കിടപ്പറയില്‍ പരാജയം, ആണിന് കൊടുക്കാന്‍ ഒന്നുമില്ലാത്തവള്‍- എന്നായിരുന്നു തനിക്കുമേലുള്ള പ്രധാന ആരോപണം, വിവാഹ മോചനത്തെ കുറിച്ച് കല മോഹന്‍

ഉത്രയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി കുറിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ പിന്തുണ നല്‍കൂ മരിച്ചിട്ട് അല്ല,-  എന്ന പേരില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ കല മോഹന്‍ പങ്കുവെച്ച കുറിപ്പും വൈറലാവുകയാണ്. താന്‍ മരിച്ച് കഴിയുമ്പോള്‍ ആരും തനിക്ക് പിന്തുണ നല്‍കരുതെന്ന് പറയുകയാണ് കല. അച്ഛനും അമ്മയും സഹോദരനും വിവാഹബന്ധം ഉപേക്ഷിച്ചു ഞാന്‍ തിരികെ ചെന്നാല്‍ എന്നും എന്നെ സ്വീകരിക്കാന്‍ ഒരുക്കമായിരുന്നു. എന്റെ ജീവന്‍ അപകടത്തില്‍ ആണെന്ന് എനിക്ക് ഒഴിച്ച് മറ്റുള്ളവര്‍ക്ക് തോന്നിയിരുന്നുവെന്ന് കല കുറിച്ചു. പിഴച്ചവള്‍ അല്ല കിടപ്പറയില്‍ പരാജയം എന്നതായിരുന്നു എന്റെ മേലെ ഉള്ള പ്രധാന ആരോപണം. ആണിന് കൊടുക്കാന്‍ ഒന്നുമില്ലാത്തവള്‍. ലൈംഗിക താല്പര്യം ഇല്ലാത്ത സ്ത്രീ എന്നായിരുന്നു മുന്‍ ഭര്‍ത്താവിന്റെ പ്രധാന ആരോപണം എന്നും കല ഫേസ്ബുക്കില്‍ കുറിച്ചു.

കലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

ജീവിച്ചിരിക്കുമ്പോള്‍ പിന്തുണ നല്കൂ, മരിച്ചിട്ട് ## ഇടാതെ. ഞാന്‍ മരിച്ചാല്‍ ദൈവത്തെ ഓര്‍ത്തു അത് ചെയ്യരുത്. പൊറുക്കില്ല ഞാനത്. മരണാനന്തരം Justice for കല ### എന്നത് ഞാന്‍ വെറുക്കുന്നു.
അച്ഛനും അമ്മയും സഹോദരനും വിവാഹബന്ധം ഉപേക്ഷിച്ചു ഞാന്‍ തിരികെ ചെന്നാല്‍ എന്നും എന്നെ സ്വീകരിക്കാന്‍ ഒരുക്കമായിരുന്നു. എന്റെ ജീവന്‍ അപകടത്തില്‍ ആണെന്ന് എനിക്ക് ഒഴിച്ച് മറ്റുള്ളവര്‍ക്ക് തോന്നിയിരുന്നു. പക്ഷെ ഞാന്‍ അതിനു മുതിര്‍ന്നിട്ടില്ല, 19 വര്‍ഷവും. നിന്നെ വേണ്ട എന്നത് അദ്ദേഹം പറയുന്നത് വരെ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇനി ഞാന്‍ വേണ്ട എന്ന് തീരുമാനം എടുത്തത് അദ്ദേഹവും വീട്ടുകാരും ആണ്.

