തന്റെ രാഷ്ട്രീയമോഹം വെളിപ്പെടുത്തി കങ്കണ റണൗട്ട്: 2024ൽ ബിജെപി ടിക്കറ്റിൽ മൽസരിക്കാം

പലപ്പോഴായി തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയ ചലച്ചിത്രതാരമാണ് കങ്കണ റണൗട്ട്. ബിജെപിയെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട് താരം. ഇപ്പോൾ ഇതാ തന്റെ രാഷ്ട്രീയമോഹവും വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണ. 2024ൽ ബിജെപി ടിക്കറ്റിൽ മൽസരിക്കാം എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങൾ ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയാറാണെന്നും കങ്കണ പറഞ്ഞു.

ബിജെപി സീറ്റ് തരികയാണെങ്കിൽ ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന്മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹം. മോദി രാജ്യത്തിന്റെ മഹാപുരുഷനാണെന്നും താരം വാഴ്ത്തി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന ‘എമർജെൻസി’ എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. താരം തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതും.