99% എന്‍95 മാസ്‌ക്കുകളും എന്‍95 അല്ല, വെറും ഡൂക്ലി ഐറ്റം ആണ്, സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം

മാസ്‌ക് ധരിച്ചാല്‍ കോവിഡില്‍ നിന്നും മറ്റും സുരക്ഷിതര്‍ ആണെന്നാണ് ഏവരുടെയും പൊതുവെയുള്ള ധാരണ. ഇപ്പോള്‍ രണ്ട് മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. ഒട്ടുമിക്ക എല്ലാവരും അത് അനുസരിക്കുന്നുമുണ്ട്. ചിലര്‍ ധരിക്കുന്നത് എന്‍95 മാസ്‌കുകളാണ്. എന്നാല്‍ നിലവില്‍ വിപണിയില്‍ ലഭ്യമായ എന്‍ 95 മാസ്‌കുകള്‍ സുരക്ഷിതമാണോ എന്ന് ആരും ചിന്തിക്കാറില്ല. ഈ സംഭവത്തില്‍ എഴുത്തുകാരിയായ ജ്യോതി ശ്രീധര്‍ പങ്കുവെച്ച കുറിപ്പ് ഏവരെയും ഞെട്ടിക്കുന്നതാണ്.

ജ്യോതിയുടെ കുറിപ്പ് ഇങ്ങനെ,

വെറുതെ ഒരു ഗൂഗിള്‍ അന്വേഷണം നടത്തിയതാണ്, ചെന്ന് പെട്ടത് അന്തം വിട്ടു പോയ ഒരു യാഥാര്‍ത്ഥ്യത്തിലും. ആ അന്വേഷണത്തിന്റെ സഞ്ചാരം പറയാം. എന്തുകൊണ്ടാണ് മാസ്‌ക് സ്ഥിരമായി ധരിച്ചിട്ടും ആളുകള്‍ക്ക് കോവിഡ് വരുന്നത്? ഇനി N95 വയ്ക്കാത്ത പ്രശ്‌നമാണോ? അല്ല, N95 വയ്ക്കുന്നവര്‍ക്കും കോവിഡ് വരുന്നുണ്ട്. എന്തുകൊണ്ട്? അതാണ് എന്റെ അന്വേഷണം.

എന്താണ് N95 ന്റെ പൂര്‍ണ്ണരൂപം? അതായിരുന്നു ഉള്ളില്‍ വന്ന ചോദ്യം. N എന്നാല്‍ നോണ്‍ ഓയില്‍. എണ്ണയുടെ അംശത്തെ അരിച്ചെടുക്കാന്‍ കഴിയാത്ത, എണ്ണയുടെ അംശം ആ മാസ്‌കിന്റെ ശുദ്ധീകരണ പ്രക്രിയയെ ബാധിക്കുന്ന തരത്തില്‍ ഉള്ള മാസ്‌ക്കുകള്‍ ആണ് N എന്ന അക്ഷരം സൂചിപ്പിക്കുന്നത്. R, P സീരീസില്‍ ഉള്ള മാസ്‌ക്കുകള്‍ എണ്ണയുടെ അംശം കൂടുതല്‍ ഉള്ള ഇടങ്ങളില്‍, അതും തുടര്‍ച്ചയായി വളരെ കുറച്ച് നേരത്തേക്ക് മാത്രം ഉപയോഗിക്കാവുന്നവ. കോവിഡ് വൈറസ് പ്രതിരോധത്തിന് N ആണ് ഉപയോഗിക്കുന്നത്. 95 എന്നാല്‍ 95% ഫില്‍റ്റര്‍ ശേഷിയുള്ളവ, 0.3 um (മൈക്രോമീറ്റര്‍) അളവ് മുതല്‍ ഉള്ളവയെ ഫില്‍റ്റര്‍ ചെയ്ത് കളയാന്‍ കഴിയുന്നവ. N95 അപ്പോള്‍ എന്താണ് എന്നുള്ളത് മനസ്സിലായല്ലോ?

ഇനി N95 എന്നത് ആരാണ് സര്‍ട്ടിഫൈ ചെയ്യുന്നത്? അമേരിക്കയിലെ National Institute for Occupational Saftey and Health (നിയോഷ് NIOSH) നല്‍കുന്ന ഗുണനിലവാര സൂചികയാണ് ‘N95’. നിയോഷ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള മാസ്‌കുകള്‍ക്ക് മാത്രമാണ് ‘എന്‍95’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പൂര്‍ണമായും ഒരു അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് ആണ് ‘എന്‍95’. ഇന്ത്യയിലെ അതിന് സമമായ സ്റ്റാന്‍ഡേര്‍ഡ് ആണ് ബിസ് FFP2. FFP എന്നാല്‍ Filtering Facepiece.

FFP2 (യൂറോപ്പ്) KN 95 (ചൈന) P2 (ഓസ്‌ട്രേലിയ/ന്യൂസിലാന്‍ഡ്) കൊറിയ 1സ്റ്റ് ക്ലാസ് (കൊറിയ) DS 2 (ജപ്പാന്‍) 2002ല്‍ സാര്‍സ് പടര്‍ന്നുപിടിച്ചപ്പോഴാണ് ലോകാരോഗ്യ ആദ്യമായി സംഘടന N95 മാസ്‌കിന്റെ ഉപയോഗം നിര്‍ദ്ദേശിക്കുന്നത്. പിന്നീട് സമാന യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡുകളായ FFP2 (94% fitlration), FFP3 എന്നിവയുടെ ഉപയോഗത്തെയും ലോകാരോഗ്യസംഘടന പ്രോത്സാഹിപ്പിച്ചു.

ഇനി കാര്യത്തിലേക്ക് വരാം. N95 മാസ്‌ക്കുകള്‍ നിങ്ങളുടെ കയ്യില്‍ ഉണ്ടെങ്കില്‍ ‘Niosh approved n95’ എന്ന് ഗൂഗിളില്‍ നോക്കൂ. CDC യുടെ ഒരു റിസല്‍റ്റ് കാണാന്‍ പറ്റും. അതില്‍ കയറി നിങ്ങളുടെ കയ്യിലെ N95 മാസ്‌ക്കിന്റെ ഉത്പാദകരുടെ പേര് ആ ലിസ്റ്റില്‍ ഉണ്ടോ എന്ന് നോക്കൂ. ഉളളവര്‍ ഭാഗ്യവാന്മാര്‍! കാരണം ഇന്ന് N95 ദുര്‍ലഭമായി മാറിക്കൊണ്ടിരിക്കുന്നു. അത് നിര്‍മ്മിക്കുവാന്‍ വേണ്ട പോളി പ്രോപിലീന്‍ ഫൈബറിന്റെ ദൗര്‍ലഭ്യം ആണ് കാരണം. ലിസ്റ്റില്‍ നോക്കി അതിലെ ഓരോ വെബ്‌സൈറ്റിലും കയറി നോക്കിയാല്‍ മനസ്സിലാകും ഇന്ന് N95 വളരെ ദുര്‍ലഭം ആണെന്ന്. ഇനി നേരെ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് മുതലായ സൈറ്റുകളിലൂടെ അപ്പ്രൂവ്ഡ് ആയ ബ്രാന്‍ഡുകളുടെ മാസ്‌ക് മേടിക്കാന്‍ നോക്കിയാല്‍ ഒറിജിനലിനെ വെല്ലുന്ന ഡിസൈനില്‍ പരക്കെ ലഭ്യമാണ്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് മുതലായവരിലൂടെ തങ്ങള്‍ മാസ്‌ക് വില്‍ക്കുന്നില്ല എന്ന് പല ഒറിജിനല്‍ സൈറ്റുകളിലും നോട്ടീസായി പതിച്ചിട്ടുണ്ട്. ഇപ്പോള്‍ മനസ്സിലായോ മാസ്‌ക് വച്ചിട്ടും എങ്ങനെ കോവിഡ് പടര്‍ന്നു പിടിക്കുന്നു എന്ന്?

ആയതിനാല്‍ 99% N95 മാസ്‌ക്കുകളും N95 അല്ല, വെറും ഡൂക്ലി ഐറ്റം ആണ് എന്നതു മനസ്സിലാക്കി, അതിന് മുകളില്‍ മറ്റൊരു തുണി മാസ്‌ക്കും കൂടി വച്ച്, ടൈറ്റ് ആക്കി വായും മൂക്കും മൂടി, സാനിട്ടൈസ് ചെയ്ത്, സാമൂഹിക അകലം പാലിച്ച് സുരക്ഷിതര്‍ ആയാല്‍ നിങ്ങള്‍ക്ക് കൊള്ളാം, ഒപ്പം ചുറ്റും ഉള്ളവര്‍ക്കും! ലോകാ സമസ്താ സുഖിനോ ഭവന്തു!