ക്യാപ്റ്റൻ സാഠേയെ വ്യക്തിപരമായി അറിയാമായിരുന്നു, നമ്മൾ തമ്മിലുള്ള സംഭാഷണങ്ങൾ ഓർത്തിരിക്കും-പൃഥ്വിരാജ്

കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട പൈലറ്റ് ഡി.വി. സാഠെയെ അനുസ്മരിച്ച്‌ നടൻ പൃഥ്വിരാജ്. അദ്ദേഹവുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും കൂടികാഴ്ചയ്ക്കിടെ അദ്ദേഹം പറഞ്ഞ സംഭാഷണങ്ങൾ എന്നും തൻറെ മനസ്സിൽ ഉണ്ടാകുമെന്നും പൃഥ്വിരാജ് വൈകാരികമായ ഹൃദയത്തോടെ കുറിച്ചു.

‘റെസ്റ്റ് ഇൻ പീസ് വിങ് കമാൻഡർ(റിട്ട.)സാഠെ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതിൽ അഭിമാനം. നമ്മുടെ സംസാരങ്ങൾ എന്നുമോർക്കും സാർ’ എന്നാണ് പൃഥ്വിരാജ് സുകുമാരൻ ഇൻസ്റ്റാഗ്രാമിൽ ആദരാഞ്ജലി അർപ്പിച്ച്‌ കൊണ്ട് കുറിച്ചിരിക്കുന്നത്.


ദുരന്തത്തിന്റെ ആഴം കുറച്ചത് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെയുടെ പ്രവർത്തന മികവാണ്. ദുരന്തത്തെ തുടർന്ന് സഹപൈലറ്റ് അഖിലേഷ് കുമാറും മരണപ്പെട്ടിരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇപ്പോൾ നൽകുന്ന വിശദീകരണം റൺവേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ്. അതേ സമയം മഴ പൈലറ്റിന്റെ കാഴ്ചയെ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് വൻ ദുരന്തമുണ്ടായതെന്ന സൂചനയും നിലനിൽക്കുന്നുണ്ട്.

ടേബിൾ ടോപ്പ് റൺവേയാണ് കരിപ്പൂരിലേത്. വിഷ്വൽ കൺട്രോളിങ്ങാണ് പൊതുവെ ഇത്തരം എയർപോർട്ടുകളിൽ പൈലറ്റുമാർ അവലംബിക്കുന്നത്. മുന്നിലെ കാഴ്ച മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലാൻഡിങ് സമയത്ത് പ്രതികൂല സാഹചര്യമായിരിക്കും ഉണ്ടാകുക.