പിഴച്ചവള്‍ അല്ല കിടപ്പറയില്‍ പരാജയം എന്നതായിരുന്നു എന്റെ മേലെ ഉള്ള പ്രധാന ആരോപണം. ആണിന് കൊടുക്കാന്‍ ഒന്നുമില്ലാത്തവള്‍. ലൈംഗിക താല്പര്യം ഇല്ലാത്ത സ്ത്രീ എന്നാണ് ആരോപണം,
ആണുമായോ പെണ്ണുമായോ എനിക്ക് മറ്റുബന്ധങ്ങള്‍ ഇല്ല എന്നതും അദ്ദേഹം പറയുന്നുണ്ട്. എന്റെ അച്ഛനോട് നിങ്ങളുടെ മകളുടെ കഴിവ് കേട് കൊണ്ടാണ് എന്ന് പറഞ്ഞു അച്ഛന്‍ ചോദ്യം ചെയ്ത ചില കാര്യങ്ങള്‍ അദ്ദേഹം ന്യായീകരിച്ച നിമിഷം മുതല്‍ അച്ഛന്‍ മാനസികമായി അദ്ദേഹത്തെ ഒട്ടും ബാക്കി ഇല്ലാതെ വെറുത്തു. കുത്തിക്കൊള്ളണം എന്ന് അമ്മ ആഗ്രഹിച്ചു. ആങ്ങളയ്ക്ക് കൈയ്യൂക്ക് കാണിക്കാന്‍ ഞാനും മോളും തടസ്സം നിന്നു.

കോടതിയില്‍ ജഡ്ജിന്റെ മുന്നില് ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നു. എനിക്ക് വക്കീല്‍ ഇല്ല. എന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല, ഞാന്‍ അദ്ദേഹം തന്ന പേപ്പറില്‍ sign ചെയ്തു കൊടുത്തത്. Judge എനിക്ക് പറയാനുള്ളത് ചോദിച്ചു. എന്നെ വേണ്ട എന്ന് പറയുന്നു,ഇനി ഞാന്‍ എന്താ വേണ്ടത്. അദ്ദേഹം ഒരു വേള എന്നെ നോക്കി, പേപ്പറില്‍ എഴുതി. നാട്ടാര് എന്ത് പറയും, കരുതും എന്ന് ഓര്‍ത്തു നീങ്ങുന്ന വലിയ കുടുംബ മഹിമയാണ് ഞങ്ങളുടേത്. മനസ്സിന്റെ പച്ചയായ ചിന്ത അവര്‍ക്ക് വഴിതെറ്റല്‍ ആണ്. ഇപ്പോള്‍ അച്ഛനും അമ്മയും പൊതുഇടങ്ങളില്‍ പോകാറില്ല. മോള്‍ടെ കാര്യം ചോദിക്കുമ്പോള്‍ അച്ഛന്റെ തല കുനിയുന്നു എന്നാണ് പറയാറ്..
കോടതിയില്‍ അത്യവശ്യം പോയി ജൂനിയര്‍ വക്കീലിനെ കൊണ്ട് കേസ് നടത്തി അച്ഛന്‍ ഒതുങ്ങി. ദേഷ്യം, പൊട്ടിത്തെറി ഇതൊക്കെ ആണ് ഇപ്പൊ അച്ഛനും അമ്മയ്ക്കും എന്നെ കണ്ടാല്‍. ആരുടെയും ഫോണ്‍ അച്ഛന്‍ എടുക്കാറില്ല. ഞാന്‍ അങ്ങോട്ട് പോകുന്നതും വിരളം.

ഞാന്‍ ഇറങ്ങി വന്ന, ഞാനും മോളും അവളുടെ അച്ഛനും ആയി താമസിച്ചിരുന്ന ആ വീട്ടില്‍ അദേഹത്തിന്റെ ഇഷ്ടക്കാരും അദ്ദേഹവും സന്തോഷത്തോടെ വാഴുന്നു എന്നത് അച്ഛന് ഉള്‍കൊള്ളാന്‍ പറ്റുന്നതല്ല. ശപിക്കാന്‍ അച്ഛന് ശക്തി ഇല്ലാ എന്നെനിക്ക് ഇപ്പോള്‍ അറിയാം..അവന്‍ നശിച്ചു പോകുമെന്ന് കരഞ്ഞു കൊണ്ട് പറയുന്ന അമ്മയ്ക്കും ഇല്ല. കാരണം, ആ വീട്ടില്‍ അദ്ദേഹത്തിനും കൂട്ടര്‍ക്കും ഒന്നിനും കുറവില്ലല്ലോ. അപ്പൊ ദൈവഹിതം മറ്റൊന്നാണ്. എന്റെ അച്ഛന്‍ എനിക്കു മുന്നേ ഈ ലോകം വിട്ടാല്‍ അതെന്നെ ഓര്‍ത്തു നീറി ആകും എന്നെനിക്ക് അറിയാം. ഞാന്‍ നിസ്സഹായ ആണ്. കാരണം എന്റെ മോള്‍ക്ക് അവളുടെ അച്ഛന്റെ മേലെ ഒരു മണ്ണ് വീണാല്‍ സഹിക്കില്ല.

അനുവാദം ഇല്ലാതെ നടു വിട്ട എന്നെ മൂന്ന് പേരും ഒരുപാട് ശപിച്ചിട്ടുണ്ട്. ഇന്നും സഹോദരനും ഞാനും തമ്മില്‍ അടുപ്പമില്ല. കുടുംബം എന്നത് ശ്മശാനം പോലെ ആയി. ഇപ്പോള്‍ ഞാന്‍ ഈ fb യില്‍ എഴുതി എഴുതി, വളരെ കുറച്ചു നന്മ ഉള്ളവരുടെ സാന്ത്വനത്തില്‍ കുറച്ചു മാറ്റങ്ങള്‍ അച്ഛനുമമ്മയ്ക്കും ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നു. ഇങ്ങനെ fbyil എഴുതുമ്പോള്‍ മറ്റുള്ളവര്‍, പരിഹസിച്ചതോ സഹതപിച്ചതോ ഞാന്‍ അറിഞ്ഞിട്ടില്ല. എനിക്ക് പിന്നിലെ പുച്ഛച്ചിരി ഞാന്‍ എഴുതി തള്ളി. ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു, അശ്ലീല ചുവയോടെ ആറാടി. എന്റെ ചിരി അസഹ്യമായത് ശത്രുക്കള്‍ക്കു അല്ലായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പോസ്റ്റിനു കീഴെ വരുന്ന കമന്റ്‌സ് വായിച്ചു ഓരോരുത്തരും എന്നെ സന്തോഷം അറിയിച്ചു. ഞാന്‍ ദുഃഖങ്ങള്‍ തട്ടിത്തെറിപ്പിച്ചത് അവര്‍ സഹിച്ചില്ല.

അവസാനമായി അത്തരത്തില്‍ ഒരു കമെന്റ് എന്റെ ഒരു ഫെമിനിസ്റ്റ് സുഹൃത്ത് അവളുടെ ജാരന്‍ പറഞ്ഞു എന്ന് ചൂണ്ടി കാട്ടി. ഒരു നിമിഷം കളയാതെ ജോലി ചെയ്ത് നീങ്ങുന്ന ഞാന്‍ ഒരുത്തന്റെയും കുടുംബം കലക്കി ഒരു നേരത്തെ കാശിനു വേണ്ടി എന്റെ ലൈംഗികത വിറ്റിട്ടില്ല എന്നത് മനസ്സ് കൊണ്ട് അവളെ പുച്ഛിച്ചു ഞാന്‍ മറുപടി വിഴുങ്ങി. ഇത്തരം ഒരുപാട് പേരെ ഞാന്‍ അകറ്റി നിര്‍ത്തിയിട്ടുണ്ട് ഇപ്പോള്‍.. ഒന്നും കൊണ്ടല്ല, അല്ലേല്‍ എന്റെ ഊര്‍ജം അവര്‍ തല്ലികെടുത്തും.

ഒളിഞ്ഞും മൂക്കില്‍ കറക്കി പിടിച്ചും ലൈംഗിക താല്പര്യം പ്രകടിപ്പുന്നവരോട് ഞാന്‍ പറയാറുണ്ട്, മുന്‍ഭാര്തതാവിന്റെ സര്‍ട്ടിഫിക്കറ്റ് ഇതാണെന്നു. ചുമ്മാ നിന്ന് കാല് കഴയ്‌ക്കേണ്ടല്ലോ. ആണ്‍ ശരീരമെന്നാല്‍ എനിക്ക് അറപ്പാണ് എന്ന് അറിഞ്ഞൂടെ?? കൊഴുത്ത ശരീരത്തിനുള്ളില്‍ ഒരു ആണിനും വഴങ്ങാത്ത ധ്രാഷ്ട്യമുള്ള രതിയുടെ മുഷിഞ്ഞ ഇടങ്ങളാണ്. പുരുഷഭാഗം എന്നാല്‍ എനിക്ക് അയ്യേ എന്നാണ്. അതിനാല്‍ എന്റെ ശരീരത്തിലെ മുഴുപ്പ് കണ്ടു ഇളകി അടുത്ത് വരല്ലേ. ഏതു നിയമത്തെക്കാളും ശക്തി എന്റെ പേനയ്ക്ക് ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. പെണ്ണുങ്ങളെ, നമ്മുക്ക് ഉച്ചത്തില്‍ സംസാരിക്കാന്‍ പറ്റണം. ദുരഭിമാനം എന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്. ഉറക്കെ പറയണം, ശബ്ദിക്കണം. കരഞ്ഞു ഇരുന്നാല്‍ സഹതാപം കിട്ടും. കരച്ചില് നിര്‍ത്തിയാല്‍ ആരോപണം കിട്ടും. രണ്ടും നോക്കേണ്ട. നമ്മുക്ക് നമ്മളാണ് തുണ… !

കോളേജില് പാര്‍ട്ട് ടൈം ജോലി ഉണ്ട്, ഫ്രീലാന്‍സിങ് ഉണ്ട്, ഓണ്‍ലൈന്‍ consultation ഉണ്ട്, ഇഗ്‌നോ facutly ആണ് അങ്ങനെ നിരവധി മേഖലയില്‍ ഞാന്‍ 24 മണിക്കൂറും സജീവം ആണ്. കിടപ്പാടം സ്വന്തമായി ഉണ്ട്.. ആരും ഇറക്കി വിടില്ല. ഒറ്റ രൂപ കടമില്ല.. അതാണ് സമ്പാദ്യം. കടുത്ത ഈശ്വരവിശ്വാസി ആണ്. എന്റെ അച്ഛന്‍ എനിക്കു തന്ന സ്ത്രീധനമൊക്കെ നഷ്ടമായി. കട്ടോണ്ട് പോകാന്‍ പറ്റാത്തതായി എന്റെ വിദ്യാഭ്യാസമാണ്. അതിലാണ് എന്റെ നിലനില്‍പ്പ്. മാതാപിതാക്കളെ അത് മാത്രം കൊടുക്ക് മക്കള്‍ക്ക്. അഭിനന്ദനങ്ങളെക്കാള്‍ ആരോപണം ആണ് തുറന്നെഴുതുന്നതില്‍ എനിക്ക് കിട്ടാറുള്ളത്.

നേരെ മറിച്ചു ഞാന്‍ കൊല്ലപ്പെട്ടിരുന്നു, എങ്കില്‍, ആത്മഹത്യ ചെയ്തിരുന്നു എങ്കില്‍, ഇതേ ആളുകള്‍ justice for കല # എന്ന് എന്റെ ഫോട്ടോ എടുത്തു ആറാടി തകര്‍ത്തേനെ. പ്രതികരിക്കുന്ന ഏത് പെണ്ണും സമൂഹത്തില്‍ അപഥസഞ്ചാരിണി ആണ്. പുച്ഛം തോന്നുന്നു സമൂഹത്തോട്. പക്ഷെ ഞാന്‍ നിര്‍ത്തില്ല. എഴുതും,എന്റെ സഹായം വേണ്ടവര്‍ക്ക് ചെയ്തും കൊടുക്കും. ജീവനുള്ളടുത്തോളം. കൗണ്‍സലിംഗ് എന്നാല്‍ ഉപദേശം അല്ല. ഉപദേശിക്കാന്‍ ഞാന്‍ നില്‍ക്കാറില്ല. എങ്ങനെ പ്രതിസന്ധികള്‍ തരണം ചെയ്യാം എന്നതാണ് എന്റെ കയ്യിലുള്ള മരുന്ന്. അതില്‍ ഞാന്‍ വിജയിച്ചതാണ്. ആത്മഹത്യ എന്റെ മാര്‍ഗ്ഗമല്ല. അതേ ഞാന്‍ മറ്റുള്ളവര്‍ക്കും കൊടുക്കുന്നുള്ളു.. ഉത്തരയ്ക്ക് നീതി കൊടുക്കാനുള്ള tag കുതിയ്ക്കുക ആണ്.. ജീവിച്ചിരിക്കുന്നവര്‍ക്ക് കൊടുക്കാന്‍ എന്തേ പറ്റുന്നില്ല.

https://www.facebook.com/kpalakasseril/posts/10158029340574340