എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് അറിയുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തെ അവജ്ഞ; കുറിപ്പ്

എച്ച്‌ഐവി പോസിറ്റീവ് എന്ന് അറിഞ്ഞാല്‍ സമൂഹം അവരെ മോസമായാണ് ചിത്രീകരിക്കുന്നത്. ഇപ്പോഴും അതിന് ഒരു മാറ്റം ഉണ്ടായിട്ടില്ല. എച്ച്‌ഐവി ബാധിച്ചവരുടെ ജീവിതം എങ്ങനെയെന്ന് ഒരിക്കല്‍ പോലും മറ്റാരും ചിന്തിക്കില്ല. വളരെ വിഷമകരമായ അവസ്ഥകളിലൂടെ അവര്‍ക്ക് കടന്നു പോകേണ്ടി വരും. ഇതിനെ കുറിച്ച് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കൊല്ലം Tkm എഞ്ചിനീയറിംഗ് കോളേജില് ജോലി നോക്കുന്ന സമയം. കുട്ടികള്‍ സംഘടിപ്പിച്ച ഒരു പരുപാടിയുടെ ഭാഗമായി എയ്ഡ്‌സ് ബാധിതരായ ആളുകളുടെ ഇടയ്ക്കു കുറച്ചു സമയം പങ്കിടാന്‍ സാധിച്ചു.. ഞാന്‍ കണ്ട വ്യക്തികള്‍ ഒക്കെ തന്നെയും ആ രോഗാവസ്ഥയുടെ മാനസിക സംഘര്‍ഷത്തെ അതിജീവിച്ച , അതിജീവിച്ചു കൊണ്ടിരിക്കുന്നവര്‍ ആയിരുന്നു.. നിറഞ്ഞ ചിരിയോടെ , തമാശ കഥകളുടെ ആരവത്തില്‍ അവര്‍ ചുറ്റും നിരന്നു.. പൊട്ടിചിരിയിലും സന്തോഷത്തിലും മുന്നോട്ടു നീങ്ങിയ ആ നേരങ്ങളില്‍ , ചിലര്‍ അവരുടെ ഭൂതകാലം പങ്കിട്ടു..

വിവാഹം കഴിഞ്ഞു ഏറെ താമസിക്കും മുന്‍പേ ഗര്‍ഭിണി ആയി.. പിറക്കാന്‍ പോകുന്ന കുഞ്ഞിനെ സ്വപ്നം കണ്ടും വിദേശത്തുള്ള ഭാര്തതാവിനു കത്തെഴുതിയും കഴിഞ്ഞു കൂട്ടിയ നാളുകള്‍.. അസുഖബാധിതനായ ഭാര്തതാവ് ഒരു മുന്നറിയിപ്പും ഇല്ലാതെ തിരിച്ചെത്തി.. മരണകിടക്കയില്‍ ആ കണ്ണുകള്‍ ദയനീയമായി എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു.. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും എനിക്കാകുമായിരുന്നില്ല.. ഹൃദയം സ്തംഭിച്ചു മരിച്ചു പോയെങ്കില്‍ എന്ന് പലവട്ടം ആഗ്രഹിച്ചു… പലപ്പോഴും പൊട്ടിത്തെറിച്ചു.. കോപത്തോടെ അലറി..അടുത്ത നിമിഷം അദ്ദേഹത്തെ കെട്ടിപിടിച്ചു കരഞ്ഞു.. വല്ലാത്ത ഒരു അവസ്ഥയായിരുന്നു..

മരിച്ചു പോയ മനുഷ്യനോട് ഇന്നും വെറുപ്പില്ല.. ജീവിക്കാനുള്ള വക തന്നിട്ടാണ് അയാള്‍ പോയത്.. എന്റെ അച്ഛനും അനിയത്തിക്കും അല്ലാതെ മറ്റാര്‍ക്കും ഈ വിവരം അറിയില്ല.. കുഞ്ഞിന് ദൈവം സഹായിച്ചു രോഗമില്ല.. അവനിന്നു പ്ലസ് ടു വിനു പഠിക്കുന്നു.. മരിച്ചു കഴിഞ്ഞാലും നിന്നെ ഓര്‍ത്തു എന്റെ കണ്ണുനീര്‍ ഒഴുകുമെന്നു അച്ഛന്‍ ഇപ്പോഴും പറയും.. സാമ്പത്തികം ഒരു വലിയ ഘടകം തന്നെ ആണ്.. അതിന്റെ ബലത്തില്‍ ആണ് ഞാന്‍ പിടിച്ചു നില്‍ക്കുന്നത്..

ഇതേ അവസ്ഥ അല്ല , പലര്‍ക്കും.. മരുന്ന് മാത്രമാണ് സൗജന്യം.. സര്‍ക്കാരില്‍ നിന്നും വേണ്ടത്ര സഹായം ലഭിക്കുന്നില്ല.. പരാതികള്‍ , പരിഭവങ്ങള്‍.. പോഷകാഹാരം നന്നായി കഴിക്കണം.. സാമ്പത്തിക ബുദ്ധിമുട്ടു പരിമിതികള്‍ സൃഷ്ടിക്കുന്നു… നിയമ സംവിധാനങ്ങളുടെ അന്ധതയും മൂകതയും കഷ്ടപ്പാടിന്റെ നെടുവീര്‍പ്പുകള്‍ കൂട്ടുന്നു… താങ്ങായി കുടുംബത്തിന്റെയോ പണത്തിന്റെയോ പശ്ചാത്തലം ഇല്ലാത്തത് ദുരിതം ഏറെ ആക്കുന്നു… ഭാര്തതാവിനു അസുഖം ആണെന്ന് അറിഞ്ഞ ഉടനെ അച്ഛന്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു ഇറങ്ങി വരാന്‍ പറഞ്ഞു.. എനിക്കതിനു ആയില്ല.. ഞാനും പോസിറ്റീവ് ആണ്.. ഞങ്ങള്‍ രണ്ടാളും പഠിച്ചു ജോലി നേടി.. ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തുണ്ട്.. കുടുംബത്തില്‍ നിന്നും പുറംതള്ളിയത് കൊണ്ട് ഒറ്റപ്പെട്ട അവസ്ഥ ഇടയ്ക്കു സങ്കടപെടുത്താറുണ്ട്.. എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും അദ്ദേഹം ഉണ്ടല്ലോ എന്ന ആശ്വാസം ഉണ്ടേലും അച്ഛനെയും അമ്മയെയും കാണാന്‍ കൊതി ഉണ്ടാകാതെ ഇരിക്കില്ലല്ലോ… ആ നൊമ്പരം വിവരണാതീതമാണ്…

പോസിറ്റീവ് ആണെന്ന് അറിയുമ്പോള്‍ മറ്റുള്ളവരുടെ മുഖത്തെ അവജ്ഞ ,അതിന്നും തുടരുന്നുണ്ട്.. മറ്റൊരാള്‍ പറഞ്ഞു.. കുഞ്ഞിന് അസുഖം ആയി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.. അടുത്ത് കിടന്ന മറ്റു രോഗികള്‍ ഒക്കെ നല്ല സഹകരണമായിരുന്നു.. പിന്നെ ഒരു നേഴ്‌സ് പറഞ്ഞു അറിഞ്ഞിട്ടു , അവരെല്ലാം കൂട്ടത്തോടെ അവിടെ നിന്നും മാറി.. അങ്ങനെ എത്ര അനുഭവങ്ങള്‍.. ഇത്തരം കഥകള്‍ പങ്കുവെക്കുമ്പോള്‍ പലപ്പോഴും വാക്കുകള്‍ മുറിഞ്ഞു.. കണ്ണ് നിറഞ്ഞു .. ലാഘവത്തോടെ ഭൂതകാലം പങ്കുവെച്ച പലരുണ്ട്..

ഡോക്ടര്‍ പറഞ്ഞ കാലം കഴിഞ്ഞും ഞാന്‍ ജീവിച്ചു.. അപ്പോള്‍ ഉണ്ടായ ഒരു മനോധൈര്യം… ജീവിതം തീര്‍ന്ന് എന്ന് കരുതിയതല്ലേ… മറയില്ലാതെ തുറന്നു പറയാറുണ്ട്.. കാരണം , കിട്ടുന്ന ആനുകൂല്യങ്ങള്‍ നഷ് ടമാക്കരുതല്ലോ… തുറന്ന ചിരിയോടെ , ആത്മവിശ്വാസത്തോടെ ഒരു മുഖം… എന്തിനും നല്ല മനക്കരുത്തു ഉണ്ടെങ്കില്‍ എല്ലാ രോഗത്തെയും ജയിക്കാം.. അതെ , എന്ന് ഭൂരിപക്ഷം പേരും തലയാട്ടി.. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും തങ്ങള്‍ക്കും കൂടി ആണ്.. ഭൂമിയില്‍ ജീവിക്കാനുള്ള എല്ലാ അവകാശത്തോടെ…