കതിരൂര്‍ മനോജ് വധം; കേരളത്തിന് പുറത്തേക്ക് വിചാരണ മാറ്റണമെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന്റ് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. സിബിഐയുടെ ആവശ്യത്തിന് പിന്നില്‍ രാഷ്ട്ട്രീയമാണോ എന്ന് കോടതി ചോദിച്ചു. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്ന നടപടി 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ സിബിഐ കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ടുള്ള ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരെ കക്ഷി ചേര്‍ക്കാന്‍ നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സിബിഐക്കെതിരെ സുപ്രിംകോടതി നിലപാട് എടുത്തത്. കേസിലെ പ്രതികള്‍ വിചാരണ കോടതി ജഡ്ജിയെ സ്വാധീനിക്കുമോ എന്ന ആശങ്കയാണ് സിബിഐയ്ക്കുള്ളതെന്നും കോടതി പറഞ്ഞു.

2014ല്‍ നടന്ന കൊലപാതകത്തില്‍ എന്തുകൊണ്ടാണ് വിചാരണ നീണ്ട് പോയതെന്ന് കോടതി ചോദിച്ചു. 2018 മുതല്‍ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന്് സിബിഐ കോടതിയെ അറിയിച്ചു. തുടര്‍ന്ന് നാല് മാസത്തിനുള്ളില്‍ കുറ്റം ചുമത്തുന്ന നടപടി പൂര്‍ത്തിയാ്കുവാന്‍ കോടതി നിര്‍ദേശിച്ചു. നാല് മാസത്തിന് ശേഷം വിചാരണ കോടതി ജഡ്ജി പുരോഗതി അറിയിക്കുവാനും സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം സിബിഐയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.