വിഷ്ണു ഭക്തരുടെ വോട്ട് കൊണ്ടാണ് ഐസക്ക് ജയിച്ച് മന്ത്രിയായത്, വാമനനെ ചതിയനെന്നു വിളിച്ച തോമസ് ഐസ്‌ക്ക് മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍

വാമനന്‍ പരാമര്‍ശത്തില്‍ മന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാമനനെ ചതിയനെന്ന് വിളിച്ച തോമസ് ഐസക്ക് മാപ്പു പറയണമെന്ന് സുരേന്ദ്രന്‍ പറയുന്നു. വാമനന്‍ മഹാവിഷ്ണു ആണെന്നും വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാകുന്നതെന്ന് ഓര്‍മ്മ വേണമെന്നും സുരേന്ദ്രന്‍ പറയുന്നു.

ദശാവതാരങ്ങളിലൊന്നായ വാമനമൂര്‍ത്തി ചതിയനാണെന്ന് ഐസക്കിന് പറയാന്‍ കഴിയുന്നതെന്തുകൊണ്ടാണ്. മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവമാണ്. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാകുമോ? സുരേന്ദ്രന്‍ ചോദിക്കുന്നു.

തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെ നടുവില്‍ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികള്‍ ഓണപ്പൂക്കണമിടുന്നത്. വാമനന്‍ മഹാവിഷ്ണു തന്നെയാണ്. തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.