വിവാഹവാര്‍ഷിക ദിനത്തില്‍ പരസ്പരം ആശംസകള്‍ നേർന്ന് കത്രീന കൈഫും വിക്കി കൗശലും

രണ്ടു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് വലിയ ആഘോഷങ്ങളോടെയാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡിയായി ഇതിനോടകം തന്നെ ഇരുവരും മാറിക്കഴിഞ്ഞിട്ടുണ്ട്. കത്രീനയും വിക്കിയും തങ്ങളുടെ വിശേഷങ്ങളെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോളിതാ തങ്ങളുടെ പ്രണയത്തിന്റെ തീവ്രത വെളിപ്പെടുത്തിക്കൊണ്ടാണ് ഇരുവരും പരസ്പരം ആശംസകള്‍ കൈമാറുന്നത്.

പ്രണയസുരഭിലമായ ചിത്രങ്ങളും വീഡിയോയും കത്രീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. എന്റെ ജീവിതത്തിന്റെ വെളിച്ചം എന്ന അടിക്കുറിപ്പോടെയാണ് വിവാഹഫോട്ടോ കത്രീന പോസ്റ്റ്‌ചെയ്തിരിക്കുന്നത്. അതിനൊപ്പം രസകരമായ വീഡിയോയും കത്രീന പങ്കുവെച്ചിട്ടുണ്ട്. ഒരുമിച്ചുള്ളൊരു അവധിയാഘോഷരാവില്‍ വിക്കി ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ.

വിക്കിയുടെ റൊമാന്റിക് ഡാന്‍സാണ് വീഡിയോയിലുള്ളത്. വിക്കിയുടെ ഡാന്‍സ് കണ്ട് ചിരിക്കുന്ന കത്രീനയുടെ ശബ്ദവും കേള്‍ക്കാം.രണ്ടുപേരും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം മനസിലാക്കിത്തരാന്‍ ആ ചെറിയ വീഡിയോയ്ക്കായി.

‘സമയം പറന്നുപോകുകയാണ്,നിന്റെ കൂടെയുള്ളപ്പോള്‍ അത് വിവരിക്കാന്‍ കഴിയുന്നതിലുമധികം മാന്ത്രികമായാണ് കടന്നുപോകുന്നത്. നമുക്ക് ഒന്നാം വാര്‍ഷികാശംസ.നിനക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതിലും അപ്പുറം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’-വിക്കി ഇന്‍സ്റ്റഗ്രാമില്‍ പ്രണയപൂര്‍വ്വം കുറിച്ചു. വിവാഹഫോട്ടോയും കത്രീനയുടെ ഒറ്റയ്ക്കുള്ള ഫോട്ടോയും സ്‌നേഹത്തോടെ ഇരുവരും ചേര്‍ന്നുകിടക്കുന്നൊരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു.