സ്വന്തം ചേച്ചി ഇത്തരത്തിൽ ഒരു ചതി കാണിക്കുമെന്ന് മനസ്സിൽ കൂടി ആലോചിച്ചിട്ടില്ല, അനുജത്തി പറഞ്ഞു

പലപ്പോളും കുടുംബ ബന്ധങ്ങൾ തകരാൻ കാരണം അവിഹിത ബന്ധങ്ങളാണ്. ചെറിയൊരു വീഴ്ചയിൽ തന്നെ തകർന്നു പോയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പൊൾ സ്വന്തം അനുജത്തിയുടെ ഭർത്താവും ആയി ചേച്ചിക്ക് അവിഹിതം ഉണ്ടായ ഒരു സംഭവം തന്റെ മുന്നിൽ എത്തിയ കാര്യം പറയുകയാണ് സൈക്കോളജിസ്റ്റ് കൗൺസിലർ ആയ കല മോഹൻ.

കല മോഹന്റെ കുറിപ്പിന്റെ പൂർണരൂപം;

സ്ത്രീകൾ, മത്സരിക്കുമ്പോൾ സൂക്ഷിക്കണം. അവിടെ മനുഷ്യത്വം പമ്പ കടക്കും. പ്രത്യേകിച്ച് ഒരേ പുരുഷന് വേണ്ടി ആണെങ്കിൽ. ചേച്ചിയുടെ ഭാര്തതാവ് മരിച്ചു, അഞ്ചു വരഷത്തോളം ആയി. പ്രായം ആയ അമ്മയ്ക്ക് അതിനെ കുറിച്ചുള്ള വേവലാതി ആണ്. ഇപ്പൊ ഒരു വിവാഹം വന്നിട്ടുണ്ട്. ചേച്ചി സമ്മതിക്കുന്നില്ല. സഹോദരിയെ കുറിച്ചുള്ള ഉൽക്കണ്ഠ, കുടുംബത്തിന്റെ നിലനിൽപ്പ്, അമ്മയുടെ അവസ്ഥ ഒക്കെ നിഴലിക്കുന്ന വാക്കുകൾ. വിവാഹം എന്നത് അവനവന്റെ ആവശ്യമല്ലേ. അതിനു നിർബന്ധിക്കുന്നത് ശെരിയല്ല. ഞാൻ തറ തട്ടെ നിന്നിട്ടും , കൊച്ചു കുട്ടിയെ പോലെ വാശി പിടിച്ചവൾ സമ്മതിപ്പിച്ചു. എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ ശുപാർശ ആണ്. ഒഴിയാനും വയ്യ. കാര്യം പറയാം ,നിർബന്ധിക്കാൻ പറ്റില്ല. ഇതൊന്നും എന്റെ ജോലി അല്ല. കർശനമായി ഞാൻ പറഞ്ഞു.

അവർ എത്തി, പ്രതീക്ഷിക്കാത്ത രണ്ടു പേര് കൂടി. ഒന്ന് അനിയത്തിയുടെ ഭർത്താവ്, രണ്ടു വിധവ ആയ ചേച്ചിയെ വിവാഹം കഴിക്കാൻ ഒരുപാട് താല്പര്യത്തോടെ എത്തിയ ആൾ. ചേച്ചി ഒരുതരം നിർവികാരത മുഖത്തിട്ട് , മുന്നിൽ ഇരുന്നു. ആദ്യ വിവാഹം സന്തോഷമായി കഴിഞ്ഞതാണ്. വിധി ഇങ്ങനെ ഒക്കെ ആക്കി..ഇനി ഒരു പരീക്ഷണം വയ്യ. ഇനി ഒരാളെ കൂടി കൊല്ലണോ? ചൊവ്വ ദോഷം ഇനിയും ഒരാളിൽ പരീക്ഷിക്കാൻ വയ്യ. ജോലി ഉണ്ടല്ലോ ഇങ്ങനെ അങ്ങ് പോകും.’

