കാസര്‍ഗോഡ് ഐസോലേഷനില്‍ കഴിയുന്ന മൂന്ന് പേര്‍ പുറത്തിറങ്ങി കരിക്ക് കുടിച്ചു, സിഗരറ്റ് വലിച്ചു, പരാതി

കാസർകോട് ചുമ്മാ നടക്കുന്നവരെയും , നിരീക്ഷണത്തിൽ നിന്നും ചാടുന്നവരെയും ലാത്തിക്ക് നല്ല പെട കൊടുത്തിട്ടും രക്ഷയില്ല. അവർ പിന്നെയും നാടിനു ഭീഷണിയായി കൊറോണ നിരീക്ഷണം പരാജയപ്പെടുത്തുന്നു. ചിലരുടെ നിസ്സംഗതയാണ് വലിയ വിപത്തുകളിലേക്ക് നയിക്കുന്നത്. കേരളത്തില്‍ ഏറ്റവും അധികം പേര്‍ക്ക് കൊറോണ സ്ഥിതീകരിച്ചതും ഐസൊലേഷനില്‍ കഴിയുന്നതും കാസര്‍ഗോഡാണ്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐസോലേഷനില്‍ കഴിയുന്ന മൂന്ന് രോഗികള്‍ പുറത്തിറങ്ങി കരിക്ക് കുടിച്ച് സിഗരറ്റ് വലിച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ രോഗികള്‍ക്ക് പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.

ആശുപത്രിയിലെ സെക്യൂരിറ്റി സ്ത്രീ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ഐസോലേഷനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് കൊറോണ നെഗറ്റീവ് ആണെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. ഇവരില്‍ ഒരാള്‍ ഇപ്പോഴും കൊറോണ പോസറ്റീവ് ആണെന്ന വിവരമാണ് നാട്ടുകാര്‍ക്ക് ജീവനക്കാരില്‍ നിന്നും ലഭിച്ചത്. പുറത്തിറങ്ങിയവര്‍ സിഗരറ്റ് വലിച്ച് പുറത്ത് തുപ്പിയതോടെ സമീപത്തെ തുറന്ന് വെച്ച കടകള്‍ അടച്ചതായും നാട്ടുകാര്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.