നല്കിയ ഉറപ്പുകൾ– ഗ്യാരന്റികൾ ഒന്നൊന്നായി കർണ്ണാടകത്തിൽ നടപ്പാക്കും

തിരഞ്ഞെടുപ്പുവേളയിൽ കോൺഗ്രസ് നൽകിയ ഉറപ്പുകൾ– ഗ്യാരന്റികൾ ഒന്നൊന്നായി നടപ്പാക്കുന്ന സർക്കാരിനെയാണു കർണാടക ഇനി കാണാൻ പോകുന്നത് എന്ന് തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചവരിൽ ഒരാളായ കെ സി വേണുഗോപാൽ. പ്രസ്ഥാവനയുടെ പൂർണ്ണ രൂപം

കോൺഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവിന്റെ ചരിത്രം ആവർത്തിക്കുകയാണ് കർണാടകയുടെ മണ്ണ്.വൻ തകർച്ചയിൽ നിന്ന് 1970 കളുടെ അവസാനം കോൺഗ്രസ് ഉയർത്തെഴുന്നേൽപിന്റെ ചരിത്രം കുറിച്ച ആ നാളുകൾ ആവർത്തിക്കുന്നു. 1978 ൽ കർണാടകയിലെ ചിക്കമംഗളൂരു ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി നേടിയ ഉജ്വല വിജയം കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിന്റെ കഥ കൂടിയാണല്ലോ.അതൊരു തുടക്കം കൂടിയായിരുന്നു. പിന്നീട് രാജ്യം കണ്ടതു കോൺഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവാണ്. കർണാടകയിലെ ഇപ്പോഴത്തെ ജനവിധിയും പുതിയൊരു തുടക്കമാണ്.

വ്യക്തമായ ഭൂരിപക്ഷത്തോടെ കർണാടകയിൽ ഭരണം തിരിച്ചുപിടിച്ച ഉജ്വല വിജയം 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ രാജ്യം എങ്ങോട്ടു സഞ്ചരിക്കുമെന്നതിന്റെ കൃത്യമായ ദിശാസൂചികയാണ്.കോൺഗ്രസിനു കർണാടക നൽകിയതു സത്യത്തിന്റെ വിജയം കൂടിയാണ്. പണവും അധികാരവും ഉപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിച്ചു അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നു അഹങ്കരിച്ച ഏകാധിപതികളുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ് കർണാടകയിൽ കണ്ടത്.തിരഞ്ഞെടുപ്പു കമ്മിഷനെയും മറ്റു ജനാധിപത്യ– സർക്കാർ സംവിധാനങ്ങളെയും വരുതിയിൽ നിർത്തിയാൽ വിജയം കൊയ്യാമെന്ന മിഥ്യാധാരണയിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ഫാസിസ്റ്റ് ശക്തികളെ ജനങ്ങൾ അവരുടെ ഏറ്റവും വലിയ ജനാധിപത്യാവകാശം ഉപയോഗിച്ചു തൂത്തെറിഞ്ഞിരിക്കുന്നു. ഈ നിമിഷത്തോളം മനോഹാരിത മറ്റൊന്നിനുമുണ്ടാവില്ല. അഴിമതിയുടെ കൂത്തരങ്ങായി മാറിയ ബിജെപി സർക്കാർ ഈ നാട്ടിൽ വേണ്ടെന്നു ജനങ്ങൾ എന്നേ തീരുമാനമെടുത്തിരുന്നു. അവർ അർപ്പിച്ച വിശ്വാസമാണ് കോൺഗ്രസ് കുറിച്ച ഈ ചരിത്ര വിജയത്തിന് നാന്ദി കുറിച്ചത്.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള നേതൃത്വം ഒറ്റക്കെട്ടായി വൻമതിൽ പോലെ നിലയുറപ്പിച്ച തിരഞ്ഞെടുപ്പാണ് കർണാടക കണ്ടത്. ഞങ്ങൾ നൽകിയ പിന്തുണയിൽ സിദ്ധാരാമയ്യയും ഡി.കെ ശിവകുമാറും അടക്കമുള്ള സംസ്ഥാന നേതൃത്വം ഒരു പിഴവുകളുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ
സത്യത്തിന്റെയും നീതിയുടെയും പാതയിൽ ജനങ്ങൾ കോൺഗ്രസിനൊപ്പം ഒറ്റക്കെട്ടായി നിന്നു. രൺദീപ് സിംഗ് സുർജേവാലയുടെ നേതൃത്വത്തിലുള്ള എ.ഐ.സി.സി ടീമും പ്രചാരണച്ചുമതല വിജയകരമായി നിറവേറ്റി.
സത്യം വിളിച്ചുപറഞ്ഞതിന് എം.പി സ്ഥാനം വരെ ത്യജിക്കേണ്ടി വന്ന രാഹുൽ ഗാന്ധിയെ ജനങ്ങൾ ഹൃദയത്തോട് ചേർത്തുപിടിച്ച കാഴ്ചയും കർണാടകയിലെ ആഹ്ലാദം ഇരട്ടിയാക്കുന്നു. രാജ്യത്തു ചരിത്രമെഴുതി രാഹുൽ നയിച്ച ‘ഭാരത് ജോഡോ യാത്ര’ കർണാടകയിലൂടെ കടന്നുപോയ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വൻ വിജയം നേടിയെന്നതും രാജ്യമാകെ അലയടിക്കുന്ന രാഹുൽ തരംഗത്തിന്റെ സൂചനയാണ്. ഭാരത് ജോഡോ യാത്ര പകർന്നു നൽകിയ ഊർജവും ആവേശവും ഐക്യവും ഏറ്റെടുത്തു കോൺഗ്രസിനെ വൻ വിജയത്തിലേക്കു നയിച്ച കർണാടക ജനത രാജ്യത്തു കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുമെന്നു നിസ്സംശയം പറയാം. ചിക്കമംഗളൂരുവിൽ അന്നു കുറിച്ച ചരിത്രം പോലെ പുതിയൊരു ജൈത്രയാത്രയ്ക്കു കോൺഗ്രസിനു ആത്മവിശ്വാസം പകരുന്ന വിജയമാണിത്.
തിരഞ്ഞെടുപ്പുവേളയിൽ കോൺഗ്രസ് നൽകിയ ഉറപ്പുകൾ– ഗ്യാരന്റികൾ ഒന്നൊന്നായി നടപ്പാക്കുന്ന സർക്കാരിനെയാണു കർണാടക ഇനി കാണാൻ പോകുന്നത്. അഴിമതി ഇല്ലാത്ത, മതേതര– ജനാധിപത്യ സർക്കാർ കന്നഡ മണ്ണിനെ വികസനത്തിന്റെ പുതിയ ചക്രവാളത്തിലേക്കു നയിക്കും. അതിനായി വോട്ടവകാശം വിനിയോഗിച്ച കർണാടകയിലെ ഓരോ ജനാധിപത്യ വിശ്വാസികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി