വിവരം കൂടിയവരാണ്, പ്രബുദ്ധരാണ് എന്നൊക്കെ മേനി പറയുമ്പോഴും, മലയാളികള്‍ക്ക് സ്വതസിദ്ധമായ അത്യാഗ്രഹം കൂടെപ്പിറപ്പാണ്

കഴിഞ്ഞ ദിവസമാണ് പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തത്. നിരവധി ഉന്നതരുമായി മോന്‍സന്റെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തെത്തിയിരുന്നു. ഇപ്പോള്‍ മലയാളികളുടെ അത്യാഗ്രഹമാണ് ഇത്തരം തട്ടിപ്പുകാരുടെ വളര്‍ച്ച എന്ന് പറയുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോമോള്‍ ഇക്കാര്യം പറഞ്ഞത്. മലയാളികള്‍ വിവരം കൂടിയവരാണ്, പ്രബുദ്ധരാണ്, സാക്ഷരതാ നിലവാരം കൂടിയ സമൂഹമാണ്, വേറെന്തൊക്കെയോ ആണെന്നൊക്കെ മലയാളികളായ നമ്മള്‍ മേനി പറയുമ്പോളും, മലയാളികള്‍ക്ക് സ്വതസിദ്ധമായ അത്യാഗ്രഹം കൂടെപ്പിറപ്പാണ്. ആ അത്യാഗ്രഹത്തിന്റെ ഭാഗമാണ് ശരീരമനങ്ങാതെ ലക്ഷങ്ങളും കോടികളും കയ്യില്‍ കിട്ടണം എന്ന ദുരാഗ്രഹവും..- ജോമോള്‍ കുറിച്ചു.

ജോമോളുടെ വാക്കുകള്‍ ഇങ്ങനെ, മോന്‍സനില്‍ തുടങ്ങി മോന്‍സനില്‍ അവസാനിക്കുന്നതല്ല ഇത്തരം തട്ടിപ്പുകളൊന്നും.. മലയാളികള്‍ വിവരം കൂടിയവരാണ്, പ്രബുദ്ധരാണ്, സാക്ഷരതാ നിലവാരം കൂടിയ സമൂഹമാണ്, വേറെന്തൊക്കെയോ ആണെന്നൊക്കെ മലയാളികളായ നമ്മള്‍ മേനി പറയുമ്പോളും, മലയാളികള്‍ക്ക് സ്വതസിദ്ധമായ അത്യാഗ്രഹം കൂടെപ്പിറപ്പാണ്. ആ അത്യാഗ്രഹത്തിന്റെ ഭാഗമാണ് ശരീരമനങ്ങാതെ ലക്ഷങ്ങളും കോടികളും കയ്യില്‍ കിട്ടണം എന്ന ദുരാഗ്രഹവും.. നടത്തുന്ന നിക്ഷേപത്തിന്റെയോ, മുതല്‍ മുടക്കിന്റെയോ, അധ്വാനത്തിന്റെയോ ആനുപാതികമായ റിട്ടേണ്‍ മാത്രമാണ് ഏതൊരു ബിസിനസ്സിലും ജോലിയിലും നിന്നും തിരികെ ലഭിക്കുക എന്നത് എത്തിക്കല്‍ ബിസിനസിന്റെ ബാലാപഠമാണ്. ആനുപാതികമായ ആ റിട്ടേണിന് ഒരു വ്യവസ്ഥാപിതമായ രീതിയും നിലവാരവും ഈ ലോകത്തില്‍ ഉണ്ട്.

നമ്മുടെ കയ്യില്‍ ലിക്വിഡ് ക്യാഷ് കൂടുതലായി ഉണ്ട് എങ്കില്‍ സാധാരണ ഗതിയില്‍ ബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിക്കും. അതിന് പ്രതിവര്‍ഷം എഴോ എട്ടോ ശതമാനം ലാഭവിഹിതമായി നമുക്ക് ലഭിക്കും. ഈ റിട്ടേണ്‍ ഗ്വാരന്റിയാണ് താനും. ഇതിലും കൂടിയ റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ മുച്വല്‍ ഫണ്ടിലൊ, ഇക്വിറ്റി ബോണ്ടിലൊ ഒക്കെ നിക്ഷേപിക്കും. ഇതില്‍ നിന്നൊക്കെ കൂടിയ റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുണ്ട്, അതോടൊപ്പം തന്നെ നഷ്ട്ട സാധ്യതയും കൂടുതലാണ്. ഇനിയും ചിലര്‍ നേരിട്ട് ഷെയര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമായ ഓഹരികളില്‍ നിക്ഷേപിക്കുന്ന രീതിയും ഉണ്ട്. ഷെയര്‍ മാര്‍ക്കറ്റ് വ്യാപാരം കൂടുതല്‍ വരുമാനം നമുക്ക് നല്‍കാം എന്നതുപോലെ തന്നെയാണ്, ചിലപ്പോള്‍ മുടക്കുമുതല്‍ മുഴുവനായും നഷ്ടപ്പെടാനുള്ള സാധ്യതയും. എങ്കിലും ഇതെല്ലാം നമ്മുടെ സമൂഹത്തില്‍ നിയമപരമായി അംഗീകാരമുളള നിക്ഷേപങ്ങള്‍ തന്നെയാണ്.

കുറച്ചുകാലമായി നമ്മുടെ നാട്ടില്‍ നടക്കുന്ന, ലക്ഷക്കണക്കിന് ആളുകളെ പറ്റിക്കുന്ന ബിസിനസ് ആണ് മണിചെയിന്‍ ഇടപാടുകള്‍. കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിലെ ഒരു സുഹൃത്ത് വീട്ടില്‍ വന്നു, അയാള്‍ MTC മാര്‍ക്കെറ്റിങ്ങില്‍ പണം മുടക്കി. ഒരു ലക്ഷത്തി പതിമൂവായിരം രൂപ വീതം രണ്ടു തവണയായി നിക്ഷേപിച്ചാല്‍ പ്രതിമാസം മുപ്പത്തിഅയ്യായിരംരൂപ ലാഭവിഹിതമായി തിരികെ ലഭിക്കും എന്ന വാഗ്ദാനത്തില്‍ വീണ് അദ്ദേഹം രണ്ടു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ പണമായി നല്‍കി. നാല് തവണയായി ഒരു ലക്ഷം രൂപ റിട്ടേണ്‍ ആയി അദ്ദേഹത്തിന് പനമായി നല്‍കി, പിന്നെ കഴിഞ്ഞ പതിനാല് മാസമായി കമ്പനിയുടെ അഡ്രസ്സ് ഇല്ല. പണം വരും വരും എന്ന് ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയ ആള്‍ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. അയാളുടെ മുന്നില്‍ വെച്ച് തന്നെ ഞങ്ങള്‍ അയാളെ വിളിച്ചപ്പോള്‍ അയാള്‍ എല്ലാം അംഗീകരിച്ചു കൊണ്ട് ചോദിക്കുന്നു ‘ പണം വാങ്ങിയതിനോ കൊടുത്തതിനോ യാതൊരു തെളിവും ഇല്ലല്ലോ, പിന്നെങ്ങനെ നിങ്ങള്‍ കേസ് കൊടുക്കും’ എന്ന്.. ഫലത്തില്‍ നാട്ടുകാരനായ വ്യക്തിയുടെ പണം പോയിക്കിട്ടി, അയാളുടെ മാത്രമല്ല നിരവധി പേരുടെ പണം പോയിട്ടുണ്ട്. അവരെല്ലാവരും തന്നെ സാധാരണക്കാരില്‍ സാധാരണക്കാര്‍.

മറ്റൊരു സംഭവം കൂടെ പറയാം.. ഞങ്ങളുടെ നാട്ടിലെ ഒരു ഡ്രൈവര്‍ക്ക് പതിനായിരം രൂപ ലോട്ടറി അടിച്ചു. അയാള്‍ വലിയ സന്തോഷത്തിലാണ്. ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍, ദിവസവും നാനൂറും അഞ്ഞൂറും രൂപക്ക് ലോട്ടറി എടുക്കുന്ന ഒരു വ്യക്തിയാണ് അയാള്‍ എന്ന് മനസ്സിലായി. ദിവസവും നാനൂറോ അഞ്ഞൂറോ രൂപ എന്നാല്‍ ഓരോ മാസവും കുറഞ്ഞത് പതിനായിരം രൂപ ആ പണം സഹകരണ ബാങ്കിലെ ചിട്ടിയില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ അദ്ദേഹത്തിന് പതുലക്ഷം രൂപയുടെ ചിട്ടിക്ക് ചേരുകയും, ചിട്ടി വട്ടമെത്തുമ്പോള്‍ ആ പണം കുടുംബത്തിലേക്ക് സ്വരുക്കൂട്ടുകയും ചെയ്യാമായിരുന്നു ആ പാവം മനുഷ്യന്. ലോട്ടറിയില്‍ ഇത്രയും ഭീമമായ പണം മുടക്കുന്നതും അത്യാഗ്രഹം ഒന്നുകൊണ്ടുമാത്രം. പെട്ടന്ന് പാണക്കാരനാകാനുള്ള ആഗ്രഹത്തെ അത്യാഗ്രഹം എന്നല്ലാതെ എന്ത് പറയാന്‍?

ഇത്തരം തട്ടിപ്പുകള്‍ നിരവധിയുണ്ട്. ഇതില്‍ നിന്നുമൊക്കെ വിഭിന്നമാണ് നിധികളുടെയോ പുരാവസ്തുക്കളുടെയോ, നിയമപരമായി കച്ചവടം നോരോധിക്കപ്പെട്ടിട്ടുള്ള സംരക്ഷിത ഇനത്തില്‍ പെട്ട ജീവികളുടെയോ പേരില്‍ നടക്കുന്ന തട്ടിപ്പുകളും. ആട്, മാഞ്ചിയം തട്ടിപ്പുകള്‍ നടന്നിട്ട് അധിക കാലം ആയിട്ടില്ല, എന്നാല്‍ വെള്ളിമൂങ്ങ, ഇരുതലമൂരി തട്ടിപ്പുകള്‍ ഇപ്പോളും നമ്മുടെ സമൂഹത്തില്‍ സുലഭമായി നടക്കുന്നുണ്ട്. കള്ളക്കടത്താണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇത്തരം ഇടപാടുകള്‍ക്ക് പണം മുടക്കുന്നതുകൊണ്ട് തന്നെ, പറ്റിക്കപ്പെട്ടാല്‍ തങ്ങളെ പറ്റിച്ചവര്‍ക്കെതിരെ നിയമപരമായി നീങ്ങാനോ, പോയ പണം തിരികെ പിടിക്കാനോ കഴിയില്ല എന്നതാണ് ഇത്തരം ഇല്ലീഗല്‍ ഇടപാടുകളില്‍ പോയി പെടുന്നവരുടെ കാര്യവും. പണം നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതായി കണക്കാക്കി മിണ്ടാതിരിക്കാം എന്ന് മാത്രം.

ഇത്തരം ചതികളും, തട്ടിപ്പുകളും ഒക്കെ നിര്‍ബാധം നടക്കുകയും, ഇതില്‍ ചിലതെല്ലാം പിടിക്കപ്പെടുകയോ ചെയ്യുന്നു, എങ്കിലും പിന്നേയും നമ്മള്‍ പോയി ഇത്തരം ചതികളില്‍ ചാടും.
ഇതിന് കാരണം നമ്മുടെ അത്യാര്‍ത്തിയാണ്. പണത്തോടോ സമ്പത്തിനോടോ, സ്വത്തിനോടോ ഒക്കെയുള്ള അത്യാര്‍ത്തി തന്നെയാണ് ഇത്തരം ചതികളിലേക്ക് നമ്മളെ കൊണ്ടുചെന്ന് എത്തിക്കുന്നത്. ആയിരങ്ങള്‍ കയ്യിലുള്ളപ്പോള്‍ അത് ലക്ഷങ്ങള്‍ ആക്കണം എന്നും, ലക്ഷങ്ങള്‍ കയ്യിലുള്ളവര്‍ക്ക് അത് കോടികള്‍ ആക്കണം എന്നോ ഒക്കെയുള്ള അത്യാഗ്രഹം. ഇത് ആഗ്രഹം ആണ് എങ്കില്‍ സമയമെടുത്ത് നന്നായി കഷ്ടപ്പെട്ടാല്‍ മാത്രമേ ഇങ്ങനെ പണം സാമ്പാദിക്കാന്‍ കഴിയൂ, വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇങ്ങനെ പാണക്കാരന്‍ ആകണം എങ്കില്‍ അത് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ മാത്രമേ സാധിക്കൂ. അവിടെ തട്ടിപ്പിനോ പറ്റിക്കപ്പെടാനോ ഒക്കെയുള്ള സാധ്യതകളും കൂടുതലാണ്.

