ഒരു പുഴപോലെ ഒഴുകി വഴിപിരിഞ്ഞവര്‍ ; കരുണാനിധിയും എം.ജിആറും

ഒരു പുഴപോലെ ഒഴുകി വഴിപിരിഞ്ഞവരാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ മുത്തുവേല്‍ കരുണാനിധിയും എം.ജി.രാമചന്ദ്രന്‍ എന്ന എംജിആറും. ഒരു മനസോടെ സിനിമയിലും രാഷ്ട്രീയത്തിലും മുന്നേറിയ ഇരുവരുടേയും വേര്‍പിരിയല്‍ തമിഴ് രാഷ്ട്രീയ ചരിത്രം കൂടിയാണ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം ചലച്ചിത്രരംഗത്തും കരുണാനിധി ചെറുപ്പം മുതലേ സജീവമായിരുന്നു. കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ പിക്‌ച്ചേഴ്‌സ് കമ്പനി അവരുടെ ചില പടങ്ങളില്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതാന്‍ കരുണാനിധിയെ നിയമിച്ചു. 1945 ല്‍ അവരുടെ ‘രാജകുമാരന്‍’ എന്ന പടത്തിനു കരുണാനിധി സംഭാഷണം എഴുതിയപ്പോള്‍ ആ ചിത്രത്തില്‍ നായകനായി അഭിനയിച്ചത് എംജിആര്‍. അദ്ദേഹത്തിന്റെ ആദ്യ സിനിമ. അന്ന് എംജിആര്‍ ദ്രാവിഡകഴകം അംഗമായിരുന്നില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലായിരുന്നു താല്‍പര്യം.

കോയമ്പത്തൂരിനടുത്ത് രാമനാടു ഗ്രാമത്തിലെ ചെറിയ വീട്ടിലാണ് എംജിആര്‍ താമസിച്ചിരുന്നത്. ശങ്കനല്ലൂര്‍ എന്ന തൊട്ടടുത്ത ഗ്രാമത്തിലെ വീട്ടില്‍ കരുണാനിധിയും. ശങ്കനല്ലൂരില്‍ പ്ലേഗ് രോഗത്തിന്റെ ആക്രമണമുണ്ടായപ്പോള്‍ കരുണാനിധി തന്റെ കുടുംബാംഗങ്ങളെ നാട്ടിലേക്കു പറഞ്ഞയച്ചു. താമസം എംജിആറിന്റെ വീട്ടിലേക്കു മാറ്റി. ആ വീട്ടില്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവരും കൂടുതല്‍ അടുക്കുന്നത്. രാഷ്ട്രീയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൊടിപൊടിച്ചതോടെ ക്രമേണ എംജിആര്‍ ദ്രാവിഡ കഴകത്തിലേക്കാകര്‍ഷിക്കപ്പെട്ടു. കരുണാനിധിയുടെ തിരകഥകള്‍ എംജിആറിന്റെ താരമൂല്യമുയര്‍ത്തി. എംജിആറും കരുണാനിധിയും ചലച്ചിത്ര രംഗത്ത് ഒത്തു പ്രവര്‍ത്തിച്ചിരുന്ന ആദ്യ കാലഘട്ടങ്ങളില്‍ തിരക്കഥയും മറ്റും എഴുതുന്നതിനു മോഡേണ്‍ തിയറ്റേഴ്‌സ് കരുണാനിധിക്ക് പ്രതിമാസം 500 രൂപയും എംജിആറിന് ഒരു ചിത്രത്തിനു 3,000 രൂപയുമാണ് നല്‍കിയിരുന്നത്.

എംജിആറും സഹോദരന്‍ ചക്രപാണിയും കാശിലിംഗവും വീരപ്പയും ഞാനും ചേര്‍ന്നുണ്ടാക്കിയ മേഖല പിക്‌ചേഴ്‌സ് നിര്‍മിച്ചതും ഇടതുപക്ഷ ചന്താഗതിക്ക് അത്യധികം പ്രാധാന്യം നല്‍കിയതുമായ ‘നാം’ എന്ന പടം ഞങ്ങളുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ ദര്‍ശനമായിരുന്നു. ഇന്നും ഞാന്‍ പറയും ആ പടത്തില്‍ അഭിനയിച്ചതുപോലെ അത്രമാത്രം സുന്ദരമായും ശക്തമായും പന്നീട് ഒരു പടത്തിലും എംജിആര്‍ അഭിനയിച്ചിട്ടില്ല.’ എംജിആര്‍ മരിച്ചപ്പോള്‍ ഈറനണിഞ്ഞ കണ്ണുകളോടെ കരുണാനിധി ഓര്‍ത്തെടുത്തു.

1953 ലാണ് എംജിആര്‍ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ ചേര്‍ന്നത്. ഇതിനിടെ കൗതുകകരമായ ഒരു സംഭവമുണ്ടായി. ഡിഎംകെയില്‍ ചേരുന്നതിനു മുന്‍പ് അണ്ണാദുരൈ എഴുതിയ ‘ശിവാജി കണ്ട ഹിന്ദു രാജ്യം’ എന്ന ഒരു നാടകത്തിനു നായകനായി അഭിനയിക്കാന്‍ എംജിആറിനെ ക്ഷണിച്ചു. എന്നാല്‍ എന്തുകൊണ്ടോ അവസാന നിമിഷത്തില്‍ എംജിആര്‍ പിന്‍മാറി. അവസാനം ഗണേശനെ (ശിവാജി ഗണേശന്‍) തിരഞ്ഞെടുത്തു.

ആ നാടകത്തില്‍ ശിവാജിയുടെ വേഷം നിറഞ്ഞു നിന്നു. അന്നു ഗണേശന്റെ അഭിനയം കണ്ടു പെരിയോരാണ് ‘ശിവാജി’ എന്ന സ്ഥാനപ്പേരു ഗണേശനു നല്‍കിയത്. അങ്ങനെയാണു ഗണേശന്‍ ‘ശിവാജി ഗണേശ’നായത്. ആ നാടകത്തില്‍ എംജിആര്‍ അഭിനയിച്ചിരുന്നുവെങ്കില്‍ ഗണേശന് ഈ ബഹുമതി ലഭിക്കുമായിരുന്നില്ല.

കരുണാനിധി മുഖ്യമന്ത്രിയായതിനു ശേഷമാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതും എംജിആര്‍ എഐഎഡിഎംകെ രൂപീകരിക്കുന്നതും. ജയലളിതയുടെ ഇടപെടലുകളാണ് ഇരുവരേയും അകറ്റിയതെന്നും, കരുണാനിധിയുടെ അധികാരമോഹമാണ് സൗഹൃദത്തെ തകര്‍ത്തതെന്നും ഇരുവാദങ്ങളുണ്ട്. ‘സുദീര്‍ഘമായ 40 വര്‍ഷം ഞങ്ങള്‍, ഞാനും എംജിആറും ഇണക്കിളികളെപോലെ കഴിഞ്ഞു. അന്നു ഞങ്ങള്‍ ഞങ്ങളുടെ സുഖങ്ങളും ദുഃഖങ്ങളും കണ്ണീരും പുഞ്ചിരിയും വിജയവും തോല്‍വിയും ഉയര്‍ച്ചയും താഴ്ചയും പരസ്പരം പങ്കിട്ടു. പില്‍ക്കാലത്തു 14 വര്‍ഷക്കാലം ഞങ്ങള്‍ പരസ്പരം അകന്നു കഴിഞ്ഞു. ബന്ധങ്ങളെങ്ങനെയോ മുറിഞ്ഞു പോയി. അന്നു ഡല്‍ഹിയിലുണ്ടായിരുന്ന ചിലരുടെ കറുത്ത കൈകളാണു ഞങ്ങളെ അകറ്റിയത്. ഞങ്ങള്‍ക്കിടയില്‍ പിളര്‍പ്പ് ഉണ്ടാക്കിയത്’ എംജിആറിന്റെ മരണശേഷം പത്രക്കാരെ കണ്ട കരുണാനിധി മനസുതുറന്നതിങ്ങനെ.

പിളര്‍പ്പിന് എന്തായിരുന്നു കാരണം? അതേക്കുറിച്ച് ഒരിക്കല്‍ കരുണാനിധി പറഞ്ഞു: ‘ 1971 ലെ തിരഞ്ഞെടുപ്പു കാലത്തു ഞാനും എംജിആറും തമിഴ്‌നാട് സ്‌റ്റേറ്റിനെ രണ്ടായി വിഭജിച്ചു പ്രചാരണം നടത്തി. ആകെയുള്ള 234 സീറ്റില്‍ 155 സീറ്റും ഞങ്ങള്‍ നേടി. അതൊരു വമ്പിച്ച വിജയമായിരുന്നു. അത് ഇഷ്ടപ്പെടാത്ത കേന്ദ്ര നേതാക്കളാണു പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയത്.

”എന്റെ മന്ത്രിസഭയില്‍ അംഗമാകണമെന്ന് എംജിആറിന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ സമ്മതിച്ചു. പക്ഷേ മന്ത്രി ആകണമെങ്കില്‍ ചലച്ചിത്രാഭിനയം നിര്‍ത്തണമെന്നു ഞാന്‍ നിര്‍ദേശിച്ചു. സിനിമയിലെ അഭിനയവും മന്ത്രിസ്ഥാനവും ഒരേസമയം കൊണ്ടുനടക്കുന്നതു ശരിയല്ലെന്നു ഞാന്‍ പറഞ്ഞു. ഇത് എംജിആറിന് ഇഷ്ടപ്പെട്ടില്ല”.- ശേഷമുള്ളത് ചരിത്രം. എംജിആര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി. മരിക്കുന്നതുവരെ അധികാരത്തില്‍ തുടര്‍ന്നു. നീണ്ട പതിനാല് വര്‍ഷം, എംജിആര്‍ മരിക്കുന്നതുവരെ ആ അകല്‍ച്ച തുടര്‍ന്നു.

അകല്‍ച്ച വര്‍ധിപ്പിച്ചത് ജയലളിതയുടെ ഇടപെടലുകളായിരുന്നു. എംജിആറും ജയലളിതയും തമ്മിലും അഭിപ്രായ ഭിന്നതയുണ്ടായി. ഒരിക്കല്‍ പിണങ്ങിപ്പിരിഞ്ഞ് അവര്‍ കരുണാനിധിയുടെ ക്യാംപിലെത്തി. എംജിആറും കരുണാനിധിയും തമ്മിലുള്ള പോരു കൊടുമ്പിരിയിലായ കാലം. കലൈജ്ഞര്‍ മതിമറന്നാഹ്ലാദിച്ചു. ജയലളിതയെ മുന്നിലിരുത്തി കരുണാനിധി എംജിആറിനു ഫോണ്‍ ചെയ്തു. ”തലൈവാ, നിന്റെ ഇദയക്കനി ഇതാ എന്റെ അരികിലിരിക്കുന്നു. ഇനി നിനക്കെന്തു ചെയ്യാന്‍ പറ്റും?”

എംജിആറിനെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. അദ്ദേഹത്തിന് ഏറ്റവും വലിയ ക്ഷീണവും. അധികാരത്തിന്റെ വാള്‍പ്പയറ്റിനിടെ നായികതന്നെ ‘വില്ലനൊപ്പം’ പോയതിന്റെ വേദന. ഒരാഴ്ചയേ ജയലളിത കരുണാനിധിയുടെ ക്യാംപില്‍ ഉണ്ടായിരുന്നുള്ളൂ. എംജിആര്‍ ജയലളിതയെ തന്റെ പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടുവന്നു. കരുണാനിധിയുടെ സഹായം തേടേണ്ടിവന്നത് തന്റെ ജീവിതത്തിലെ വന്‍പരാജയമായി ജയലളിത നോക്കികണ്ടു. കലൈജ്ഞരോടുള്ള പക കൂടാനും അതുകാരണമായി എന്നു വിലയിരുത്തലുണ്ട്.

