കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: പീയുഷ് ഗോയൽ

ന്യുഡല്‍ഹി: കഞ്ചിക്കോട്ടെ നിര്‍ദ്ദിഷ്ട കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രറെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. അന്തിമ തീരമാനം എടുത്തിട്ടില്ല.നിലവില്‍ സര്‍ക്കാര്‍ നിലപാട് അനുകൂലമാണ്. ചര്‍ച്ചകള്‍ തുടരുകയാണ്. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. കോച്ച് ഫാക്ടറിക്കുള്ള അനുമതി പിന്‍വലിക്കുമെന്ന് നേരത്തെ എം.ബി രാജേഷ് എം.പിക്ക് നല്‍കിയ കത്തില്‍ മന്ത്രി അറിയിച്ചിരുന്നു.

റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിക്കാനും മന്ത്രി മടിച്ചില്ല. റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതികൂലമാണ്. ഭൂമി ഏറ്റെടുക്കുന്നതില്‍ ഉള്‍പ്പെടെ സര്‍ക്കാരിന് മെല്ലെപ്പോക്കാണ്. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല. അതിനാല്‍ വികസന കാര്യങ്ങള്‍ നീണ്ടുപോകുകയാണ്. സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ റെയില്‍വേ വികസനം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ മന്ത്രി പീയുഷ് ഗോയല്‍ ഗുദ്ധമായ നുണയാണ് പറയുന്നതെന്നും മന്ത്രി ചേര്‍ന്ന പ്രവൃത്തിയല്ലെന്നും എം.ബി രാജേഷ് പ്രതികരിച്ചു.