സജി ചെറിയാന്റെ പ്രസംഗം ഗുരുതര സത്യപ്രതിജ്ഞാ ലംഘനം: ജസ്റ്റിസ് കെമാല്‍ പാഷ

ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിലൂടെ ഗുരുതര സത്യ പ്രതിജ്ഞാ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മന്ത്രി സ്ഥാനത്ത് തുടരുവാന്‍ സജി ചെറിയാന് അവകാശമില്ലെന്നും അക്ഷരാഭ്യാസമുള്ള ആരും ഇത്തരത്തില്‍ ഒരു കാര്യം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള വിവരം കെട്ടവര്‍ മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുന്നതിനെ കുറിച്ചോര്‍ത്ത് വിലപിക്കാനേ ജനങ്ങള്‍ക്ക് സാധിക്കൂ എന്നും സജി ചെറിയാന് ഒരു നിമിഷം പോലും പദവിയില്‍ തുടരാനുള്ള അവകാശമില്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ അധികാരത്തില്‍ നിന്നും ഇറക്കി വിടണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

ബാലകൃഷ്ണ പിള്ള നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തേക്കാള്‍ ഗുരുതരമാണിത് മന്ത്രി സജി ചെറിയാന്‍ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.

ബ്രിട്ടീഷുകാര്‍ പറഞ്ഞത് കൊണ്ട് ഇന്ത്യക്കാരന്‍ എഴുതി വച്ചിരിക്കുകയാണെന്നും. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ഇതാണ് 75 വര്‍ഷമായി പിന്തുടരുന്നതെന്നും. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രമാണ് എഴുതിവച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.