എല്‍ഡിഎഫിന്റേത് രാഷ്ട്രീയ പരാജയമാണെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഏറ്റുവാങ്ങിയ കനത്ത പരാജയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടനാ ബാധ്യത നടപ്പാക്കുമ്പോള്‍ ഭൂരിപക്ഷം വരുന്ന വിശ്വാസ സമൂഹത്തിന്റെ പ്രതികരണം മുന്‍കൂട്ടി കാണാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ലെന്നും കേരളത്തിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എല്‍ഡിഎഫിന്റേത് രാഷ്ട്രീയ പരാജയമാണ്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമം നടത്തിയിയെന്നും കാനം രാജേന്ദ്രന്‍ ആരോപിച്ചു. അകന്നു പോയ വിശ്വാസി സമൂഹത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുമെന്നും കാനം വ്യക്തമാക്കി.

എല്‍ഡിഎഫ് പരാജയത്തില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും എല്‍ഡിഎഫിനെതിരായി വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കോര്‍പ്പറേറ്റ് അജണ്ടയുണ്ടായിരുന്നുവെന്നും കാനം ആരോപിച്ചു. പരാജയം സൂക്ഷ്മമായി പരിശോധിച്ച് ജനപക്ഷ നിലപാടില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോകുമെന്നും കാനം വ്യക്തമാക്കി.