മകളെ കൊന്നത് മകനാണെന്ന് പിതാവിനെ അറിയിച്ചു

നാടിനെ നടുക്കിയ കൊലപാതകമാണ് കാസർ​ഗോഡ് ബളാല് നടന്നത്. ആൽബിന്റെ ചെയ്തികൾ വിശ്വസിക്കാനാവാതെ കുഴങ്ങിയിരിക്കുകയാണ് നാട്ടുകാർ. വിഷം കലർന്ന ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് അവശനിലയിലായ ബെന്നി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയോടെ ബെന്നിയെ ഡിസ്‌ചാർജ് ചെയ്യും. ആൽബിൻ കൊലപാതകം ആസൂത്രണം ചെയ്ത രീതിയും എലിവിഷത്തിന്റെ ട്യൂബുൾപ്പെടെ പ്രധാന തെളിവുകളും പൊലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും മകൻ ആൽബിനാണെന്ന് ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ അച്ഛൻ ബെന്നിയെ അറിയിച്ചത്. പിതാവിനും മാതാവിനും സഹോദരിക്കും ഐസ്ക്രീമിൽ വിഷം നൽകി കൊല്ലാനായിരുന്നു ആൽബിൻ്റെ ശ്രമം.

ആൽബിനെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ കടയിൽ നിന്നാണ് ആൽബിൻ ബെന്നി എലിവിഷം വാങ്ങിയത്. മുപ്പതാം തീയതി വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിച്ചില്ല. ഐസ്ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിർബന്ധിച്ച് നൽകി. സഹോദരി മരിച്ചപ്പോഴും അച്ഛൻ ബെന്നി ഗുരുതരാവസ്ഥയിലായപ്പോഴുമെല്ലാം ആൽബിൻ ഒരു കൂസലുമില്ലാതെ നിന്നു.

സ്വത്തെല്ലാം സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങൾക്ക് തടസമായ കുടുംബത്തെ പൂർണമായും ഇല്ലാതാക്കാനുമാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് ആൽബി‍ന്റെ മൊഴി. ഐസ്ക്രീമിൽ എലിവിഷം കലർത്തുന്നതിന് രണ്ടാഴ്ച മുമ്പ് കോഴിക്കറിയിൽ വിഷം കലർത്തിയിരുന്നു. എന്നാൽ വിഷത്തിൻറെ അളവ് കുറവായതിനാൽ കുടുംബം രക്ഷപ്പെട്ടു