കാറിനിട്ട് ഇടിച്ച മഹാനത്തേടി ജൂഡ് ആന്റണി, ഒടുവിൽ കുറ്റസമ്മതവുമായി യുവാവ്

മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് ജൂഡ് ആന്റണി. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയായിരുന്നു ജൂഡ് വരവറിയിച്ചത്. പിന്നീട് അഭിനയത്തിലൂടേയും ജൂഡ് കെെയ്യടി നേടി. വീടിന് പുറത്ത് പാർക്ക് ചെയ്ത തന്റെ കാറിനെ ഇടിച്ച വാഹന ഉടമയെ തേടി സംവിധായകൻ ഒരു പോസ്റ്റിട്ടിരുന്നു. ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി.ഡി നിർബന്ധമായതിനാൽ ഇടിച്ച വാഹനമുടമ ബന്ധപ്പെടണമെന്ന അഭ്യർത്ഥനയുമായാണ് ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

ഒടുവിൽ കുറ്റസമ്മതം നടത്തി രോഹിത് എന്ന യുവാവ് ജൂഡിനെ സമീപിക്കുകയായിരുന്നു.താൻ വാഹനവുമായി വരുമ്പോൾ റോഡിന് കുറുകെ ഒരു പൂച്ച ചാടുകയും, ഇത് കണ്ട് വാഹനം വെട്ടിച്ചതിനെ തുടർന്ന് ജൂഡിന്റെ വാഹനത്തിൽ ഇടിക്കുകയുമായിരുന്നുമെന്നാണ് രോഹിത് അദ്ദേഹത്തിനോട് പറഞ്ഞത്. രാത്രി ആയതിനാലും പെട്ടന്നുണ്ടായ പേടിയേയും തുടർന്നാണ് വാഹനം നിർത്താതെ പോയതെന്നും രോഹിത് പറഞ്ഞു. കുറ്റസമ്മതം നത്തിയ രോഹിതിനെ ജൂഡ് അഭിനന്ദിക്കുകയും അദ്ദേഹത്തിനൊപ്പം ഫെയ്‌സ്ബുക്ക് ലൈവിൽ വരികയും ചെയ്തിരുന്നു.

‘ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങൾ ആരാണെങ്കിലും ഒരഭ്യർത്ഥന നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ, ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിര്ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ്. ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ?എന്റെ എളിയ നിഗമനത്തിൽ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യതയെന്നായിരുന്നു ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ജൂഡിന്റെ വാഹനം തെറ്റായ രീതിയിൽ ആണ് റോഡരികിൽ പാർക്ക് ചെയ്തതെന്ന ആക്ഷേപവുമായി നിരവധി പേർ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രംഗത്തുവന്നു. ഇടിച്ച വാഹനത്തിനെ ഒരിക്കലും കുറ്റം പറയില്ലെന്നും റോഡരികിൽ മാന്യമായ രീതിയിൽ വാഹനം നിർത്തണമായിരുന്നുവെന്നും നിരവധി പേർ താഴെ അഭിപ്രായപ്പെട്ടതോടെ ഇതിനെതിരെ ജൂഡ് രൂക്ഷമായി പ്രതികരിച്ചു. കാർ പാർക്ക് ചെയ്തതിന്റെ കുഴപ്പമാണെന്ന് പറയുന്നവർ ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാരെ പോലെയാണെന്നാണ് ജൂഡ് പ്രതികരിച്ചത്.