ഒന്ന് നോക്കി നമ്പർ കണ്ടില്ല, കീറിയെറിഞ്ഞത് അഞ്ച് ലക്ഷം

ഭാ​ഗ്യദേവതയെ കീറിയെറിഞ്ഞ നിർഭാ​ഗ്യവാനോ? അഞ്ച് ലക്ഷം പിച്ചീകീറി ചപ്പ്ചവറിൽ ഇട്ട ഒരു നിർഭാ​ഗ്യവാനായ കാസർകോടുകാരൻ‌. ഒറ്റ നോട്ടത്തിൽ നമ്പർ കാണാഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ മൻസൂർ അലി ചെയ്തത് അഞ്ച് ലക്ഷം പീച്ചിക്കീറി.

കാസർകോട് നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവർ മൻസൂർ അലിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയാണ് ചെങ്കള ചൂരിപ്പള്ളത്തെ മൻസൂർ അലി(42) എടുത്ത ഡബ്ല്യുഎൽ 583055 എന്ന ടിക്കറ്റിനു ലഭിച്ചത്. ഫലം വന്നപ്പോൾ റിസൾട്ടുമായി ഒത്തുനോക്കിയ മൻസൂർ അലിക്ക് ഒറ്റനോട്ടത്തിൽ നമ്പർ കാണാനായില്ല.

പട്ടികയുടെ താഴെയൊക്കെ പരതിയിട്ടും നമ്പർ കണ്ടെത്താനായില്ല. പിന്നീട് ചെയ്യുന്ന സ്ഥിരം ശൈലി ആവർത്തിച്ചു. കയ്യിലുണ്ടായിരുന്ന മൂന്നു ടിക്കറ്റുകളും കീറിയെറിഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞാണ് ഏജന്റിന്റെ വരവ്. അഞ്ച് ലക്ഷം സമ്മാനമുണ്ടെന്ന് പറഞ്ഞപ്പോൾ മൻസൂർ ഞെട്ടി. തുടർന്ന് കൂട്ടുകാരായ ഡ്രൈവർമാരെല്ലാം ചേർന്ന് കടലാസു കഷ്ണങ്ങൾ പെറുക്കിയെടുത്തു യോജിപ്പിച്ചു. മുളിയാർ മജക്കാറിലെ രാമകൃഷ്ണൻ എന്ന ഏജന്റിൽ നിന്നെടുത്ത ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്.

എംഎൽഎയുടെ കത്തുമായി ജില്ലാ ലോട്ടറി ഓഫിസിൽ ചെന്നപ്പോൾ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്കു നിവേദനം കൊടുക്കാൻ പറഞ്ഞു. സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മൻസൂറലി. ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയതിനാൽ ഇനി അതിലെ നമ്പർ നോക്കി സമ്മാനം നൽകാനാവില്ല. പക്ഷേ, ടിക്കറ്റ് കൂട്ടിച്ചേർത്ത ശേഷം അതിലെ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ പറ്റിയെങ്കിൽ സമ്മാനം ലഭിക്കും. അല്ലാത്ത പക്ഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ പ്രത്യേക തീരുമാനം വേണ്ടിവരും. എന്തായാലുംഭാ​ഗ്യ ദേവത കനിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് മൻസൂർ