‘ഇപ്പോ വണ്ടിയുന്താന്‍ വേറെയാളുണ്ടല്ലോ’; ഇന്ധന വിലവര്‍ധനക്കെതിരെ കെ സുരേന്ദ്രന്റെ പ്രതികരണം

ഇന്ധന വിലവര്‍ധനക്കെതിരെ മുന്‍പ് താങ്കള്‍ വണ്ടി തള്ളി പ്രതിഷേധിച്ചതാണല്ലോ എന്ന ചോദ്യത്തിന് ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആള്‍ക്കാരുണ്ടല്ലോ എന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെട്രോള്‍ വിലവര്‍ധനവിനെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധം നടത്തിയത് പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ആണെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ സമരം ചെയ്യും. ഏതു വിഷയത്തിലും അങ്ങനെയാണ്. അതിനെന്താണ് കുഴപ്പമെന്നും സുരേന്ദ്രന്‍ ചോദിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമാണോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നായിരുന്നു മറുപടി. ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ല. പെട്രോളിന് ചിലപ്പോള്‍ വില കൂടുകയും മറ്റു ചിലപ്പോള്‍ കുറയുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഗ്ലോബലൈസേഷന്റെ ഭാഗമായി മാര്‍ക്കറ്റ് ഓപ്പണ്‍ ആകുമ്പോള്‍ സര്‍ക്കാരില്‍നിന്ന് പലതും നഷ്ടപ്പെടും. പെട്രോള്‍ വിലയൊക്കെ ആരാണ് നോക്കുന്നത്? അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 87 രൂപയ്ക്ക് പെട്രോള്‍ അടിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധന വില നിര്‍ണയാധികാരം സര്‍ക്കാരില്‍ നിന്ന് എടുത്തുകളഞ്ഞത് യുപിഎ സര്‍ക്കാരാണ്. കോണ്‍ഗ്രസിന് എങ്ങനെ അതിനെതിരെ പറയാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.