മന്ത്രിസഭാ വിപുലീകരണം; കർണാടകയിൽ 24 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബം​ഗളൂരു; 24 പുതിയ മന്ത്രിമാർ കൂടി കർണാടകയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് നേതാക്കളും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ, ദിവസങ്ങളോളം നടന്ന നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.

മെയ് 13ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടി ആഴ്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സർക്കാർ സമ്പൂർണ്ണ മന്ത്രിസഭ രൂപീകരിക്കാൻ പോകുന്നത്. മെയ് 20 ന് കർണാടകയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് 24 പുതിയ മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയുടെ ഭാഗമാകും

ഇതോടെ മുഖ്യമന്ത്രിയടക്കം 34 മന്ത്രിമാരാണ് കർണാടക മന്ത്രിസഭയിൽ ഉണ്ടാവുക. ലിംഗായത്ത്, വൊക്കലിഗ, പട്ടികജാതി-പട്ടികവർഗ, മുസ്ലിം, ബ്രാഹ്‌മണർ എന്നീ വിഭാഗങ്ങളിൽപ്പെട്ട മന്ത്രിമാരാണ് വിപുലീകരിച്ച മന്ത്രിസഭയിൽ ഉണ്ടാവുകയെന്നാണ് ലഭിക്കുന്ന വിവരം.

ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വർ ഖന്ദ്രെ, റഹീം ഖാൻ, സന്തോഷ് ലാഡ്, കെ എൻ രാജണ്ണ, കെ വെന്റകേഷ്, എച്ച് സി മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആർ ബി തിമ്മുപൂർ, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാൾക്കർ, മധു ബംഗാരപ്പ, ഡി സുധാകർ, ചലുവരയ്യ സ്വാമി, മങ്കുൽ വൈദ്യ, എം സി സുധാകർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുളളത്. എച്ച്കെ പാട്ടീൽ, ശരൺപ്രകാശ് പാട്ടീൽ, ശിവാനന്ദ് പാട്ടീൽ, എസ്എസ് മല്ലിഖാർജുന, ശരൺബസപ്പ ദർശനപുര, ഏക എംഎൽസിയായ എൻഎസ് ബോസരാജു എന്നിവരും പുതിയ മന്ത്രിമാരുടെ പട്ടികയിൽ ഉൾപ്പെടും.

ഇതിനുപുറമെ, കർണാടക നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സി പുട്ടരംഗഷെട്ടിയെ നിയമിക്കുന്നതിനുള്ള നിർദ്ദേശവും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചു.