ്റ്റേറ്റ് സ്വയം കേസെടുത്ത് അന്വേഷണം നടത്തിയേ മതിയാകൂ. കേരളത്തില്‍ ധാരാളം മഠങ്ങളും അതില്‍ മിക്കതിനും സ്വന്തം കിണറുകളും ഉള്ളതുകൊണ്ട് ഇതൊരു സാമൂഹ്യ വിഷയം തന്നെയാണ്..

ഇതില്‍ കൂടുതലെഴുതാത്തത് മരണത്തെ കുറിച്ച് എഴുതുക അത്ര സുഖകരമല്ലാത്ത കാര്യമായതുകൊണ്ട് തന്നെയാണ്. ഞാനും ആ കുട്ടിയുടെ ശരീരം കിണറില്‍ നിന്നെടുക്കുന്ന വീഡിയോ കണ്ടിരുന്നു കഴിഞ്ഞ ദിവസം. മഠങ്ങളിലേക്ക് പെണ്‍കുട്ടികളെ പറഞ്ഞയക്കുന്നവര്‍ ഒന്നു ചിന്തിക്കുക, റോബിന്‍മാരും ഫ്രാങ്കോമാരും ധാരാളമുള്ളതാണ് സഭ, കിണറുകളില്ലാത്ത മഠങ്ങള്‍ കുറവാണ് താനും, സിസ്റ്റര്‍ അഭയമുതലിങ്ങോട്ട് അത്തരം കിണറുകള്‍ സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നത് നമ്മള്‍ കണ്ടുവരുന്നതാണ്.

വികാരിയച്ചന്റെ വികാരപ്രകടനം പല രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടത് കണ്ടു. ഞാന്‍ വേറൊരു തരത്തിലാണ് ആ വാര്‍ത്തയെ സമീപിക്കുന്നത്.

ആ വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരമാണ് ലൈംഗീകബന്ധത്തിലേര്‍പ്പെട്ടത്. അത് ആ രണ്ടു വ്യക്തികളുടെ മാത്രം വിഷയമാണ്, അവരുടെ സ്വകാര്യതയും. അവരുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നന്നാക്കാനായി കൊടുത്തപ്പോള്‍, ആ വ്യക്തി ആ ഫോണിലെ വിവരങ്ങള്‍ തിരഞ്ഞതും, അവ പകര്‍ത്തി നാട്ടില്‍ മുഴുവനും പ്രചരിപ്പിച്ചതും ക്രിമിനല്‍ കുറ്റമാണ്. ഈ വിഷയത്തില്‍ വീട്ടമ്മയോ പുരോഹിതനോ കേസ് കൊടുക്കുകയോ, പോലിസ് സ്വമേധയാ കേസെടുക്കയോ വേണം. നാട്ടില്‍ അസ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി മനസ്സിലായാല്‍ കേസെടുക്കാനുള്ള വകുപ്പ് നിയമപരമായി പോലീസിനുണ്ട്. പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യിക്കുന്ന ആര്‍ജ്ജവം ഇവിടെയും കാണിക്കാം.

എനിക്ക് കത്തോലിക്കാ സഭയോട് പറയാനുള്ളത്..

പണ്ട് കൊച്ചി രൂപതയിലെ മെത്രാനായിരുന്ന ജോണ്‍ തട്ടുങ്കല്‍ അടക്കം സമാനമായ ആക്ഷേപത്തില്‍ സഭാവസ്ത്രമൂരി തടി കയ്ച്ചിലാക്കിയതാണ്. ഒരു തട്ടുങ്കല്‍ പിതാവ് മാത്രമല്ല, നിരവധി പുരോഹിതര്‍ ലൈംഗീകാപവാദത്തിന് വിധേയരാകുകയോ, സഭാവസ്ത്രമൂരി ഇന്ന് ഗാര്‍ഹീക ജീവിതം നയിക്കുകയോ ചെയ്യുന്നുണ്ട്. മിക്ക പുരോഹിതരുടേയും ലൈംഗീക ദാരിദ്ര്യത്തിനോ, ലൈംഗീക ചൂഷണത്തിനോ ഇരയാകുന്നവരാണ് കന്യാസ്ത്രീകള്‍. പലപ്പോഴും സഭയിലെ അല്‍മായരുമായും പുരോഹിതര്‍ക്ക് ലൈംഗീകബന്ധം ഉണ്ടാകുന്നു. ഇത് സഭ കാര്യമായി പരിഗണിക്കണം.

