‘ധീരജിന്റേത് ചോദിച്ചു വാങ്ങിയ രക്തസാക്ഷിത്വം’; കെ സുധാകരൻറെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം

ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകനും വിദ്യാർത്ഥിയുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ വിവാദ പ്രസ്താവനയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ചോദിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്ന് കെ സുധാകരൻ ആരോപിച്ചു. നിഖിൽ പൈലിയെ 40 പേർ ചേർന്ന് ആക്രമിച്ചു. ഓടിയിട്ടും വിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ധീരജ് രാജേന്ദ്രന്റെ മരണത്തിൽ സിപി ഐ എം തിരുവാതിര കളിച്ച് ആഹ്ലാദിക്കുകയാണ്. ധീരജിന്റെ മരണത്തിൽ സി പി ഐ എമ്മിന് ദുഖമില്ല, ആഹ്ലാദമെന്ന് അദ്ദേഹം വിമർശിച്ചു. ഡി വൈ എഫ് ഐ -എസ് എഫ് ഐ നേതൃത്വത്തിൽ നടക്കുന്ന കലാപത്തിന്റെ ഇരയാണ് ധീരജെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമമാണ് ഡി.വൈ.എഫ്.ഐ നടത്തുന്നത്. ഇടുക്കിയിലെന്താണ് നടന്നത് എന്നുപറഞ്ഞ എസ്.പിയെ എം.എം.മണി ഭീഷണിപ്പെടുത്തുകയാണ്. ദിവസങ്ങളായി ഇടുക്കി എൻജിനീയറിങ് കോളജിൽ നടക്കുന്ന അക്രമങ്ങളിൽ നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.