റെയിൻബോ ടീ-ഷർട്ട് ധരിച്ചെത്തി; ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ തടഞ്ഞു

ദോഹ: റെയിൻബോ ടീ-ഷർട്ട് ധരിച്ച് ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ തടഞ്ഞ് കസ്റ്റഡിയിൽ പിടിച്ചുവെച്ചതായി റിപ്പോർട്ട്. യുഎസിൽ നിന്നെത്തിയ സ്‌പോർട്‌സ് റിപ്പോർട്ടർ ധരിച്ചിരുന്ന ടീ-ഷർട്ടിന്റെ പേരിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ചത്. അമേരിക്കയും വെയിൽസും തമ്മിലുള്ള മത്സരത്തിന് മുൻപായിരുന്നു ഇത്തരമൊരു അതിര് കടന്ന പ്രവർത്തി ഉണ്ടായത്.

ഇത് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു അമേരിക്കൻ മാദ്ധ്യമപ്രവർത്തകനായ ഗ്രാന്റ് വാൾ. സിബിഎസിന്റെ സ്‌പോർട്‌സ് വിഭാഗം മാദ്ധ്യമപ്രവർത്തകനായ അദ്ദേഹം റെയിൻബോ ടീ ഷർട്ടായിരുന്നു ധരിച്ചിരുന്നത്. തുടർന്ന് മത്സരം നടക്കുന്ന അഹമ്മദ് ബിൻ അലി സ്‌റ്റേഡിയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഖത്തർ പോലീസ് തടയുകയായിരുന്നു. എൽജിബിടിക്യൂ സമൂഹത്തിന് പിന്തുണ നൽകുന്ന തരത്തിലുള്ള ടീ-ഷർട്ട് ആയതിനാലാണ് തടഞ്ഞെതെന്നാണ് വിവരം.

സ്വവർഗരതി ഖത്തറിൽ നിയമവിരുദ്ധമായതിനാലാണിതെന്നാണ് വിവരം. തുടർന്ന് പോലീസ് പിടിച്ചുവെച്ച കാര്യം അദ്ദേഹം അപ്പോൾ തന്നെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തു. ട്വീറ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫോണും പിടിച്ചുവാങ്ങി. 25 മിനിറ്റോളം റിപ്പോർട്ടറെ കസ്റ്റഡിയിൽ വെച്ച ശേഷം ടീ-ഷർട്ട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.

ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ സെക്യൂരിറ്റി കമാൻഡർ അദ്ദേഹത്തിന് അടുത്തെത്തി ക്ഷമ ചോദിച്ചു. തുടർന്ന് സ്‌റ്റേഡിയിത്തിലേക്ക് കടത്തിവിട്ടു.