പുരുഷനു പെണ്ണിനേ കിട്ടാൻ പ്രയാസം, സ്ത്രീകളുടെ എണ്ണം കുറയുന്നതിന്റെ തിരിച്ചടികൾ തുടങ്ങി

35ഉം 40 ആയിട്ടും പുരുഷന്മാർക്ക് പെണ്ണു കിട്ടുന്നില്ല. പെണ്ണ്‌ വേണ്ടാഞ്ഞിട്ടോ, വിവാഹം താല്പര്യം ഇല്ലാഞ്ഞിട്ടോ അല്ല. പെണ്ണുങ്ങളേ കിട്ടാത്തതാണ്‌ വിഷയം. കേരളം നേരിടുന്ന ഗുരുതരമായ വിഷയമാണ്‌ ഇപ്പോൾ പുരുഷ സമൂഹം അഭിമുഖീകരിക്കുന്നത്. അതിന്റെ ആശങ്കയുടെ ആഴം ആ അവസ്ഥയിലുള്ള അനേകായിരം പുരുഷന്മാർക്ക് മാത്രമേ അറിയൂ. സമൂഹത്തിൽ കുടുംബം എന്ന സ്റ്റാറ്റസ്, ദമ്പതികൾ എന്ന സ്റ്റാറ്റസ് ഇതെല്ലാം സാധിക്കാതെ വരുമ്പോൾ എത്രയോ യുവാക്കളിലാണ്‌ മാനസീക അസ്വാസ്ഥ്യം തന്നെ ഉണ്ടാകുന്നത്.

ഇതിനെല്ലാം കാരണം കൃത്യമായുണ്ട്. നമ്മുടെ പ്ളാനിങ്ങും ജനിക്കുന്ന കുഞ്ഞിനെ കുറിച്ചുള്ള ലിംഗപരമായ വേർതിരിവുകളും ഉണ്ടാക്കിയതാണിതെല്ലാം. കഴിഞ്ഞ കാലത്തേ തെറ്റുകളുടെ ഫലം ഇപ്പോൾ പുരുഷ സമൂഹം അനുഭവിക്കുന്നു. ഇത് ചൂണ്ടിക്കാട്ടുകയാണ്‌ മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ്. മലയാളി സമൂഹം വലിയ സാംസ്‌കാരിക പാരമ്പര്യമുള്ളവരെന്നും, അഭ്യസ്ഥ വിദ്യരെന്നും ഊറ്റം കൊള്ളുമ്പോള്‍ തന്നെ, അബദ്ധ ജഡിലമായ ഇത്തരം പല കോപ്രായങ്ങളും സാമൂഹ്യജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരും കൂടെയാണ് എന്ന യാധാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാകൂ എന്ന് ജോമോള്‍ ജോസഫ് പറയുന്നു.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മലയാളികള്‍ക്ക് ഒരു സംസ്‌കാരവും, വലിയ സാംസ്‌കാരിക പാരമ്പര്യമുണ്ട്. ( എന്റെ പല പോസ്റ്റുകളിലും വന്ന് ചില മാന്യന്‍മാര്‍ ആവര്‍ത്തിക്കുന്ന കമന്റാണിത്) അതിലൊന്നാണ് മക്കള്‍ ജനിക്കുമ്പോള്‍ പെണ്‍കുഞ്ഞാണ് എങ്കില്‍ സങ്കടപ്പെട്ടിരുന്ന ഒരു തലമുറ. ആ തലമുറ അധികം ദൂരത്തിലല്ല, തൊട്ടുമുമ്പുള്ള തലമുറ തന്നെയാണത്.. ഭ്രൂണത്തിന്റെ ലിംഗനിര്‍ണ്ണയം നടത്തി, പെണ്‍ ഭ്രൂണമെങ്കില്‍ കൊന്നുകളഞ്ഞൊരു സാംസ്‌കാരിക പാരമ്പര്യം നമുക്കുണ്ടായിരുന്നു. അതിന് കാരണം വലിയൊരു സോഷ്യല്‍ കണ്ടീഷനിങ് തന്നെയെന്ന് സമ്മതിക്കാതെ തരമില്ല.

