ഇസ്രയേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി വഴി മധ്യസ്ഥ ശ്രമം, മൊഴി മാറ്റി പറയാൻ പണം വാഗ്ദാനം ചെയ്തു, വെളിപ്പെടുത്തലുമായി കലാഭവൻ സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ വീണ്ടും പുതിയ വെളിപ്പെടുത്തലുമായി കലാഭവൻ സോബി. തന്റെയടുത്ത് മൂന്നു തവണ മൊഴി മാറ്റി പറയാൻ മധ്യസ്ഥ ശ്രമവുമായി ആളുകളെത്തിയെന്നു കലാഭവൻ സോബി പുതിയതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സിബിഐ നടത്തിയ നുണ പരിശോധനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2019 നവംബർ മാസത്തിലും ഡിസംബർ അവസാനവും ജനുവരി 18നുമാണ് ഇവർ തന്നെ സമീപിച്ചത്. നാലു പേർ വീതമാണ് വന്നത്. ഇവരിൽ ഒരാൾ മാത്രമാണ് മൂന്നു പ്രാവശ്യവും സംഘത്തിലുണ്ടായിരുന്നത്.

നിലവിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴിയാണ് മൂന്നു തവണയായി നാലു പേരടങ്ങുന്ന സംഘം തന്നെ കാണാനെത്തിയതെന്നാണ് സോബി അവകാശപ്പെടുന്നത്. വന്നവർ പണം വാഗ്ദാനം ചെയ്തതായും സോബി പറയുന്നു. തന്നെ കാണാൻ ഇവർ വാഹനത്തിൽ വന്നിറങ്ങുമ്പോൾ മുതലുള്ള വിഡിയോ ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ചിട്ടുണ്ടെന്നും സോബി അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തി. അവരുടെ സംസാരം മാത്രമേ ഇല്ലാത്തതുള്ളൂ. ആവശ്യപ്പെട്ടാൽ ദ്യശ്യങ്ങൾ ഹാജരാക്കാമെന്നും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയിൽ സ്വർണക്കടത്ത് കേസിൽ ഒരാളെ പിടികൂടിയപ്പോൾ തന്നെ കാണാൻ വന്ന സംഘത്തിലുള്ള ആളാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. പലരോടും ചോദിച്ച് മാസ്ക് ഇല്ലാത്ത ഫോട്ടോ എടുപ്പിച്ചിരുന്നു. പിന്നീട് ആൾ ഇതല്ലെന്നു ഉറപ്പിച്ചു. താൻ ഉദ്യോഗസ്ഥരോട് ഈ വിവരങ്ങൾ അറയിച്ച ശേഷം ഇവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അവസാനം ഇക്കൂട്ടർ ഒരു ജാഗ്വാർ കാറിലായിരുന്നെങ്കിൽ അതിനു മുമ്പ് ഒരു തവണ ബിഎംഡബ്ല്യു കാറിലും ഒരു തവണ ഫോർച്യൂണറിലുമാണ് വന്നത്. ഇവരെ സംബന്ധിച്ച വിവരങ്ങൾ ആ സമയത്തു തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണെന്നും സോബി പറയുന്നു. ഈ നഴ്സിന്റെ പേരു വിവരങ്ങൾ പുറത്ത് ആരോടും വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘത്തെ ഇവരുടെ പേര് വിവരങ്ങൾ ഉൾപ്പടെ നൽകിയിട്ടുണ്ടെന്നും സോബി വ്യക്തമാക്കി.