ഒറ്റ ബഡിൽ കൂട്ടം കൂടി ആളുകൾ,പ്രസവ വാർഡിൽ ലോക്ക് ഡൗൺ ഇങ്ങിനെ

ആശുപത്രികളിൽ കഴിയുന്നവരെ കാണാൻ ആളു കൂടുന്ന ശീലം ഇപ്പോഴും ഒരു കുറവും ഇല്ലാതെ തുടരുന്നു. ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാൽ പോലീസും കടത്തിവിടും. ഇതുമൂലം പ്രസവ വാർഡിൽ പോലും ഒരു കട്ടിലിൽ കൂട്ടം കൂടി ഇരിക്കുന്നത് 4ഉം 5ഉം പേരൊക്കെ. എന്ത് പറഞ്ഞാലും മനസിലാവില്ല. മോഡലും സോഷ്യൽ മീഡിയയിലെ സാന്നിധ്യവുമായ ജോമോൾ ജോസഫാണ്‌ തന്റെ അനുഭവം പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ രണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ജോമോള്‍.  ആശുപത്രയില്‍ കഴിയുന്ന ജോമോള്‍  പങ്കുവെച്ച മറ്റൊരു കുറിപ്പാണ് പ്രസവ വാർഡിലെ അവസ്ഥ വെളിവാക്കുന്നത്.. കൊറോണയുടെ പശ്ചാത്തലത്തില്‍ കൂട്ടം കൂടരുതെന്ന് പറഞ്ഞിട്ടും ആശുപത്രിയില്‍ ഗര്‍ഭിണികളെ നോക്കാന്‍ അഞ്ചില്‍ കൂടുതല്‍ പേരാണ് എത്തുന്നതെന്ന് ജോമോള്‍ പറയുന്നു.

ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

കപട സദാചാരബോധം വിട്ടുപിടിക്കാത്ത ആശുപത്രികളിലെ കൊറോണക്കാലം..

ആരെത്ര പറഞ്ഞാലും, എത്രയൊക്കെ നിര്‍ദ്ദേശങ്ങള്‍ കൊടുത്താലും പലര്‍ക്കും ഇന്നും കാര്യങ്ങള്‍ അങ്ങ് വ്യക്തമായി മനസ്സിലാകുന്നില്ല എന്നാണ് തോന്നുന്നത്. അതോ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നതോ, അതോ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രത്യേക താല്‍പര്യമോ?

ഞാന്‍ ഒരാഴ്ചയായി ആശുപത്രി വാസത്തിലാണ്. ഈ ഒരാഴ്ചക്കാലവും സന്ദര്‍ശക സമയത്ത് ആശുപത്രിയില്‍ വലിയ ആള്‍ക്കുട്ടം തന്നെയാണ് വന്നുപോകുന്നത്. ഓരോ ബെഡ്ഡിലും നാലോ അഞ്ചോ പേരൊക്കെയാണ് വന്ന് കൂട്ടംകൂടിയും, രോഗിയുട ബെഡ്ഡില്‍ ഇരുന്നും കിടന്നും ഒക്കെ മണിക്കൂറുകള്‍ ചിലവഴിക്കുന്നത്. എത്ര വിവരക്കേടും, സമൂഹത്തിന് എത്ര ദോഷകരവുമാണ് ഈ വിഷയം?

ഞാനിവിടെ അഡ്മിറ്റായ നിമിഷം മുതല്‍ വിനു മാത്രമാണ് എനിക്ക് ബൈസ്റ്റാന്ററായി ഉണ്ടായിരുന്നത്. വിനു വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ ഒറ്റക്ക് തന്നെയാണ് ആശുപത്രിയില്‍ നിന്നത്. പ്രസവദിവസം മാത്രം ഞങ്ങളുടെ ഒരു പെണ്‍സുഹൃത്ത് വന്നു നിന്നു, പ്രസവ സമയത്ത് വിനുവും കൂടി ആകെ രണ്ടേ രണ്ടു പേര്‍. പ്രസവം കഴിഞ്ഞ് രഹന ഉള്ളപ്പോള്‍ വിനു നില്‍ക്കില്ല, രഹന പോകുമ്പോള്‍ വിനു വരും. ഇതു വരെ മറ്റാരേയും സന്ദര്‍ശകരായി അനുവദിക്കുകയോ, വരാനായി വിളിക്കുകയോ, വരാന്‍ നോക്കുന്നവരെ ഞങ്ങള്‍ തടയുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ആശുപത്രിയേതെന്ന് പോലും ആരോടും ഞങ്ങള്‍ പറയാത്തതും.

എന്നാല്‍ മറ്റു പല ബെഡ്ഡുകളിലേയും അവസ്ഥ ഇതല്ല.

ഗര്‍ഭിണിയുടെ ഭര്‍ത്താവ്, അവളുടെ അമ്മ, ഭര്‍ത്താവിന്റെ അമ്മ, ഗര്‍ഭിണിയുടെ സഹോദരിമാരില്‍ ആരെങ്കിലും, ഭര്‍ത്താവിന്റെ സഹോദരിമാരില്‍ ആരെങ്കിലും, പിന്നെ രണ്ടുപേരുടേയും ബന്ധുക്കള്‍, അയല്‍ വാസികളില്‍ ആരെങ്കിലും.. ഇങ്ങനെ സന്ദര്‍ശന സമയത്ത് കുറഞ്ഞത് നാലോ അഞ്ചോ ആളുകള്‍ ബെഡ്ഡിന് ചുറ്റും കൂടി നിന്നില്ല എങ്കില്‍ മലയാളിയുട അഭിമാനബോധത്തിന് എന്തോ ക്ഷതം സംഭവിക്കുന്നു എന്നതാണ് മലയാളികളുടെ ചിന്ത. ഈ ചിന്ത മാറേണ്ടതുണ്ട്. ഗര്‍ഭിണിയുടെ ഭര്‍ത്താവും, പിന്നെ രാത്രികാലങ്ങളില്‍ അത്യാവശ്യ സമയത്ത് ഒരു സ്ത്രീയും (ശരിക്കും ഭര്‍ത്താവ് മാത്രമേ ആവശ്യമുള്ളൂ, സദാചാര ചിന്തയില്‍ നിന്നാണല്ലോ സ്ത്രീകളുടെ വാര്‍ഡില്‍ പുരുഷന്‍മാര്‍ പാടില്ല എന്ന ചിന്ത തന്നെ വരുന്നത്. അത് പിന്നീടെഴുതാം) മാത്രമേ ആവശ്യമുള്ളൂ. അല്ലാതെ ബന്ധുബലവും ആള്‍ബലവും കാണിക്കാനായി ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെയോ മതങ്ങളുടേയോ മറ്റ് സംഘനടനകളുടേയോ സമ്മേളനമല്ലല്ലോ ഇവിടെ നടക്കുന്നത്.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട ആശുപത്രി ജീവനക്കാരുടെ ശ്രദ്ധ മറ്റു പലതിലുമാണ്. അതില്‍ ചിലത് സൂചിപ്പിക്കാം..

1. അഡ്മിറ്റായി ചികില്‍സയില്‍ കഴിയുന്ന സ്ത്രീയുടെ ഭര്‍ത്താവായ പുരുഷന്‍ വാര്‍ഡിലേക്കെങ്ങാനും കയറി വരുന്നുണ്ടോ? വന്നാല്‍ അയാളെ തെറി വിളിച്ചോ ചീത്ത പറഞ്ഞോ അവിടെ നിന്നും എത്രയും പെട്ടന്ന് ഓടിക്കണം.

2. അഡ്മിറ്റായി ചികിസയില്‍ കഴിയുന്ന ഗര്‍ഭിണിയുടെ വസ്ത്രധാരണ രീതി കാലഹരണപ്പെട്ട സദാചാര ചിന്തകള്‍ക്ക് വിധേയമാണോ? അവള്‍ ധരിക്കുന്ന വസ്ത്രം കാലുമുതല്‍ കഴുത്തും കൈകളും മറക്കുന്നതാണോ? ആ വസ്ത്രത്തിന് മുകളിലൂടെ തോര്‍ത്തോ ഷാളോ ഇട്ട് അവള്‍ മാറിന് മൂന്നാം ലെയര്‍ മറ നല്‍കിയിട്ടുണ്ടോ?

