നാന്‍ ഒരു തടവൈ സൊന്നാ നൂറു തടവൈ സൊന്ന മാതിരി… ; ഡയലോഗ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റേതെങ്കിലും ജീവിതത്തില്‍ അതു യാഥാര്‍ഥ്യമാക്കിയത് കരുണാനിധി

തമിഴകരാഷ്ട്രീയത്തെ നാലു പതിറ്റാണ്ടു ഭരിച്ച കരുണാനിധി പതിനാലാം വയസ്സിലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇരുപത്തഞ്ചാം വയസ്സില്‍ ഡിഎംകെയുടെ സ്ഥാപക നേതാവായി; മുപ്പത്തിമൂന്നാം വയസ്സില്‍ എംഎല്‍എയും. തമിഴ്‌നാടിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡും കരുണാനിധിക്കു തന്നെയാണ്. 1969ല്‍ നാല്‍പത്തിയഞ്ചാം വയസ്സില്‍.

ഉള്ളം കയ്യില്‍ തമിഴ്ജനത

‘നാന്‍ ഒരു തടവൈ സൊന്നാ നൂറു തടവൈ സൊന്ന മാതിരി…’ ഡയലോഗ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റേതെങ്കിലും ജീവിതത്തില്‍ അതു യാഥാര്‍ഥ്യമാക്കിയത് കരുണാനിധിയാണ്. തമിഴകത്തെ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ വരച്ച വരയില്‍ നിര്‍ത്തിയ ശേഷമാണ് ജീവിതത്തിരശീലയില്‍ കലൈജ്ഞരുടെ പിന്‍മാറ്റം.

എന്‍ ഉയിരുക്കും മേലാന അന്‍പ് ഉടന്‍പിറപ്പുക്കളേ….’ എന്നു കരുണാനിധി വിളിച്ചാല്‍ തമിഴര്‍ ഒന്നടങ്കം വിളി കേള്‍ക്കുമായിരുന്നു. എല്ലാ പ്രതിഷേധങ്ങളെയും അലിയിക്കുന്നതായിരുന്നു കലൈജ്ഞരുടെ ഈ അഭിസംബോധന. ഇതിനോളം വൈകാരികമായി തമിഴരെ എംജിആര്‍ മാത്രമേ വിളിച്ചിട്ടുള്ളൂ ‘എന്‍ രത്തത്തിന്‍ രത്തമാന അന്‍പു തോഴര്‍കളേ…’ എന്നായിരുന്നു എംജിആര്‍ തമിഴ് മക്കളെ വിളിച്ചത്. തമിഴ് ഭാഷയുടെ ആഴമറിയുന്ന ഉജ്വല പ്രഭാഷകനായിരുന്നു കരുണാനിധി. കവിയും ചലച്ചിത്രകാരനുമായ അദ്ദേഹം ഭാഷയില്‍ അസാധാരണ വഴക്കം നേടിയതു സ്വാഭാവികം. തിരുക്കുറല്‍ മനഃപാഠം, പ്രസംഗത്തിനിടയില്‍ ആവശ്യാനുസരണം ഇതു കയറിവരും. മാക്‌സിം ഗോര്‍ക്കിയുടെ ‘മദറി’ന്റെ തമിഴ് പരിഭാഷ ഉള്‍പ്പെടെ ഇരുനൂറോളം പുസ്തകങ്ങള്‍ രചിച്ചു.

അണ്ണാദുരൈയുടെയും ഇ.വി.രാമസ്വാമി പെരിയോറിന്റെയും ശിഷ്യത്വത്തില്‍ രാഷ്ട്രീയം അഭ്യസിച്ച കരുണാനിധി രാഷ്ട്രീയഅങ്കത്തില്‍ കാമരാജിനെയും എംജിആറിനെയും ജയലളിതയെയും നേരിട്ടു. ചിലപ്പോഴൊക്കെ അടിപതറി. അപ്പോഴൊക്കെ പലമടങ്ങ് ശക്തിയോടെ തിരിച്ചെത്തി. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് കുടുംബം പിളരുന്നതിനടുത്തോളമെത്തിയ പ്രശ്‌നങ്ങളെ പ്രായാധിക്യത്തിനും അനാരോഗ്യത്തിനുമിടയിലും കരുണാനിധി പരിഹരിച്ചത് അദ്ഭുതകരമായിരുന്നു.