ഇവിടെ സഭാനിയമം പരിഷ്‌കരിക്കാന്‍ സഭ തയ്യാറാകണം. പുരോഹിതരും സിസ്റ്റര്‍മാരും അവര്‍ക്ക് താല്‍പര്യമുള്ളവരെ വിവാഹം കഴിക്കട്ടെ, വിവാഹം കഴിച്ചതുകൊണ്ട് അവര്‍ക്ക് പൌരോഹിത്യമോ സന്യാസമോ നിഷേധിക്കരുത്. അല്ലേലും പ്രസവിച്ച ശേഷവും മറിയം കന്യകയായിരുന്നു എന്ന് പഠിപ്പിക്കുന്നതൊക്കെ ഇന്നത്തെ യുഗത്തില്‍ വലിയ പിന്തിരിപ്പന്‍ സമീപനമാണ് എന്നത് സഭ തിരിച്ചറിയണം. ഒരു സ്ത്രീ കന്യകയായിരിക്കുന്നതുകൊണ്ടോ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടതുകൊണ്ടോ വലിയ കാര്യമുണ്ടെന്നോ, അത് വലിയ സംഭവമാണെന്നോ ഉള്ള ധാരണയില്‍ കഴിയുന്ന സഭ ഏത് നൂറ്റാണ്ടിലെ പഠനത്തിലാണ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതെന്നും ആ നൂറ്റാണ്ടുകള്‍ പിന്നിട്ട് പല നൂറ്റാണ്ടുകളിലൂടെയാണ് ഇന്നത്തെ നൂറ്റാണ്ടില്‍ മനുഷ്യരെത്തി നില്‍ക്കുന്നത് എന്നതും സഭ കണ്ണുകള്‍ തറന്ന് കാണണം.

വിശപ്പ്, ദാഹം, വിസര്‍ജ്ജനം നടത്തല്‍ എന്നീ ശാരീരിക പ്രവര്‍ത്തനങ്ങള്‍ പോലെ മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക ആവശ്യമോ പ്രവര്‍ത്തനമോ ആണ് ലൈംഗീകത എന്നുമുള്ള പഠനം സഭ ഉള്‍ക്കൊള്ളണം. അതോടൊപ്പം ലൈംഗീകത പാപമെന്ന ചിന്തയും സഭ തിരുത്തണം. ലൈംഗീകത മനുഷ്യന്റെ ആവശ്യമാണ് എന്ന പഠനത്തിലേക്ക് സഭ വരാന്‍ തയ്യാറാകണം. കൂടാതെ അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന പത്തുകല്‍പ്പനകളിലൊന്ന് രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ് എന്നതും സഭ മനസ്സിലാക്കി ആ കല്‍പന കൂടെ അസാധുവാക്കണം. പകരം പരസ്പര സമ്മതം (കണ്‍സെന്റ്) എന്ന ചെറിയ വാക്കിന് ലൈംഗീകയില്‍ വലിയ സ്ഥാനമുണ്ട് എന്ന് സഭാ മക്കളെയും, പുരോഹിതരെയും കന്യാസ്ത്രീകളെയും പഠിപ്പിക്കാന്‍ സഭ തയ്യാറാകണം.

യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് മറിയത്തിന്റെ കന്യകാത്വ വിഷയവുമായി ബന്ധപ്പെട്ട കേസിലായിരുന്നില്ല എന്നത് അംഗീകരിച്ച് ഇടപെടാനുള്ള മിനിമം മര്യാദ സഭ പ്രകടിപ്പിക്കണം. ലൈംഗീക ദാരിദ്രത്തിന്റെ കടുത്ത വീര്‍പ്പുമുട്ടലുകളില്‍ നിന്നും, അതിനോടനുബന്ധിച്ച ക്രൈമുകളില്‍ നിന്നും പള്ളിമേടകളും മഠങ്ങളും മുക്തമാകട്ടെ.

https://www.facebook.com/photo.php?fbid=2694993100824775&set=a.1492155887775175&type=3&theater