ഭക്ഷ്യധാന്യ കിറ്റാണോ സ്വര്‍ണക്കിറ്റാണോ നല്‍കിയത്; കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മന്ത്രി കെ.ടി ജലീലും അദ്ദേഹത്തിന്റെ ഓഫീസും സംശയത്തിന്റെ നിഴലിലാണിത്. എന്നാല്‍ ജലീല്‍ നല്‍കുന്നത് വസ്തുതാപരമായ വിശദീകരണമല്ല. കെ.ടി ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നാണ് കെ.സുരേന്ദ്രന്റെ വിമര്‍ശനം.

ഭക്ഷ്യധാന്യക്കിറ്റാണോ സ്വര്‍ണക്കിറ്റാണോ നല്‍കിയതെന്നും കെ.സുരേന്ദ്രന്റെ വിമര്‍ശനം. മന്ത്രിയുടെ പിഎസിനെ എന്തിനാണ് സരിത്തിന് വിളിക്കുന്നത്. പിഎസിന്റെ ഫോണിലൂടെ മന്ത്രി സംസാരിച്ചിട്ടില്ല എന്നതിന് എന്താണ് ഉറപ്പാണെന്നും കെ.സുരേന്ദ്രന്‍. ഇതിന് മുന്‍പും ജലീല്‍ സ്വപ്നയെ വിളിച്ചിരുന്നു എന്നതിന് തെളിവ് വരുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍.

ജൂണില്‍ മാത്രം 10 തവണയാണ് മന്ത്രി ജലീല്‍ സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചത്. കൂടാതെ എസ്എംഎസ്സുകളുമുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കേസിലെ പ്രധാന പ്രതി സരിത്തിനെ പലതവണ വിളിച്ചു. സരിത്തിനും സ്വപ്നയ്ക്കുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അടുത്ത ബന്ധം എന്താണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കള്ളക്കടത്തിന് എല്ലാ സഹായങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. കാര്യങ്ങള്‍ ഇത്രത്തോളം വ്യക്തമായിട്ടും തന്റെ ഓഫീസിനെ കുറിച്ച് യാതൊരു അന്വേഷണവും വേണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.