തന്റെ പിന്‍ഗാമിയായി മകന്‍ സ്റ്റാലിനെയാണു കരുണാനിധി വളര്‍ത്തിക്കൊണ്ടു വരുന്നതെന്നു നേരത്തെത്തന്നെ വ്യക്തമായിരുന്നു. മൂത്ത മക്കളായ മുത്തുവിനെയും അഴഗിരിയെയും അല്‍പം അകറ്റി നിര്‍ത്തി. അഴഗിരി പാര്‍ട്ടിയുടെ മധുര മേഖലയിലേക്കു മാറ്റപ്പെട്ടു. രണ്ടു വര്‍ഷം മുന്‍പു കരുണാനിധിയുടെ പിന്‍ഗാമിയെക്കുറിച്ചു കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള ‘ദിനകരന്‍’ പത്രം നടത്തിയ സര്‍വേയില്‍ സ്റ്റാലിനു മുന്‍തൂക്കം ലഭിച്ചതോടെ കലാപവും അക്രമങ്ങളും പടര്‍ന്നു. പ്രശ്‌നം കൈവിട്ടപ്പോള്‍ അനന്തരവന്മാരും വിശ്വസ്തരുമായിരുന്ന മാരന്‍ സഹോദരന്മാരെ (കലാനിധിയും ദയാനിധിയും) ഉപേക്ഷിച്ചാണ് കരുണാനിധി കുടുംബത്തെ രക്ഷിച്ചത്.

മറയില്ലാത്ത ‘പുലി’സ്‌നേഹം

ശ്രീലങ്കന്‍ തമിഴരോടുള്ള ആഭിമുഖ്യം കരുണാനിധി ഒരിക്കലും മറച്ചുവച്ചില്ല. വേലുപ്പിള്ള പ്രഭാകരന്‍ തന്റെ സുഹൃത്താണെന്നു പറഞ്ഞു പലതവണ അദ്ദേഹം വാര്‍ത്ത സൃഷ്ടിച്ചു. പുലിത്തലവനായിരുന്ന പ്രഭാകരന്‍ കരുണാനിധിയെ പല തവണ നേരിട്ടു കണ്ടിട്ടുണ്ടെന്നും കഥകള്‍. 1983 ല്‍ കരുണാനിധി ആദ്യമായി നിയമസഭാംഗത്വം രാജിവയ്ക്കുന്നതും ശ്രീലങ്കന്‍ തമിഴര്‍ക്കു വേണ്ടിയാണ്. ലങ്കന്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. ലങ്കന്‍ തമിഴരോട് ആഭിമുഖ്യം കാണിച്ചതിന്റെ പേരില്‍ ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു.

കരുണാനിധിയുടെ നിയമസഭാംഗത്വ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ചു മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലെ വാചകം ഇങ്ങനെയായിരുന്നു: ‘കലൈജ്ഞര്‍ വെറുമൊരു രാഷ്ട്രീയ നേതാവല്ല, അദ്ദേഹം ചിന്തകനാണ്, സമാനതകളില്ലാത്ത പ്രഭാഷകനാണ്, എഴുത്തുകാരനാണ്, കവിയാണ്, നാടകകൃത്താണ്, പത്രാധിപരാണ്, പ്രസാധകനാണ്, ചിത്രകാരനാണ്, നയതന്ത്രജ്ഞനാണ്, തന്ത്രജ്ഞനായ രാഷ്ട്രീയ നേതാവാണ്, സാമ്പത്തിക വിദഗ്ധനാണ്. എല്ലാത്തിനും ഉപരി അതുല്യനായൊരു മനുഷ്യസ്‌നേഹിയും.’

ജയിലില്‍ 14 വര്‍ഷം, അര്‍ധരാത്രിയില്‍ അറസ്റ്റ്

കരുണാനിധിയുടെ എഴുത്തും വായനയും ഏറ്റവുമധികം നടന്നതു ജയിലഴികള്‍ക്കുള്ളിലായിരുന്നു. ഹിന്ദി വിരുദ്ധ പ്രക്ഷോഭം, റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിനെതിരായ സമരം, തമിഴ് ഐക്യദാര്‍ഢ്യം, വിലക്കയറ്റത്തിനെതിരെയുള്ള സമരം തുടങ്ങി പല കാരണങ്ങളാല്‍ 14 വര്‍ഷം അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ജയലളിത സര്‍ക്കാര്‍ 2001 ജൂണ്‍ 29ന് അര്‍ധരാത്രി കരുണാനിധിയെ അറസ്റ്റ് ചെയ്തത് ദേശീയശ്രദ്ധ നേടി. അന്നു കേന്ദ്ര മന്ത്രിമാരായിരുന്ന മുരശൊലി മാരന്‍, ടി.ആര്‍. ബാലു എന്നിവരെയും അര്‍ധരാത്രി തന്നെ ജയലളിതയുടെ പൊലീസ് അറസ്റ്റ് ചെയ്തു. എം.കെ. സ്റ്റാലിന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ കീഴടങ്ങി.

ജൂണ്‍ 29 ന് രാത്രി ഒന്‍പതുമണിക്ക് ചെന്നൈ കോര്‍പറേഷന്‍ കമ്മിഷണര്‍ ഫയല്‍ ചെയ്ത പരാതിയുടെ പേരിലായിരുന്നു നാലു മണിക്കൂറിനകം അറസ്റ്റ്. വീട്ടിലേക്കുള്ള ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ച ശേഷമെത്തിയ പൊലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന കരുണാനിധിയെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ അദ്ദേഹം വീഴുകയും ചെയ്തു. അന്നു പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയി ഉള്‍പ്പെടെ രാജ്യമെങ്ങും ഇതിനെതിരെ പ്രതിഷേധിച്ചു. അധികാരം ദുരുപയോഗപ്പെടുത്തിയെന്നു നിരീക്ഷിച്ച കോടതിയും ജയലളിത സര്‍ക്കാരിനെ വിമര്‍ശിച്ചു.

അധികാരത്തിന്റെ കുടുംബ വൃക്ഷം

തിരഞ്ഞെടുപ്പുകളിലും പിന്നാലെ കുടുംബത്തിനുള്ളിലെ അധികാര വീതംവയ്പിലും ഒരുപോലെ വിജയം നേടിയ കരുണാനിധി ഒരുപക്ഷേ അല്‍പമെങ്കിലും വിഷമവൃത്തത്തിലായത് സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള രാഷ്ട്രീയപ്പോരിലാകും. ചില തിരഞ്ഞെടുപ്പുകളില്‍, വിജയം ഡിഎംകെയുടെ പകല്‍ക്കിനാവ് മാത്രമാണെന്ന് നിരീക്ഷകര്‍ ഉറപ്പുപറഞ്ഞപ്പോഴും കരുണാനിധി വിജയിച്ചു മുന്നിലെത്തി. പിന്നിട്ട തിരഞ്ഞെടുപ്പുകളില്‍ മുന്നണിക്കും പാര്‍ട്ടിക്കും വഴി തെളിച്ചതു കരുണാനിധി തന്നെയാണ്. ഒപ്പം നിന്നതു മകന്‍ എം.കെ.സ്റ്റാലിനും. വന്ദ്യവയോധികനായ ദ്രാവിഡ നായകന്റെ ബുദ്ധിയില്‍ വിരിഞ്ഞ തന്ത്രങ്ങളായിരുന്നു ഡിഎംകെ മുന്നണിയുടെ തുറുപ്പു ചീട്ട്. പല നേതാക്കളും മക്കളെ അധികാരസ്ഥാനങ്ങളുടെ അകത്തളങ്ങളിലെത്തിക്കാന്‍ വേണ്ടി പാടുപെടുമ്പോള്‍ കലൈജ്ഞര്‍ എന്ന രാഷ്ട്രീയ ചാണക്യന്‍ മക്കളെ മാത്രമല്ല മരുമക്കളെയും അധികാര സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു.

മക്കളും മരുമക്കളും തമ്മിലുള്ള പ്രത്യക്ഷമായ യുദ്ധമായിരുന്നു കരുണാനിധി നേരിട്ട വിഷമസന്ധികളിലൊന്ന്. മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ദിനകരന്‍ പത്രം കരുണാനിധിയുടെ രാഷ്ട്രീയ പിന്‍ഗാമിയെ കണ്ടെത്താന്‍ നടത്തിയ സര്‍വേയും അനുബന്ധ സംഭവങ്ങളും ദയാനിധി, കലാനിധി മാരന്‍മാരെ കരുണാനിധി കുടുംബത്തിന്റെ പടിക്കു പുറത്താക്കി. മക്കളായ അഴഗിരിയെയും സ്റ്റാലിനെയും തെറ്റിക്കാന്‍ ലക്ഷ്യമിട്ടുവെന്ന് ആരോപിക്കപ്പെട്ട സര്‍വേയുടെ മുറിവുകള്‍ പിന്നീട് ഉണങ്ങി. മാരന്മാരോടു പൊറുക്കാന്‍ അഴഗിരി സമ്മതിച്ചതോടെ വിദ്വേഷത്തിന്റെ മഞ്ഞുരുകി. ഒടുവില്‍, അഴഗിരിയും മാരനും ഒന്നിച്ചു കേന്ദ്രമന്ത്രിസഭയില്‍ എത്തുകയും ചെയ്തു.

കുടുംബാധിപത്യമെന്ന ആക്ഷേപങ്ങള്‍ക്കിടയിലും പറയത്തക്ക പ്രശ്‌നങ്ങളില്ലാതെ എം.കെ.സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയ കരുണാനിധി അഴഗിരിയെ കേന്ദ്ര മന്ത്രിസഭയിലും എത്തിച്ചതോടെ അന്ന് ബലാബലം സന്തുലിതമാക്കി. തമിഴക ഭരണം സ്റ്റാലിനും കേന്ദ്ര ഭരണം അഴഗിരിക്കുമെന്ന സൂത്രവാക്യം. മുതിര്‍ന്ന നേതാക്കളായ കെ.അന്‍പഴകനെയും ആര്‍ക്കോട്ട് വീരസ്വാമിയെയും മുറിവേല്‍പ്പിക്കാത്ത വിധത്തിലായിരുന്നു കലൈജ്ഞരുടെ രാഷ്ട്രീയ ശസ്ത്രക്രിയ. കലൈജ്ഞര്‍ എന്ന രാഷ്ട്രീയ ചാണക്യനു പകരക്കാരന്‍ ഇനിയാരെന്ന് കാലം പറയും.