മുഖ്യമന്ത്രിയുടെ വോട്ട്കച്ചവടം ആരോപണം തള‌ളി ബിജെപി, തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം നിഷേധിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 2016 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ബിജെപിക്ക് വോട്ട് കുറഞ്ഞു. പാര്‍ട്ടിക്ക് സംഭവിച്ച തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന അദ്ധ്യക്ഷനായ തനിക്കാണെന്നും തോല്‍വിയെ സംബന്ധിച്ചുള‌ള കാര്യങ്ങള്‍ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയ്‌ക്ക് വോട്ട് കുറഞ്ഞു എന്നഭിപ്രായപ്പെടുന്ന ഇടത് മുന്നണിയ്‌ക്ക് 2016 തിരഞ്ഞെടുപ്പിനെക്കാള്‍ 8 ശതമാനം വോട്ട് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കുറഞ്ഞു. ഈ വോട്ട് സിപിഎം വി‌റ്റോയെന്നും അതിന്റെ പണം എ‌കെ‌ജി സെന്ററിലേക്കോ അതോ ധര്‍മ്മടത്തേക്കാണോ പോയതെന്നും കെ.സുരേന്ദ്രന്‍ പരിഹസിച്ചു.

തൃപ്പൂണിത്തുറ, കുണ്ടറ, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ ഇത്തവണ ഇടത് മുന്നണിക്ക് വോട്ട് കുറഞ്ഞുവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് വോട്ട് കച്ചവടം എന്ന ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയല്ലെന്ന് ഓര്‍ക്കണമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ ഇടത് മുന്നണിയ്‌ക്ക് കുറഞ്ഞ വോട്ടുകള്‍ എല്ലാം എല്‍ഡിഎഫ് രാഹുല്‍ ഗാന്ധിയ്‌ക്ക് വി‌റ്റതല്ലേയെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു. ബിജെപിയ്‌ക്ക് വിജയസാദ്ധ്യതയുള‌ള മണ്ഡലങ്ങളില്‍ ഇടത് മുന്നണിയ്‌ക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്.

നേമത്ത് എസ്‌ഡിപിഐയുടെ സഹായം ലഭിച്ചെന്ന് മുഖ്യമന്ത്രിയും ശിവന്‍കുട്ടിയും നിഷേധിച്ചിട്ടില്ല. എല്‍ഡിഎഫിന്റെ ഘടക കക്ഷിയായ ശ്രേയാംസ്‌കുമാര്‍ മത്സരിച്ച കല്‍പ‌റ്റയില്‍ മുസ്ളീംവോട്ടുകളെല്ലാം ടി.സിദ്ദിഖിന് പോയിട്ടുണ്ട്. ഇവിടെ 25,000 വോട്ടിനെങ്കിലും ശ്രേയാംസ്‌കുമാര്‍ ജയിക്കേണ്ടതായിരുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഷാഫി പറമ്ബിലും, സിദ്ദിഖും, എ.കെ.എം അഷ്‌റഫും ജയിച്ചപ്പോഴും സന്തോഷിച്ചത് കോണ്‍ഗ്രസുകാര്‍ മാത്രമല്ല. പല ഇടത് അനുകൂല പ്രവര്‍ത്തകരും സൈബര്‍ ഇടങ്ങളില്‍ ഇവരുടെ വിജയത്തില്‍ സന്തോഷിച്ചു. ലീഗുകാര്‍ മത്സരിക്കാത്തയിടത്തെല്ലാം മുഴുവന്‍ വര്‍ഗീയ ശക്തികളും സിപിഎമ്മിന് വോട്ടുചെയ്‌തുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുകുമാരന്‍ നായര്‍ക്കെതിരായുള‌ള ആരോപണം പോലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സഹായിക്കാത്തവര്‍ക്കെല്ലാം ലക്ഷ്യം വച്ചുള‌ള ആക്രമണം നടക്കുന്നു. തിരഞ്ഞെടുപ്പില്‍ സഹായിക്കാത്തവരെ ഭീഷണിപ്പെടുത്താന്‍ പല പാര്‍ട്ടി നേതാക്കളും തയ്യാറാകുന്നുവെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ലൗജിഹാദിനെതിരെ പറഞ്ഞ ജോസ് കെ മാണിയ്‌ക്കും പി.സി ജോര്‍ജിനും സംഭവിച്ചത് കാണാതെ കോണ്‍ഗ്രസ് പോയാല്‍ അവരുടെ പതനം വലുതാകുമെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സ്വന്തം കാലിന്‍ ചുവട്ടിലെ മണ്ണ് എവിടേക്കാണ് ഒലിച്ച്‌ പോയതെന്ന് ചെന്നിത്തല പരിശോധിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയ്‌ക്ക് സംഭവിച്ച വോട്ട് ചോര്‍ച്ചയെ കുറിച്ച്‌ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.