യുവാവിന്റെ ആത്മഹത്യ, സഹോദരിയുടെ വിവാഹത്തിന് വേണ്ട സ്വര്‍ണം നല്‍കാനൊരുങ്ങി ജൂവലറികള്‍

തൃശൂര്‍: സഹോദരിയുടെ വിവാഹം നടത്താന്‍ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട് ഒരുമിക്കുന്നു. തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹ ആവശ്യങ്ങള്‍ക്കായി യുവാവ് ബാങ്കില്‍ നിന്ന് വായ്പ തേടിയിരുന്നു. ഇത് കിട്ടാത്തതിനെത്തുടര്‍ന്നുള്ള മാനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വേണ്ട സ്വര്‍ണവും പണവും നല്‍കാന്‍ വിവിധ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. വിവാഹത്തിന് ആവശ്യമായ രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് തൃശൂരിലെ മജ്‌ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. വധുവിന് അഞ്ച് പവന്‍ സമ്മാനമായി നല്‍കുമെന്ന് കല്യാണ്‍ ജുവലേഴ്‌സും , രണ്ട് പവന്‍ നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചിട്ടുണ്ട്.

വിപിനും കുടുംബത്തിനും മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെ നിന്നും വായ്പ കിട്ടിയില്ല. പുതുതലമുറ ബാങ്കിലും വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. വായ്പ അനുവദിച്ചെന്ന് കഴിഞ്ഞദിവസം അറിയിപ്പും കിട്ടി. തുടര്‍ന്നാണ് സ്വര്‍ണമെടുക്കാനായി അമ്മയേയും സഹോദരിയേയും കൂട്ടി ജൂവലറിയിലേക്ക് പോയത്. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് ഇരുവരെയും ജുവലറിയിലിരുത്തി വിപിന്‍ പോയി.

എന്നാല്‍ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍ നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ഇതോടെയാണ് യുവാവ് ജീവനൊടുക്കിയത്. കുറേസമയം ജുവലറിയില്‍ കാത്തിരുന്നിട്ടും കാണാതായതോടെ അമ്മയും സഹോദരിയും തിരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു വിപിന്‍ ജോലി ചെയ്തിരുന്നത്. കൊവിഡ് കാലത്ത് ജോലി നഷ്ടമായി. പിതാവ് അഞ്ച് വര്‍ഷം മുന്‍പ് മരിച്ചിരുന്നു.

ഇതേ സമയം സ്‌ത്രിധനം ആവശ്യപ്പെട്ടിരുന്നില്ലെന്നും ഏതൊരു സാഹചര്യത്തിലും വിവാഹത്തില്‍ നിന്ന് പിന്‍മാറില്ലെന്നും വരന്‍ അറിയിച്ചിട്ടുണ്ട്. വിപിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാല്‍ വിവാഹം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.