പെണ്‍കുഞ്ഞ് ജനിച്ചാല്‍ അവളൊരു വലിയ ബാധ്യതയായി കണ്ടിരുന്ന മുന്‍തലമുറ, ജനിക്കുന്നത് ആണ്‍കുഞ്ഞാകണമെന്ന് അതിയായി ആഗ്രഹിക്കുകയും, അതില്‍ പലരും ഗര്‍ഭാവസ്ഥയില്‍ ലിംഗനിര്‍ണ്ണയം നടത്തി, പെണ്‍കുഞ്ഞെങ്കില്‍ ആ ഗര്‍ഭം അലസിപ്പിക്കുകയും, ആണ്‍കുഞ്ഞെങ്കില്‍ ആ കുഞ്ഞിനെ പ്രസവിക്കാന്‍ തയ്യാറാകുകയും ചെയ്തുപോന്നു. അങ്ങനെ പെണ്‍ ഭ്രൂണങ്ങളുടെ ശവപ്പറമ്പായി നാട് മാറിയപ്പോളാണ് ആരോഗ്യ സംഘടനകളും, എന്‍ജിഓകളും ഇതൊരു സാമൂഹ്യ വിഷയമാക്കി ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരികയും, സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുകയും, ഭ്രൂണത്തിന്റെ ലിംഗനിര്‍ണ്ണയം തെറ്റെന്നും, നിയമപരമായ കുറ്റകൃത്യമെന്നും ഈ നാട്ടില്‍ നിയമമുണ്ടാക്കുകയും ചെയ്ത്.

ഇത്തരമൊരു സോഷ്യല്‍ കണ്ടീഷനിങ്ങിന്റെ ദോഷവശം നമ്മുടെ കണ്ണുകള്‍ക്ക് മുന്നിലുണ്ട്, ഈ വര്‍ത്തമാന കാലഘട്ടത്തില്‍. ഇതിന്റെ ഫലമായി സ്ത്രീ പുരുഷ അനുപാതം തീരെ കുറയുകയും, സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ ഈ സമൂഹത്തില്‍ പെരുകുകയും ചെയ്തു. നമ്മുടെ പരിസരങ്ങളില്‍ ഒന്ന് കണ്ണോടിച്ചാല്‍, നാല്പത് കടക്കുകയോ, മുപ്പത്തഞ്ച് കഴിഞ്ഞ് നാല്പതുകളിലേക്ക് കടക്കുന്ന എത്രയോ പുരുഷന്‍മാന്‍ വിവാഹിതരാകാതെ, ജീവിത പങ്കാളിയില്ലാതെ നാട്ടില്‍ നിലനില്‍ക്കുന്നത് നമുക്ക് കാണാനാകും. ഇവര്‍ക്ക് വിവാഹം കഴിക്കാനോ, കുടുംബജീവിതം നയിക്കാനോ താല്‍പര്യമില്ലാഞ്ഞിട്ടല്ല, മറിച്ച് അവരുടെ പ്രായത്തിന് യോജിച്ചതെന്ന് അവര്‍ കരുതുന്ന പ്രായത്തിലുള്ള പെണ്ണുങ്ങളെ കിട്ടാനില്ലാത്തതാണ് വിഷയം. അവരേക്കാള്‍ പത്തും പതിനഞ്ചും വയസ്സിനിളയ പെണ്‍കുട്ടികള്‍ ഉണ്ട്, എന്നാല്‍ ആ കുട്ടികള്‍ പ്രായത്തില്‍ വലിയ വ്യത്യാസമുള്ള പുരുഷന്‍മാരെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മലയാളി സമൂഹം വലിയ സാംസ്‌കാരിക പാരമ്പര്യമുള്ളവരെന്നും, അഭ്യസ്ഥ വിദ്യരെന്നും ഊറ്റം കൊള്ളുമ്പോള്‍ തന്നെ, അബദ്ധ ജഡിലമായ ഇത്തരം പല കോപ്രായങ്ങളും സാമൂഹ്യജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരും കൂടെയാണ് എന്ന യാധാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാകൂ. അതുകൊണ്ട് മലയാളിയുടെ സാംസ്‌കാരീക പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നവര്‍, കേരളത്തിന്റെ സംസ്‌കാരത്തെ കുറിച്ച് അഭിമാനിക്കുമ്പോള്‍ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍, ആ മിഥ്യായായ അഭിമാനബോധത്തിന് വലിയ ക്ഷതം സംഭവിക്കുകയേ ഉള്ളൂ.ആണും പെണ്ണും മല്‍സരിച്ച്, പുരുഷാധിപത്യം അടിവരയിട്ടുറപ്പിക്കുന്ന ഇത്തരം പല ചിന്താഗതികളുടേയൂം വക്താക്കളും വാഹകരും തന്നെയാണ്, നമ്മുടെ സംസ്‌കാര സമ്പന്നമായ, സാംസ്‌കാരീക പാരമ്പര്യമുള്ള മലയാളി സമൂഹം. നബി പുഞ്ചിരി തെളിയട്ടെ പെണ്‍ മനസ്സുകളില്‍.

https://www.facebook.com/anna.jomol.joseph/posts/2762657777391640