അയ്യായിരം രൂപ മുതല്‍ മുടക്കി കടല കച്ചവടം ചെയ്യുന്നതിനേക്കാള്‍, ആ പണത്തിന് മീന്‍ കച്ചവടം നടത്തിയാല്‍ ലാഭസാധ്യത കൂടുതല്‍ ആണ്. അതിലും ലാഭം ആ പണമുപയോഗിച്ച് കഞ്ചാവ് കച്ചവടം ചെയ്താല്‍ കിട്ടും. എന്നാല്‍ കഞ്ചാവ് ഉപയോഗിക്കുന്നതോ വില്‍പ്പന നടത്തുന്നതോ നിയമപരമായി കുറ്റകരമായ സംഗതി ആണ് എന്ന് എല്ലാവര്‍ക്കും അറിയാം, എന്നിട്ടും കഞ്ചാവ് കച്ചവടം നടത്തുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട് എന്നത് തന്നെ ആളുകള്‍ക്ക് പണത്തോടുള്ള ആര്‍ത്തിയുടെ നേരിട്ടുള്ള ദൃഷ്ടാന്തം തന്നെ. മലയാളികളുടെ മനസ്സുകളില്‍ എങ്ങനെയും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പണം സാമ്പാദിക്കണം, ലക്ഷപ്രഭുവോ കോടീശ്വരനോ ആകണം എന്ന ആഗ്രഹം ഉള്ളിടത്തോളം കാലം ആട് മാഞ്ചിയം ഇടപാടുകള്‍ മറ്റു പല പേരുകളിലും രൂപങ്ങളിലും നമ്മുടെ മുന്നിലേക്ക് നമ്മുടെ മുന്നിലേക്ക് വരികയും, നമ്മള്‍ പോയി തല വെച്ച് കൊടുക്കുകയും ചെയ്യും. അതുപോലെ തന്നെ ഇനിയുമിനിയും മോന്‍സന്‍മാര്‍ പല പേരുകളിലും രൂപങ്ങളിലും വന്നുകൊണ്ടേയിരിക്കും. നമ്മളില്‍ പലരും പോയി നൈസായി തലവെച്ചു കൊടുക്കുകയും, നമ്മള്‍ പറ്റിക്കപ്പെടുകയോ, തട്ടിപ്പിന് ഇരയാകുകയോ ചെയ്തുകൊണ്ടുമിരിക്കും.

പുതിയ വീഞ്ഞ് പഴയ കുപ്പിയില്‍ വെച്ചാലോ, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വെച്ചാലോ കഥക്ക് യാതൊരു മാറ്റവും സംഭവിക്കില്ല, കാരണം മലയാളികള്‍ പൊളിയാണ് ? ചെറിയ ചെറിയ വരുമാനങ്ങളില്‍ നിന്നും മിച്ചം പിടിച്ച്, അത് സാമ്പാദ്യമാക്കി മാറ്റി സമയമെടുത്തും അദ്ധ്വാനിച്ചും നേടുന്നതെന്തും നിലനില്‍ക്കും, അതിനൊക്കെ നേരിന്റെയും നെറിയുടെയും മഹിമ പറയാനും കഴിയും. അതിനെക്കുറിച്ച് അഭിമാനിക്കാനും വകയുണ്ടാകും.. നബി : മോന്‍സണ്‍ പറ്റിച്ചത് എലീറ്റ് ക്ലാസ്സിനെ ആണ്, സാധാരണക്കാരില്‍ സാധാരണക്കാരെ പറ്റിക്കുന്ന മണി ചെയിന്‍ നമുക്കിടയില്‍ ധാരാളം ഉണ്ട്, അതൊക്കെ എത്രയും വേഗം കണ്ടെത്തിയില്ലേല്‍ ഇനിയും നിരവധി ആളുകളുടെ പണം പോകും..