സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു: ലോക്ക് ഡൗണ്‍ സ്ട്രാറ്റജി മാറ്റുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ടിപിആര്‍ 15 നും താഴെയെത്തിയതായി അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ കോഴിക്കോട് ജില്ലകളില്‍ 10 ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചക്കിടെ 10 ശതമാനം കുറവ് ടിപിആറില്‍ ഉണ്ടായി. കേസുകളുടെ എണ്ണത്തില്‍ 20 ശതമാനം കുറവുണ്ടായി. എന്നാല്‍ ജില്ലാ തലത്തിലെ ഈ കണക്കുകള്‍ക്കപ്പുറം തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിതി വ്യത്യാസമാണ്. 14 തദ്ദേശ പരിധിയില്‍ ടിപിആര്‍ 35 ശതമാനത്തിലധികമാണെന്ന് അദ്ദേഹം പറഞ്ഞു. 37 എണ്ണത്തില്‍ 28 നും 35 നും ഇടയിലാണ് ടിപിആര്‍. 127 ഇടത്ത് 21 ശതമാനത്തിന് മുകളിലാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഉദ്ദേശിച്ച രീതിയില്‍ രോഗവ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ട്. നിലവിലെ ലോക്ക്ഡൗണ്‍ 16 വരെ തുടരും. പിന്നീടുള്ള ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ സ്ട്രാറ്റജി മാറ്റും. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവില്‍. അത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.