എന്നെ നിര്ബന്ധിക്കേണ്ട. എന്ന ധ്വനി ആദ്യമേ തന്നു. എനിക്ക് ഈ കുട്ടിയെ ഒരുപാടു ഇഷ്‌ടമായി. ഞാൻ കാത്തിരുന്നോളാം , എനിക്ക് ജാതകത്തിലൊന്നും വിശ്വാസം ഇല്ല. കറുപ്പെങ്കിലും ആ മനുഷ്യന് വല്ലാത്ത ഒരു ഐശ്വര്യം ഉണ്ടായിരുന്നു. മനസ്സിന്റെ നൈർമല്യം സ്ഫുരിക്കുന്ന വാക്കുകൾ. അങ്ങനെ തോന്നി. അനിയത്തി പറയുന്നത് അമ്മയുടെ അവസ്ഥ ആണ്. കരച്ചിലും പറച്ചിലും ആകെ ബഹളം. അനിയത്തിയും ചേച്ചിയും മാത്രമായി സംസാരം.

മറ്റു രണ്ടുപേര് പുറത്ത് പോയിരുന്നു. അദ്ധ്യാപിക ആണ് അനിയത്തി. ഭാര്തതാവിന്റെ വീട്ടിൽ പ്രായമായ അച്ഛനും അമ്മയും ഉണ്ട്. അവരുടെ കാര്യം നോക്കണം. ഇടയ്ക്കോടി സ്വന്തം വീട്ടിലും വരണം. ചേച്ചി വിവാഹം കഴിച്ചു അവിടെ താമസമായാൽ അത് അമ്മയ്ക്ക് ഒരു അനുഗ്രഹം ആണ്. എന്തിനാണ് ഇത്ര ദൂരെ ജോലി സ്ഥലത്തു ഒറ്റയ്ക്ക് താമസം. ഒടുവിൽ , ചേച്ചി ഒരു കരയ്ക്ക് അടുത്തു. അനിയത്തിയോട് സമ്മതിച്ചു. പക്ഷെ എനിക്കെന്തോ ആ നിമിഷം തോന്നി. ഇവർ സമ്മതിക്കില്ല. ഒരിക്കലും. മറ്റെന്തോ കാരണം പിന്നിൽ ഉണ്ടെന്ന് തത്കാലം രക്ഷപ്പെടാനാണ് ഇതെന്ന്.

ചേച്ചിയെ കെട്ടാൻ ആഗ്രഹം പറഞ്ഞ ആളും, അനിയത്തിയുടെ ഭർത്താവും അകത്തേക്ക് എത്തി. ചേച്ചി സമ്മതിച്ച വിവരം അറിഞ്ഞ അനിയത്തിയുടെ ഭാര്തതാവ് പെട്ടന്ന് തന്നെ പ്രതികരിച്ചു. വെറുതെ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല വിവാഹം. അയാളുടെ വാക്കുകളിലെ അമർഷം. ചേച്ചിയോടുള്ള പരിഗണ ഒക്കെ നിറഞ്ഞ കള്ളത്തരത്തിന്റെ ചുരുൾ അഴിച്ചു. അനിയത്തിയുടെ മുഖത്തേക്ക് നോക്കി. ആ തല കുനിഞ്ഞു. ഗൂഢമായ ഒരു മന്ദഹാസത്തോടെ ചേച്ചി പുറത്തേക്കും പോയി.

”ഏകദേശം കാര്യങ്ങൾ മനസ്സിലായില്ലേ. എന്റെ ജീവിതമാണ്. പ്രേമ വിവാഹം ആയിരുന്നു. സ്വന്തം ചേച്ചി ഇത്തരത്തിൽ ഒരു ചതി കാണിക്കുമെന്ന് മനസ്സിൽ കൂടി ആലോചിച്ചിട്ടില്ല.
‘അമ്മ അറിഞ്ഞാൽ അപ്പൊ മരിച്ചു വീഴും. അത് മാത്രമല്ല.എന്റെ രണ്ടു പിള്ളേരുടെ ഭാവി.
അതിലെല്ലാം ഉപരി , എനിക്കിത് സഹിക്കാൻ വയ്യ.’ശബ്ദം പുറത്ത് വരാതെ കരയുന്ന ഒരു പാവം. അന്യസ്ത്രീ അല്ല..സ്വന്തം രക്തമാണ്. അത് ,സഹിക്കാൻ പറ്റുന്നില്ല. താൻ സ്നേഹിക്കുന്ന പുരുഷന്റെ , തന്റെ ആണിന്റെ നിഴലിൽ പോലും മറ്റൊരു സ്ത്രീയെ സഹിക്കില്ല. എനിക്കൊരു പ്രതീക്ഷയും ഇല്ലാതെ പിരിഞ്ഞ ഒരു സംഭവം. ഇടയ്ക്കു ഓർത്തിട്ടുണ്ട്. എന്തിനു ഇവരെ സഹിക്കുന്നു എന്ന് അനിത്തിയോട്
ചോദിക്കണമായിരുന്നു. പുകഞ്ഞ കൊള്ളി പുറത്തല്ലേ. ഇനി അവനങ്ങു പുണ്യാളൻ ചമഞ്ഞാലും, വിശ്വസിക്കാമോ..? അങ്ങനെ പലതും മനസ്സിലൂടെ പോയിട്ടുണ്ട്.

നാളുകൾ ഏറെ ആയി. ഇന്ന് ഞാൻ ആ കുടുംബത്തിനെ കണ്ടു. അനിയത്തിയും ഭർത്തവും രണ്ടു മിടുക്കൻ പിള്ളേരും. സന്തോഷത്തോടെ , സംതൃപ്തിയുടെ മുഖത്തോടെ അവൾ. ഓടി വന്നു , കൈ പിടിച്ചു. ചമ്മിയ മുഖം മാറ്റി ഭാര്തതാവ് ദൂരത്തേയ്ക്കു നോട്ടം പായിച്ചു. ”ഞാൻ ജയിച്ചു..” ആ വാക്കിൽ എല്ലാമുണ്ട്. എങ്ങനെ ,എന്ത് സംഭവിച്ചു ,എന്നൊന്നും ചോദിച്ചില്ല. ആ കുട്ടി , അത്ര ആഴത്തിൽ ആഗ്രഹിച്ചിരുന്നു. തന്റെ ഭാര്തതാവ് തന്നിലേക്ക് മടങ്ങി വരണം എന്ന്, അതാകും. ശക്തമായി ആഗ്രഹിക്കുന്നത് കിട്ടും. പക്ഷെ , ആ മനസ്സ് സാധാരണ സ്ത്രീകൾക്ക് ഉണ്ടാകുമോ എന്നാണ് സംശയം. സ്വന്തം രക്തതിനാൽ ചതിക്കപ്പെട്ടാൽ, ആ വഞ്ചന അറിഞ്ഞാൽ ,
എത്ര ശതമാനം സ്ത്രീകൾ കഴിഞ്ഞതൊക്കെ മറന്നു ജീവിതത്തെ ചേർത്ത് വെയ്ക്കാൻ ശ്രമിക്കും? അറിയില്ല.

എൺപതാം വയസ്സിലും തന്റെ സഹോദരിയോട്‌ പിണങ്ങി ഇരിക്കുന്ന ഒരു സ്ത്രീയെ അറിയാം. അവർക്കിടയിലെ കരടായിരുന്ന ചേച്ചിയുടെ ഭാര്തതാവ്‌ മരണപെട്ടിട്ടും ഇന്നും സഹോദരിയോട്‌ അവർ പൊറുത്തിട്ടില്ല. ഭാര്തതാവിനോട് പൊറുത്തു. കൂടെ ജീവിച്ചു. എന്നിട്ടും സഹോദരിയോട്‌ മരണത്തിനപ്പുറവും മാപ്പില്ല. മറ്റൊരുവളിൽ നിന്നോ ഒരുവനിൽ നിന്നോ ഉള്ള ചതി പോലെ ഇത് പൊറുക്കില്ല എന്ന് പല കേസുകളിലും തോന്നാറുണ്ട്.