കടയ്ക്കാവൂര്‍ പോക്‌സോ കേസ്; അമ്മയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. അമ്മയ്‌ക്കെതിരെ തെളിവുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ പരാതിയല്ല ഇതെന്നും കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അമ്മയുടെ മൊബൈല്‍ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസ് കുടുംബ പ്രശ്‌നമായി കാണാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പരാതിയുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നതായും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരയായ കുട്ടിയുടെ മാനസിക ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധനുള്‍പ്പെടുന്ന വിശദമായ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാന്‍ പൊലീസ് കത്ത് നല്‍കിയിരുന്നു. കേസില്‍ പൊലീസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഐജി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ.

അതേസമയം മകനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അമ്മ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായതോടെ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. പോക്‌സോ നിയമപ്രകാരം മാതാവിനെതിരെ കേസെടുത്ത സംഭവം ഗൂഢാലോചനയെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആക്ഷേപം.

ശാസ്ത്രീയമായ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. 17ഉം 13ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമുള്ള ദമ്പതികളില്‍ ഭര്‍ത്താവാണ് ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. താന്‍ വിദേശത്തായിരുന്ന സമയത്ത് ഭാര്യ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2019 ഡിസംബറില്‍ പിതാവിനൊപ്പം വിദേശത്ത് എത്തിയ രണ്ടാമത്തെ മകനാണ് ഒരുവര്‍ഷത്തിനുശേഷം ചൈല്‍ഡ് ലൈനു മുന്നില്‍ മാതാവിനെതിരെ മൊഴി നല്‍കിയത്.

എന്നാല്‍ ദമ്പതികളുടെ ഇളയകുട്ടിയുടെ മൊഴിയാണ് കേസിനെ ഇടയ്ക്ക് വഴി തിരിച്ചുവിട്ടത്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് ഭാര്യയെ പോക്‌സോ കേസില്‍ കുടുക്കിയതെന്ന് യുവതിയുടെ മാതാപിതാക്കളും പരാതിപ്പെട്ടു. ഭാര്യയ്‌ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും ആക്ഷേപമുണ്ട്.

ബി.എസ്.സി വിദ്യാര്‍ഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനര്‍ ആയ വ്യക്തി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നെങ്കിലും നിരന്തര പീഡനമായതോടെ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പെട്ടാണ് താമസം. യുവതിയും ഭര്‍ത്താവും തമ്മില്‍ കുടുംബകോടതിയില്‍ വിവാഹമോചനം, കുട്ടികളുടെ അവകാശം, സ്വത്ത് സംബന്ധമായ വിഷയങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. ഇതിനിടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭര്‍ത്താവിനൊപ്പം കൊണ്ടുപോയി. ഇതിലൊരുകുട്ടിയുടെ മൊഴിയിലാണ് കേസും അറസ്റ്റും ഉണ്ടായത്.