അമ്മയുടെ നൊമ്പര കുറിപ്പ്, പ്രസവത്തിലേ മരിച്ചത് കാര്യമായി, മുഖം കണ്ടു കഴിഞ്ഞായിരുന്നെങ്കിലോ

ഗര്‍ഭിണി ആണെന്ന് അറിയുമ്പോള്‍ മുതല്‍ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. കുഞ്ഞു ജീവന്‍ ഉദരത്തില്‍ മൊട്ടിടുന്ന നാള്‍ മുതല്‍ തുടങ്ങുന്നു ആ കാത്തിരിപ്പ്. അവിടുന്നങ്ങോട്ട് ഉണ്ണാതെ ഉറങ്ങാതെ പൈതലിനായുള്ള സ്വപ്നങ്ങള്‍ സ്വരുക്കൂട്ടും ഓരോ അമ്മയും. പക്ഷേ കാത്തിരിപ്പുകള്‍ക്കു മേല്‍ കണ്ണീര്‍ പടര്‍ത്തുന്ന വിധിയുടെ തീരുമാനങ്ങളും ഏറെ നമുക്ക് മുന്നിലുണ്ട്. ഹൃദയത്തിലും ഉദരത്തിലുമേന്തിയ പൈതലിന്റെ മുഖം പോലും കാണാതെ അവരെ നഷ്ടപ്പെട്ടു പോയവര്‍. പ്രസവത്തിനിടയ്‌ക്കോ അതിനു മുമ്പോ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മമാരുടെ വേദന തുറന്നെഴുതുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല. ഒരു കൂട്ടം അനുഭവങ്ങള്‍ നിരത്തി ഫെയ്‌സ്ബുക്കിലൂടെയാണ് കല വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പൊന്നിനെ കിട്ടാനായി എന്നെ പ്രസവത്തിനു അഡ്മിറ്റ് ചെയ്തു..ഒട്ടും പേടി ഇല്ല അപ്പോൾ..! സന്തോഷത്തോടെ , സമാധാനത്തോടെ കാത്തിരിപ്പാണ്…അടുത്ത ദിനം ആണ് എന്റെ കുഞ്ഞു വരേണ്ടത്…സന്ധ്യക്ക്‌ ഗായത്രി മന്ത്രം ജപിച്ചു ഹോസ്പിറ്റൽ റൂമിന്റെ ഇടനാഴിയിൽ വലിയ വയറും താങ്ങി നടക്കുന്ന എന്നെ ചിലരൊക്കെ നോക്കുന്നുണ്ട്..അമ്മ റൂമിന്റെ വെളിയിൽ നില്കുന്നു..അടുത്ത റൂമിലെ ഉമ്മയും അമ്മയും കൂടി രണ്ടുപേരുടെയും പെണ്മക്കളുടെ ഗർഭ വിശേഷം പങ്കു വെയ്ക്കുന്നു..ലേബർ റൂമിലേയ്ക്ക് പോകുന്ന ഡോക്ടർ നെ ഞാൻ കണ്ടു..ഒരു ചിരി എന്നെ നോക്കി തന്നു..കുറെ നേരം കഴിഞ്ഞു കിടക്കാറായപ്പോൾ..എന്നെ അറിയിക്കരുത് എന്ന് കരുതിയ വാർത്ത കൃത്യമായി എന്റെ ചെവിയിൽ എത്തി..അപ്പോൾ നടന്ന പ്രസവത്തിൽ കുഞ്ഞു പോയി..അറിയാവുന്ന സ്ത്രീയാണ്..ഉറങ്ങാൻ കിടന്നു എങ്കിലും എനിക്ക് പറ്റിയില്ല..ഇരുട്ട് വല്ലാതെ ഭയപ്പെടുത്തി..എന്റെ വയറ്റിൽ മോൾ ആകണം എന്ന് ശക്തമായ ആഗ്രഹം ആയിരുന്നു..മോൻ ആയാൽ എന്ത് ചെയ്യും..?അങ്ങനെ ഒരു ഭയം എനിക്കുണ്ടായിരുന്നോ..

മോൻ ആകുമോ വയറ്റിൽ..?ഞാൻ വേണ്ട എന്ന് പറഞ്ഞത് എന്റെ മോൻ , അവൻ കേട്ട് കാണുമോ..?എന്തൊക്കെ ചിന്തിച്ചു കൂട്ടി എന്നെനിക്കു അറിയില്ല..നെഞ്ചിടിപ്പോടെ പിന്നെ ഞാൻ ഓരോ നിമിഷവും പിന്നിട്ടു..എന്റെ അത്തരം പേടികൾ പങ്കു വെയ്ക്കാൻ ആരുമില്ല എന്നെനിക്കു തോന്നി..സങ്കടം വന്നു..പിറ്റേന്ന് ഓപ്പറേഷൻ തിയേറ്ററിൽ കേറ്റി പച്ച കുപ്പായം ഇടുമ്പോഴും ഒക്കെ ഞാൻ മറ്റേതോ അവസ്ഥയിൽ ആയിരുന്നു..പേടിയും സങ്കടവും എന്തിനാണ് എന്ന് പറയാൻ ശബ്ദം വരുന്നില്ല..അനസ്തേസ്റ്റിസ്റ് അടുത്ത് വന്നിരുന്നത് മാത്രം ഓർമ്മ..പാതി മയക്കത്തിൽ മോളാണ് കാണേണ്ടേ എന്നൊരു ശബ്ദം കേട്ടു…നോക്കിയേ..എന്ന് ചോദിച്ചു എന്റെ നേർക്ക് നീട്ടിയ കൈകളിൽ ഇത്തിരി കുഞ്ഞു മുഖം..വാ വിട്ടു കരയുക ആയിരുന്നു ഉള്ളിൽ.. എന്റെ മോള് തന്നെ ആണോ..?സത്യം പറ..ചോദിക്കാതിരിക്കാൻ ആകുന്നില്ല..പാവം എന്തൊക്കെ പേടിയാ..!സിസ്റ്റർ പറയുന്നത് കേട്ടു…

ഈ അടുത്ത നാളിൽ അന്നത്തെ കുഞ്ഞു പോയ അമ്മയും ഞാനും ഒന്നിച്ചു യാത്ര ചെയ്തു.. കുഞ്ഞിന്റെ മുഖം കണ്ടിട്ടില്ലാത്ത ‘അമ്മ..മൂത്ത മോന് ശേഷം ആറ്റു നോറ്റുണ്ടായ മോളായിരുന്നു…നിറഞ്ഞു വരുന്ന ആ കണ്ണുകൾ എന്നെ വീണ്ടും ആ ദിവസത്തെ നൊമ്പരത്തിൽ കൊണ്ടെത്തിച്ചു..അടുത്ത്, അടുത്ത് ഗര്ഭമായപ്പോൾ നിവൃത്തിയില്ലാതെ എന്റെ ഒരു കുഞ്ഞിനെ കളയേണ്ടി വന്നു..നെഞ്ച് പൊട്ടുന്ന വേദനയിൽ ഇരുപതു വർഷത്തിന് ശേഷവും ഒരമ്മ പറഞ്ഞു..എന്റെ അവസാനം വരെ ആ നൊമ്പരം പോകില്ല..! നിവ്യത്തികേട്‌ കൊണ്ട് അലസിപ്പിച്ചു കളഞ്ഞ കുഞ്ഞിനെ ഓർത്ത് തന്റെ ജീവനുള്ളടുത്തോളം നിശ്ശബ്ദമായി ആ നോവ് അനുഭവിക്കുന്ന ‘അമ്മ..

ഗർഭം എന്നറിയുമ്പോൾനിന്റെ ജീവന്റെ ഒരു അംശം എന്റെ ഉള്ളിൽ എന്നൊരു കുതിപ്പാണ് ആദ്യം…തന്റെ പുരുഷന്റെ കണ്ണുകളിലെ സ്നേഹം ആണ് ആദ്യം ഓർക്കുക.. പിന്നെ, മെല്ലെ ലോകം അമ്മയും കുഞ്ഞും മാത്രമാകും പലപ്പോഴും..എന്തൊക്കെ കൊച്ചു വർത്തമാനങ്ങൾ..പരാതികൾ ഒക്കെ വാവയോടു പറയാനുണ്ട്..വരവും കാത്ത് ഇരിക്കുമ്പോൾ.. പ്രതീക്ഷിക്കാതെ ഒരു നിമിഷം കുഞ്ഞു ഇല്ലാതെ ആകുക..പ്രസവത്തിലെ മരിച്ചത് കാര്യമായി.. കണ്ടു കഴിഞ്ഞായിരുന്നെങ്കിലോ…!സമാധാനിപ്പിക്കാൻ പറയുന്നതാകാം..പക്ഷെ എന്തോ എനിക്കത് പറ്റാറില്ല..എത്രയോ വർഷമായി കൗൺസിലിങ് രംഗത്തുണ്ട്..പല കേസുകൾ കണ്ടും കൈകാര്യം ചെയ്തും നീങ്ങുന്നു..യുക്തിയും ബുദ്ധിയും പതറി പോകുന്ന നിമിഷം ഇത്തരത്തിൽ ചിലതാണ്..

കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ ആ ഒരു നിമിഷത്തെ നേരിടേണ്ടി വന്നു…എന്താണ് പറയേണ്ടത് എന്നറിയാതെ…മെസ്സജില് സമാധാനിപ്പിക്കാൻ എഴുതാൻ പോലും അക്ഷരങ്ങൾ വഴങ്ങാതെ തെന്നി പോകും..എന്റെ സമാധാനിപ്പിക്കലിൽ ഒതുങ്ങുന്ന ദുഃഖമല്ല…സാരമില്ല പോട്ടേ എന്നൊക്കെ എഴുതി ഇടാൻ പറ്റില്ലല്ലോ…വിരലുകൾ ചലിക്കാത്ത അവസ്ഥ..പിന്നെ ഓർക്കും ..ദൈവമേ ..എന്റെ ദൈവമേ…ആ മനസ്സിനെ കാത്തോളണേ…താങ്ങാനുള്ള ശക്തി കൊടുക്കണേ…അല്ലാതെ ഒന്നും പറ്റുന്നില്ല..!കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ…❤ എന്നും സമാധാനത്തിന്റെ പ്രകാശിത ലോകം അന്യമല്ല എന്നും പ്രാർത്ഥിക്കാം..