കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്, തിരുവനന്തപുരത്ത് നാളെ പൊതുദർശനം

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്. എറണാകുളത്ത് നിന്ന് മൃതദേഹം നാളെ രാവിലെ ഏഴ് മണിക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും.

അതിന് ശേഷം ഉച്ചക്ക് രണ്ടുമണിവരെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനം. അതിനുശേഷം മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും തുടര്‍ന്ന് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ കോട്ടയത്തെ വാഴൂരില്‍ മൃതദേഹം സംസ്‌കരിക്കും.

ഇന്ന് വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനം രാജേന്ദ്രന്‍ അന്ത്യം. പ്രമേഹം മൂര്‍ച്ഛിച്ച്, കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1950 നവംബര്‍ പത്തിന് കോട്ടയം കാനത്ത് ജനനം. വാഴൂര്‍ എസ്‌വിആര്‍എന്‍എസ്എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്.