എംജിആര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണരംഗത്തു വര്‍ധിക്കുന്ന അഴിമതി തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല എന്നു പരാതി ഉയര്‍ന്നു. ശ്രീലങ്കയിലെ വംശീയവിഷയത്തില്‍ എംജിആര്‍ ഏറെ രാഷ്ട്രീയം കളിച്ചു എന്നും ആക്ഷേപമുണ്ടായി. ഈ ‘അനുകൂല’ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ കരുണാനിധി തീരുമാനിച്ചു. അങ്ങനെയാണ് സിനിമ ജീവിതം തന്നെ എന്നു കരുതുന്ന തമിഴ് മക്കളെ കയ്യിലെടുക്കാന്‍ കരുണാനിധി ഒരിക്കല്‍ കൂടി തിരക്കഥാകൃത്തിന്റെ വേഷമണിഞ്ഞത്.

‘നീതിക്കു ദണ്ഡനൈ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. തന്റെ കഥയിലൂടെ, ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ അദ്ദേഹം വിമര്‍ശനം എയ്തു. കരുണാനിധിയുടെ രാഷ്ട്രീയ എതിരാളികള്‍ പല രൂപത്തില്‍ ഇതില്‍ കഥാപാത്രങ്ങളായി. രാഷ്ട്രീയ നേതാവെഴുതിയ ഈ രാഷ്ട്രീയ മസാല ചലച്ചിത്രം കാണാന്‍ തിയേറ്ററുകളിലേക്കു ജനം ഒഴുകി. ഈ ചിത്രത്തിനു പിന്നാലെ ‘മക്കള്‍ എന്‍പക്കം’ എന്ന മറ്റൊരു രാഷ്ട്രീയ ചിത്രവും പ്രദര്‍ശനത്തിനെത്തി. ഇതിനു പുറമെ പല രാഷ്ട്രീയഅര്‍ധ രാഷ്ട്രീയ ചിത്രങ്ങളുടേയും പിന്നില്‍ കരുണാനിധി പ്രവര്‍ത്തിച്ചു. എംജിആറിന് അപകടം മണത്തു.

തിരിച്ചടിക്കുള്ള അവസരം പ്രതിപക്ഷം നിയമസഭയില്‍ തന്നെ സൃഷ്ടിച്ചു. നിയമസഭാംഗങ്ങളെ ചലച്ചിത്രങ്ങളില്‍ മോശമായി ചിത്രീകരിക്കുന്ന പ്രവണത വളരുകയാണെന്ന് കോണ്‍ഗ്രസ് (ഐ)യിലെ എസ്. ത്യാഗരാജന്‍ സഭയുടെ ശ്രദ്ധയില്‍പെടുത്തി. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ ചിത്രങ്ങള്‍ നിരോധിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. തര്‍ക്കങ്ങളുണ്ടായി. തന്റെ മകന്‍ എം.കെ.മുത്തുവിനെ നായകനാക്കിയും കരുണാനിധി ചലച്ചിത്രങ്ങള്‍ നിര്‍മിച്ചു. എംജിആറിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ ജനം എംജിആറിനൊപ്പമായിരുന്നു. നിരാശനായ മുത്തു സിനിമ ഉപേക്ഷിച്ചു. പിന്നീട് ജയലളിതയുടെ ക്യാംപിലെത്തി.

ജീവിക്കാന്‍ മാര്‍ഗമില്ലെന്ന മുത്തുവിന്റെ അപേക്ഷയില്‍ അഞ്ചുലക്ഷം രൂപ ജയലളിത സഹായം നല്‍കിയെന്നതും മറ്റൊരു വേറിട്ട കഥ. രണ്ടുപേരുടേയും കഥയോട് സാദൃശ്യമുള്ള ചിത്രവും ഇറങ്ങിയിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’!. എം.ജി.ആര്‍, ജയ, ഇപ്പോള്‍ കരുണാനിധി – തമിഴകരാഷ്ട്രീയം ഒരു ഭ്രമണം പൂര്‍ത്തിയാക്കുകയാണ്. ഇനി ദ്രാവിഡ രാഷ്ട്രീയത്തില്‍ പിറക്കുന്നത് പുതുചരിത്രം.