ഇല്ല എങ്കില്‍

ദിവസവും രാവിലെ അവളെ നഴ്‌സിങ് സൂപ്രണ്ട് വന്ന് തെറി വിളിച്ചോ ചീത്ത പറഞ്ഞോ അവളെ സദാചാര ചിന്തകളില്‍ തളച്ചിടാനായി ആവതുംശ്രമിക്കും. ഡോക്ടര്‍ വരുമ്പോഴും ഗര്‍ഭിണിയെ പരിശോധിക്കുന്നതിനു പകരം, അവളെ ഉപദേശിച്ചും ചീത്ത പറഞ്ഞും അവളെകൊണ്ട് എങ്ങനേയും വസ്ത്രം മാറ്റിക്കുക എന്നതിനാണ് ശ്രമിക്കുക. ഗര്‍ഭിണിയുടെ പരിശോധനയൊക്കെ നടത്തിയില്ലേലും സദാചാരചിന്തകളെ വളര്‍ത്താതെ എന്ത് ഗൈനക് ഡോക്ടര്‍!! ഇനിയും കുറെയുണ്ട്, പിന്നെ എഴുതാം. ആ എഴുതിയത് പരാതിയായി ആരോഗ്യ മന്ത്രിക്കും നേരിട്ട് ചെന്നു കണ്ട് കൊടുക്കും. ആദ്യം കൊറോണ കഴിയട്ടെ, പിന്നെ ബാക്കി.. എനിക്ക് പറയാനുള്ളത് ചികില്‍സയില്‍ കഴിയുന്നവരോടും, ആശുപത്രി ജീവനക്കാരോടുമാണ്.

കുടെ ഒരേയൊരു ബൈസ്റ്റാന്ററെ മാത്രം നിര്‍ത്താന്‍ ചികില്‍സയില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുക. ബന്ധുക്കളും സൃഹൃത്തുക്കളും അയല്‍ക്കാരും ഒക്കെ വീട്ടിലിരിക്കട്ടെ. ഇന്നൊരാള്‍ നാളെ വേറൊരാള്‍ അങ്ങനെ ആളുകളെ മാറി മാറി നിര്‍ത്താതിരിക്കാനും ശ്രദ്ധിക്കുക. സന്ദര്‍ശക സമയത്തായാല്‍ പോലും, ഒന്നിലധികം ആളുകളെ രോഗിയുടെ കൂടെ നിര്‍ത്താതിരിക്കാന്‍ ആശുപത്രി ജീവനക്കാര്‍ ശ്രദ്ധിക്കുക. കൊറോണയെ അതിജീവിക്കാനായി ഇതല്ലാതെ വേറെ വഴിയില്ല.

സദാചാരമൊക്കെ കൊറോണ കഴിഞ്ഞ് ആകാന്നേ, അതു വരെ തല്‍ക്കാലം അതൊക്കെ വിട്ടുപിടി മാഷേ.

നബി ആദിയെ പ്രസവിച്ച സമയത്തും ഒരു മാസത്തോളം ഞങ്ങള്‍ ഒരു സന്ദര്‍ശകരേയും അനുവദിച്ചിരുന്നില്ല, കാരണം ന്യൂബോണ്‍ ബേബീസിന് ഇമ്യൂണിറ്റി കുറവായതിനാല്‍ ജലദോഷം പനി ഇന്‍ഫക്ഷനുകള്‍ ഒക്കെ ആരില്‍ നിന്നും പെട്ടന്ന് പിടിപെടും എന്നതും, കുഞ്ഞിനെ ആളുകള്‍ മാറിമാറിയേടുക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ശരീരവേദന ഉണ്ടാക്കും എന്നതും നമ്മള്‍ മനസ്സിലാക്കണം.