കലാഭവന്‍ മണിയുടെ പൊന്നോമന വലിയ കുട്ടിയായി, പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ഫോട്ടോ ഏറ്റെടുത്തു ആരാധകര്‍

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച കലാഭവന്‍ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താന്‍ ജനിച്ച് വളര്‍ന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.

മണിയുടെ ജീവിതത്തില്‍ മണിക്ക് ഏറ്റവും പ്രിയപ്പെട്ടത് മകള്‍ ശ്രീലക്ഷ്മിയായിരുന്നു. മകള്‍ക്കും അങ്ങനെ തന്നെ. കഴിഞ്ഞ ദിവസം മണിയുടെ അമ്മുവിന്റെ പുറന്നാള്‍ ആയിരുന്നു. അമ്മുവിന് പിറന്നാള്‍ ആശംസകളുമായി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പങ്കുവെച്ച പോസ്റ്റ് കണ്ടപ്പോഴാണ് ഇപ്പോഴത്തെ ശ്രീലക്ഷ്മിയെ അതായത് അമ്മുവിനെ എല്ലാവരും കാണുന്നത്. മകളെ ഡോക്‌റാക്കണമെന്നായിരുന്നു കലാഭവന്‍ മണിയുടെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം സഫലമാക്കാനാണ് മകളുടെയും തീരുമാനം. പത്തിലും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി പാലായില്‍ എന്‍ട്രന്‍സ് പരിശീലനത്തിലാണ്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകള്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം ശ്രീലക്ഷ്മിയുടെ ജന്മദിനമായിരുന്നു. ജന്മദിനത്തില്‍ മണിയുടെ സഹോദരന്‍ പോസ്റ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. സെറ്റ് സാരിയും കുറിയുമണിഞ്ഞുള്ള ശ്രീലക്ഷ്മിയുടെ ചിത്രമാണ് രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്തത്. നേരത്തെ അച്ഛനെക്കുറിച്ച് വാചാലയായി എത്തിയിരുന്നു ശ്രീലക്ഷ്മി. അമ്മയെ പുറത്താക്കി ഇടയ്ക്ക് അച്ഛന്‍ അടുക്കളയില്‍ കയറുന്നതും രുചികരമായ മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കുന്നതിനെക്കുറിച്ചുമായിരുന്നു അന്ന് മകള്‍ വാചാലയായത്. അച്ഛന്‍ ഒപ്പമില്ലെന്ന സത്യം പലപ്പോഴും തനിക്ക് അംഗീകരിക്കാന്‍ കഴിയാറില്ലെന്നും മകള്‍ പറഞ്ഞിരുന്നു. ഇടവേളയ്ക്ക് ശേഷം മൂളിപ്പാട്ടുമായി അച്ഛനെത്തുമെന്ന് വിശ്വസിക്കാനാണ് മകള്‍ക്ക് ഇഷ്ടം.

നാല് വര്‍ഷം മുന്‍പ് ഒരു മാര്‍ച്ച് ആറിന് വൈകുന്നേരം കേരളം ഒന്നടങ്കം സങ്കടത്തിലാഴ്ന്നു. നടന്‍ കലാഭവന്‍ മണി അന്തരിച്ചെന്ന വാര്‍ത്ത ആദ്യം ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദുരൂഹത ഉയര്‍ത്തിയ മരണം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. ഇന്നും എങ്ങനെയാണ് മരണമെന്നുള്ളത് സംബന്ധിച്ച് സത്യം പുറംലോകത്തിന് വ്യക്തമായിട്ടില്ല. വീണ്ടുമൊരു മാര്‍ച്ച് ആറ് എത്തിയപ്പോള്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ മണിയുടെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് നാല് വര്‍ഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി.