പി ആർ സോംദേവ് കർമ്മ ന്യൂസ് സി.ഇ.ഒ, കർമ്മ ന്യൂസ് സാറ്റലൈറ്റ് ചാനലിലേക്ക്

പി ആർ സോംദേവ് കർമ്മ ന്യൂസ് സി.ഇ ഒ P R SOMDEV KARMA NEWS CEO.2023ൽ കർമ്മ ന്യൂസ് സാറ്റലൈറ്റ് ചാനൽ മേഖലയിലേക്ക്. കർമ്മ ന്യൂസ് അതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി എം.ഡിയും മാനേജിങ്ങ് എഡിറ്ററുമായ അഡ്വ വിൻസ് മാത്യു അറിയിച്ചു. പർവ്വസിദ്ധി ഫൗണ്ടേഷൻ സ്ഥാപകൻ പി ആർ സോംദേവ് ആണ് കർമ്മ ന്യൂസിന്റെ പുതിയ CEO. എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസ നീതിയും സൗകര്യവും ഉറപ്പാക്കാൻ രൂപീകരിച്ച സന്നദ്ധ സംഘടനയാണ് പർവ്വസിദ്ധി ഫൗണ്ടേഷൻ.

കർമ്മ ന്യൂസിന്റെ കോർപറേറ്റ് വിഭാഗമായ ഗാലക്സി സൂം ഇന്ത്യ കമ്പിനിയാണ്‌ കർമ്മ ന്യൂസിന്റെ പുതിയ CEO ആയി പി ആർ സോംദേവിനെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കമ്പിനി ഡയറക്ടർ ബോർഡ് യോഗത്തിലാണ്‌ കർമ്മ ന്യൂസിൽ വരുന്ന പുതിയ മാറ്റങ്ങൾക്ക് കോർപറേറ്റ് വിഭാഗം അംഗീകാരം നൽകിയത്. CEO പി ആർ സോംദേവ് 2023 ജനുവരി 1 ന് ചുമതല ഏൽക്കും. കർമ്മ ന്യൂസ് ചാനലിന്റെ ആദ്യ സി.ഇ ഒ കൂടിയായാണ്‌ പി ആർ സോംദേവ്.

5വർഷം കൊണ്ട് മലയാളത്തിലെ സോഷ്യൽ മീഡിയയിലെ നിർണ്ണായക ശക്തിയും ആദ്യ മലയാള വെബ് ചാനലുമായ കർമ്മ ന്യൂസ് പുതിയ ഉയരങ്ങളിലേക്ക് ഇതോടെ കടക്കുകയാണ്‌. കർമ്മ ന്യൂസ് സാറ്റലൈറ്റ് ചാനൽ ആയി മെയിൻ സ്ട്രീം നിരയിലേക്ക് വരുമ്പോൾ വാർത്താ മേഖലയിൽ വമ്പൻ മാറ്റങ്ങളും പ്രതീക്ഷിക്കാം. പരമ്പരാഗത മാധ്യമ പ്രവർത്തനത്തിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ കർമ്മ ന്യൂസ് തുടരുന്ന ജനകീയവും ലളിതവുമായ വാർത്താ രീതി തന്നെ വരാൻ പോകുന്ന കർമ്മയുടെ മെയിൻ സ്ട്രീമിലും തുടരും. പരസ്യങ്ങൾ വാർത്തകളെ അലോരസപ്പെടുത്തുന്നതും മറ്റും പരമാവധി ഒഴിവാക്കും. കർമ്മ ന്യൂസ് മലയാളത്തിലെ ഓൺലൈൻ വാർത്താ മേഖലയിൽ പ്രേക്ഷകരെ കൊണ്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ( ദിവസം ശരാശരി 6.5- 7 മില്യൺ വ്യൂ വേഴ്സും, 1.5-2 മില്യൺ റീഡേഴ്സും). മാധ്യമ ലോകത്തേ മുഖ്യധാരാ മേഖലയിലേക്ക് വരുമ്പോൾ വിപ്ലവകരമായ അനവധി മാറ്റങ്ങൾ മെയിൻ സ്ട്രീമിൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്.

പുതുതായി നിയമിതാനാവുന്ന CEO പി ആർ സോംദേവ് വളരെ ചെറുപ്പ കാലം മുതൽ തന്നെ ആർഎസ്എസിൽ പ്രവർത്തനം തുടങ്ങി. ഇരുപത് വർഷത്തിലേറെയായി സാമൂഹിക പ്രവർത്തകനാണ്. പ്രത്യേകിച്ചും ഗ്രാമ വികാസ്, ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിലൂടെ സംരംഭക – വ്യാപാര മേഖല ഉൾപ്പടെ വിവിധ തലങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസ മേഖലയിൽ, എല്ലാ പെൺകുട്ടികൾക്കും അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുകയെന്ന കാഴ്ചപ്പാടോടെയാണ് അദ്ദേഹം പർവ്വസിദ്ധി ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്.

പി ആർ സോംദേവ് തന്റെ ആശയങ്ങൾക്ക് മതപരവും രാഷ്ട്രീയവുമായ അതിർവരമ്പുകൾക്കപ്പുറം ജനങ്ങൾക്കിടയിൽ സ്വീകാര്യത കണ്ടെത്തി. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള മതസൗഹാർദത്തിൽ അധിഷ്ഠിതമായ ഒരു ഏകീകൃത കേരളം കെട്ടിപ്പടുത്തുക, ജാതീയത തുടച്ചുനീക്കി ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, നവ-ഹിന്ദുത്വത്തിലൂടെ ഒരു ഹിന്ദു നവോത്ഥാനം പുനരുജ്ജീവിപ്പിക്കുക – ഇവയാണ് പി.ആർ.സോംദേവിന്റെ സ്വപ്നങ്ങൾ.

ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ ആവേശകരമായ പിന്തുണയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, SDBI (ശ്രീനാരായണ ധർമ്മ ഭാരതി ഓഫ് ഇന്ത്യ) എന്ന പേരിൽ ഒരു സാമൂഹിക സാംസ്കാരിക സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം ഐക്യം കെട്ടിപ്പടുത്താനും എല്ലാ തരത്തിലുമുള്ള മതഭ്രാന്തും ഭീകരവാദവും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിടുന്ന ഒരു  പ്രസ്ഥാനമാണ് SDBI.

നിലവിൽ കർമ്മ ന്യൂസിനു കേരളത്തിൽ തിരുവന്തപുരത്തും കൊച്ചിയിലും ആണ്‌ ഓഫീസുകൾ ഉള്ളത്. ബാംഗ്ളൂർ, ചെന്നൈ, ദില്ലി എന്നിവിടങ്ങളിൽ യൂണിറ്റുകൾ ഉണ്ട്. ദുബൈ കേന്ദ്രമായി 2023 ജനവരിയിൽ പുതിയ മിഡിലീസ്റ്റ് ചാനൽ തുടങ്ങും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പുർത്തിയായി വരുന്നു. മലയാളത്തിലെ അനവധി ചാനലുകളും മാധ്യമങ്ങളും പിടിച്ച് നില്പ്പിനു പോലും പ്രയാസപ്പെടുമ്പോൾ കർമ്മക്ക് ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വരികയോ കാലിടറുകയോ ചെയ്യേണ്ടി വന്നിട്ടില്ല.