ശശി എന്നൊരു പേരുണ്ടെങ്കില്‍ ഒരു പ്രൊട്ടക്ഷന്‍ കിട്ടുമത്രേ, പരിഹാസവുമായി ജോയ് മാത്യു

ഫോണ്‍ വിളി വിവാദത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെയ്‌ക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ‘ശശി എന്നൊരു പേരുണ്ടെങ്കില്‍ ഒരു പ്രൊട്ടക്ഷന്‍ കിട്ടുമത്രേ..’ എന്നാണ് പരിഹാസ രൂപേണ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ശശി എന്ന പേരില്‍ ഉന്നമിട്ട് നേരത്തെയുണ്ടായ വിവാദം കൂടി ഓര്‍മിപ്പിച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ പരിഹാസം.

അതേസമയം എകെ ശശീന്ദ്രന്‍ രാജി വെയ്‌ക്കേണ്ടതില്ല എന്ന നിലപാടിലാണ് എന്‍സിപി. ഒരു തര്‍ക്കത്തില്‍ പാര്‍ട്ടി ഇടപെട്ടുവെന്ന ശശീന്ദ്രന്റെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തി അറിയിച്ചുവെന്നാണ് സൂചന. തനിക്ക് പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു എന്നായിരുന്നു വിഷയത്തില്‍ ശശീന്ദ്രന്റെ പ്രതികരണം.

ഫോണ്‍വിളിയില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നും ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട് എന്നുമാണ് എന്‍സിപി നിലപാട്. മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎമ്മിനെ നിലപാട് അറിയിയിച്ചെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ വ്യക്തമാക്കിയിരുന്നു. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പി.സി. ചാക്കോ കേരളത്തിലെ സാഹചര്യം വ്യക്തമാക്കി. ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നാണു കൂടിക്കാഴ്ചയ്ക്കു ശേഷം പി.സി. ചാക്കാ പ്രതികരിച്ചത്. പാര്‍ട്ടി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടി. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നില്ല. പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പി.സി ചാക്കോ വ്യക്തമാക്കി.