ദുഃസ്വപ്നം കണ്ട് പലരും ഞെട്ടിയുണരാറുണ്ട്. എന്നാല്‍ കലൈജ്ഞറുടെ ഉറക്കം കെടുത്തിയിരുന്നത് ദുഃസ്വപ്നമായിരുന്നില്ല, എംജിആറിന്റെ ഇദയക്കനിയായ ജയലളിതയായിരുന്നു. കലൈജ്ഞറുടെ പ്രായം പോലും പരിഗണിക്കാതെ ഒരിക്കല്‍ അദ്ദേഹത്തെ കിടപ്പുമുറിയില്‍നിന്ന് അറസ്റ്റു ചെയ്തു കൊണ്ടുപോയതും ജയലളിതയുടെ പൊലീസായിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ ഒരിക്കല്‍ ഡിഎംകെ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു ജയ.

രാഷ്ട്രീയത്തില്‍ പ്രതികാരം സ്വാഭാവികമാണെങ്കിലും വിഷപ്പാമ്പിന്റെ പകയോടെ പ്രതികാരം ചെയ്തവര്‍ കരുണാനിധിയും ജയലളിതയുമായിരിക്കും. 1977 മുതല്‍ ’87 വരെ അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്ന് തന്നെ അകറ്റിനിര്‍ത്തിയ എംജിആറിന്റെ മരണത്തോടെ, തനിക്ക് എതിരാളികളില്ലെന്ന് ആശ്വസിച്ചിരുന്ന കലൈജ്ഞര്‍ക്കു ജയലളിതയെന്ന പെണ്‍സിംഹത്തിന്റെ വരവ് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

നിയമസഭയില്‍വച്ച് ഡിഎംകെക്കാരുടെ ആക്രമണത്തെ നേരിടേണ്ടി വന്ന ജയലളിത, കരുണാനിധിയെ പുറത്താക്കാതെ നിയമസഭയിലേയ്ക്കില്ല എന്ന പ്രതിജ്ഞ പാലിച്ചുകൊണ്ടാണ് 1991 ല്‍ നാല്‍പത്തിമൂന്നാം വയസ്സില്‍ മുഖ്യമന്ത്രിയായത്. പരസ്പരം അഴിമതിക്കേസുകള്‍ ഉന്നയിച്ച് ചെളി വാരിയെറിയുന്നതില്‍ മല്‍സരിക്കുകയായിരുന്നു ഇരുവരും. എംജിആറുമായി കരുണാനിധിക്കുണ്ടായിരുന്ന രാഷ്ട്രീയേതര സൗഹൃദമൊന്നും ജയലളിതയോടുണ്ടായിരുന്നില്ല. കരുണാനിധി എല്‍ടിടിഇയോട് മൃദുസമീപനമാണ് സീകരിച്ചിരുന്നെങ്കില്‍ ജയലളിത സ്വീകരിച്ചത് കര്‍ക്കശ നിലപാടും.

ഡിഎംകെ-എഐഎഡിഎംകെ നേതാക്കള്‍ പോരാടിയപ്പോള്‍ രക്തസാക്ഷികളായത് രണ്ടു ഗവര്‍ണര്‍മാരാണ്. ക്രമസമാധാന പ്രശ്‌നത്തില്‍, പ്രതിപക്ഷമായ ഡിഎംകെയുടെ അഭിപ്രായം പരിഗണിക്കാതെ കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു വഴി അന്നത്തെ ഗവര്‍ണര്‍ പി.എസ്.റാംമോഹന്‍ റാവുവിനു പദവി ഉപേക്ഷിക്കേണ്ടിവന്നു. ഡിഎംകെ പ്രസിഡന്റ് കരുണാനിധിയാണ് റാവുവിന്റെ രാജിയിലേയ്ക്കു നയിച്ച നിര്‍ണായക ആരോപണങ്ങളുമായി കേന്ദ്രത്തെ സമീപിച്ചത്. കരുണാനിധിയെ ജൂലൈ 30ന് അര്‍ധരാത്രി അറസ്റ്റു ചെയ്ത് ജയിലിലടച്ച വിവാദസംഭവമാണ് ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമ ബീവിയെ രാജിക്കു പ്രേരിപ്പിച്ചത്. ഫാത്തിമ ബീവി കലൈജ്ഞര്‍ക്ക് അനുകൂലമായിരുന്നു, റാം മോഹന്‍ റാവുവാകട്ടെ തലൈവിക്കും.