81ാം വയസില്‍ സുബ്രഹ്മണ്യനെ തേടിയെത്തിയ ഭാഗ്യ ദേവത, ലഭിച്ചത് 80 ലക്ഷം

ഷൊര്‍ണൂര്‍: പലര്‍ക്കും പല വിധത്തിലാണ് സൗഭാഗ്യങ്ങള്‍ കൈ വരുന്നത്. അര്‍ഹത പെട്ടവരെ തേടി എത്ര നാള്‍ വൈകിയാലും സൗഭാഗ്യങ്ങള്‍ തേടി എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ സുബ്രഹ്മണ്യനെ ഭാഗ്യം തേടിയെത്തിയത് അദ്ദേഹത്തിന്റെ 81ാം വയസിലായിരുന്നു. മാറ്റിവെച്ച നറുക്കെടുപ്പാണ് സുബ്രഹ്മണ്യനെ ലക്ഷാധിപതിയാക്കിയത്.

ഷൊര്‍ണൂര്‍ മഞ്ഞക്കാട് മദര്‍ലാന്‍ഡില്‍ താമസിക്കുന്ന സുബ്രഹ്മണ്യനെയാണു ഭാഗ്യദേവത തേടിയെത്തിയത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷമാണ് സുബ്രഹ്മണ്യനെ തേടിയെത്തിയത്. കഴിഞ്ഞ മാസം 24ന് നടക്കേണ്ടതായിരുന്നു നറുക്കെടുപ്പ്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് നറുക്കെടുപ്പ് നടത്തിയത്.

ഷൊര്‍ണൂര്‍ നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ സി കാര്‍ത്തിക്കിന്റെ സെല്‍വ ലോട്ടറീസില്‍ വില്‍ക്കാതെ അവശേഷിച്ച ടിക്കറ്റ് നറുക്കെടുപ്പ് ദിവസം ഉച്ചയോടെയാണ് സുബ്രഹ്മണ്യന്‍ വാങ്ങിയത്. ഒരേ സീരീസിലെ ആറ് ടിക്കറ്റുകളാണ് സുബ്രഹ്മണ്യന്‍ വാങ്ങിയത്. ഇതോടെ ഒന്നാം സമ്മാനത്തിനൊപ്പം അഞ്ച് സമാശ്വാസ സമ്മാനങ്ങളും ലഭിച്ചു. ബിഎസ്എന്‍എല്ലില്‍ നിന്നും വിരമിച്ച സുബ്രഹ്മണ്യന്‍ വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തമായി ഒരു വീടു വയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.