
കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ടോണിഷാജിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കണ്ണൂർ ചെമ്പേരി സ്വദേശിയായ ടോണിയുടെ മൃതദേഹം നാളെ രാവിലെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. അവിടെ ;നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടുകൂടി കണ്ണൂർ ചെമ്പേരിയിലെ വീട്ടിലെത്തിക്കും. അവിടെ നിന്നും വൈകിട്ട് മൂന്നരയോടുകൂടി ചെമ്പേരി ലൂർദ്‌മാതാ പള്ളിയിലെ കുടുംബ സെമിത്തേരിയിൽ അടക്കും
കാനഡയിൽ ദർഹാം കോളേജിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദം നേടിയ ടോണി നവംബർ ആറാം തീയതിയാണ് മരണമടഞ്ഞത്. നവംബർ ആറാം തീയതി രാവിലെ കാനഡയിൽ ലണ്ടനിൽ ഉള്ള തന്റെ അമ്മാവൻറെ വീട്ടിലേക്ക് പോകുന്നതിനുവേണ്ടി ഗാരേജിലുള്ള തന്റെ കാറിൽ കയറിയപ്പോൾ അടഞ്ഞു കിടന്നിരുന്ന ഗാരേജിൽ രൂപം കൊണ്ട കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരണപ്പെടുകയായിരുന്നു.
ശ്രീകണ്ഠാപുരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പാസായ ടോണി ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിപൂർത്തിയാക്കിയതിന് ശേഷം ആണ് കാനഡയ്ക്ക് പോയത്. അവിടെ സോഷ്യൽ സർവീസ് വർക്കർ ആയി ബിരുദം സ്വീകരിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഈ ദാരുണ സംഭവം ഉണ്ടായത്.