Home kerala കൂലി ചോദിക്കുന്നത് തെറ്റല്ല, ‘മാധ്യമ’ത്തിൽ നിന്ന് മാധ്യമ പ്രവർത്തക രാജിവെച്ചു

കൂലി ചോദിക്കുന്നത് തെറ്റല്ല, ‘മാധ്യമ’ത്തിൽ നിന്ന് മാധ്യമ പ്രവർത്തക രാജിവെച്ചു

സുരേഷ് ​ഗോപി ദേഹത്ത് സ്പർശിച്ചെന്ന പേരിൽ മീഡിയ വൺ മാധ്യമ പ്രവർത്തക ഷിദ ​ജ​ഗത് നടത്തിയ പ്രതികരണം വൈറലായിരുന്നു. നിരവധി മാധ്യമ പ്രവർത്തകർ ഷിദയെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നടത്തിയെന്നാണ് ഒരു കൂട്ടരുടെ പക്ഷം. അതേ സമയം മീഡിയ വൺ ചാനലിന്റെ കുടുംബമായ മാധ്യമം പത്രത്തിൽ നിന്ന് മറ്റൊരു മാധ്യമ പ്രവർത്തകയുടെ വിത്യസ്ത പ്രതിഷേധം.

ജിഷ എലിസബത്ത് എന്ന മാധ്യമ പ്രവർത്തകയാണ് കേരളീയം വേദിയിലെത്തി രാജി പ്രഖ്യാപനം നടത്തിയത്. കൂലി ചോദിക്കുന്നത് തെറ്റല്ല എന്ന ഫോട്ടോയൊടൊപ്പമാണ് വിത്യസ്തമായ രാജി പ്രഖ്യാപനം. ഉറക്കെ സംസാരിക്കുന്ന സ്ത്രീകളുടെ ​ഗണത്തിൽ പേരു വന്നിട്ടുപോലും തനിക്ക് പ്രശ്നങ്ങൾക്കു വേണ്ടി പോരാടാൻ സാധിക്കുന്നില്ലെന്ന് ജിഷ പറയുന്നു. സ്വന്തം നിലപാടുകൾക്ക് വിരുദ്ധമായി ജോലി ചെയ്യുന്നതിനാൽ മാധ്യമത്തിൽ നിന്ന് രാജി വെക്കുന്നെന്ന് ജിഷ പറയുന്നു.

കുറിപ്പിങ്ങനെ

രാജി വെച്ചു, മാധ്യമത്തിൽ നിന്ന്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക, അനീതിക്കെതിരെ പ്രതികരിക്കുക തുടങ്ങിയ ആഗ്രഹങ്ങളുമായാണ് 18 വർഷം മുൻപ് ഞാൻ മാധ്യമപ്രവർത്തന മേഖലയിലേക്ക് കടന്നുവന്നത്. അതുതന്നെ തുടരണമെന്നതാണ് ആഗ്രഹം. അതിനു പറ്റുന്ന ഇടമല്ലാതായി മാറിയതിനാൽ, 14 വർഷത്തെ സേവനത്തിനു ശേഷം മാധ്യമത്തിൽ നിന്ന് രാജി വെച്ചു. സമയത്തിന് കൂലിയില്ലെങ്കിലും അതെന്ന് തരുമെന്ന് പറയുന്നില്ലെങ്കിലും; അതിനേക്കാൾ ബുദ്ധിമുട്ടാണ്, നിലപാടുകളിൽ കടകംമറിഞ്ഞ് വാർത്തയെഴുതുകയെന്നുള്ളത്. അസ്ഥിത്വം കൂടി പണയം വെക്കുന്നതിൽ ആത്മാഭിമാന ക്ഷതമുണ്ട്. അതുകൊണ്ട് കൂടിയാണ് രാജി.