ഭൂമിയിൽ ജനിച്ച താരം, പച്ചയായ മനുഷ്യൻ; എന്നും ചേർത്തു നിർത്തുന്നതിനു നന്ദി

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടുന്ന ചിത്രമായിരിക്കുകയാണ് ജൂഡ് സംവിധാനം ചെയ്ത 2018. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം 150 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയാണ്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ജൂഡ് കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം. പച്ചയായ മനുഷ്യൻ, നന്ദി മമ്മൂക്ക ഈ സ്നേഹത്തിന്, ചേർത്തു നിർത്തലിന്, നല്ല വാക്കുകൾക്ക്, എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്.

മമ്മൂട്ടിയുടെ ജീവിതം സിനിമാക്കാനുള്ള തൻറെ ആഗ്രഹത്തെപ്പറ്റി നേരത്തേ വെളിപ്പെടുത്തിയിട്ടുള്ള ആളാണ് ജൂഡ്. എന്നാൽ ആ സിനിമയ്ക്ക് മമ്മൂട്ടി സമ്മതിക്കുന്നില്ലെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. എന്നെങ്കിലും മമ്മൂട്ടി പച്ചക്കൊടി കാട്ടുന്നപക്ഷം ഈ സിനിമ സംഭവിക്കുമെന്നും. അതെന്തായാലും മമ്മൂട്ടിക്കൊപ്പമുള്ള ജൂ‍ഡിൻറെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാര്യമായി പ്രചരിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ ജീവചരിത്ര ചിത്രത്തെക്കുറിച്ച് ജൂഡ് പറഞ്ഞത്

മമ്മൂക്കയുടെ ബയോപിക് എടുക്കാൻ അദ്ദേഹം സമ്മതിക്കുന്നില്ല. ബാക്കി എല്ലാവരും ഓക്കെയാണ്. വേണ്ടടാ എന്റെ ജീവിതം സിനിമ ആക്കണ്ട എന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴെങ്കിലും മനസ് മാറുകയാണെങ്കിൽ എനിക്ക് തന്നെ തരണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. മമ്മൂക്ക ആദ്യം സമ്മതിച്ചിരുന്നു. പിന്നെ ആരൊക്കെയോ മമ്മൂക്കയെ പേടിപ്പിച്ചു എന്ന് തോന്നുന്നു. സിനിമയാക്കുമോ ഇല്ലയോ എന്നതിനപ്പുറം മമ്മൂക്കയുടെ ജീവിതം വലിയ പ്രചോദനം നൽകുന്ന ഒന്നാണ്.

കാരണം, വൈക്കത്ത് ചെമ്പ് പോലൊരു സ്ഥലത്ത് ഒരു സാധാരണക്കാരൻ പയ്യൻ, അവൻ ഒരു മാസികയിൽ വന്ന അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന പരസ്യത്തിന് ഫോട്ടോ പോസ്റ്റ് ചെയ്യുക എന്നത് അന്നത്തെക്കാലത്ത് ഒന്ന് ആലോചിച്ചു നോക്കൂ, എന്ത് പാഷനേറ്റായിരിക്കും ആ മനുഷ്യന് എന്ന്. ആ പയ്യൻ പിന്നീട് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറിയ കഥയെന്ന് പറയുന്നത് ഉഗ്രൻ കഥയാണ്. മമ്മൂക്ക യഥാർത്ഥത്തിൽ നമ്മൾ കാണുന്ന ആളേയല്ല. സിനിമാറ്റിക് സംഭവങ്ങളാണ് അ​ദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നത്. പഞ്ച പാവവും പച്ച മനുഷ്യനും ഉ​ഗ്രൻ ക്രിയേറ്റീവ് മനുഷ്യനുമാണ് മമ്മൂക്ക. നിവിനെ വച്ചാണ് ആദ്യം ഞാൻ പ്ലാൻ ചെയ്തത്. നിവിനായത് കൊണ്ടാണോ വേണ്ടെന്ന് പറഞ്ഞതെന്ന് ഞാൻ കരുതി. ദുൽഖർ ആയാലും ഞാൻ റെഡി എന്ന് പറഞ്ഞിരുന്നു. വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എന്നെങ്കിലും മമ്മൂക്ക സമ്മതിക്കും എന്നാണ് പ്രതീക്ഷ. മമ്മൂക്ക എന്നെങ്കിലും പച്ചക്കൊടി വീശും. അന്ന് ഞാൻ ആ സിനിമ ചെയ്യും.