ദുബായില്‍ ഭാഗ്യദേവതയുടെ കടാക്ഷം മലയാളിക്ക്, ഏഴ് കോടിയിലധികം സമ്മാനം

ദുബായ്: പലപ്പോഴും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികളെ ഭാഗ്യ ദേവത അകമഴിഞ്ഞ് അനുഗ്രഹിക്കാറുണ്ട്. ഇക്കുറി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ പത്ത് ലക്ഷം യു എസ് ഡോളര്‍ (ഏകദേശം ഏഴ് കോടിയിലേറെ രൂപ) സമ്മാനമായി ലഭിച്ചത് മലയാളിക്ക് ആയിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനായ കൊച്ചി സ്വദേശി ജോര്‍ജ് തോമസിനാണ് ഈ ഭാഭ്യം കൈ വന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് തന്നെയായിരുന്നു നറുക്കെടുപ്പ് നടന്നതും.

43കാരനായ ജോര്‍ജ് തോമസ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഷാര്‍ജയില്‍ ആണ് താമസം. 355-ാം നറുക്കെടുപ്പില്‍ 2016 എന്ന ടിക്കറ്റിനാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 6 വര്‍ഷമായി താന്‍ പതിവായി ടിക്കറ്റെടുക്കാറുണ്ടെന്ന് ദുബായ് എയര്‍പോര്‍ട്ടില്‍ സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ജോര്‍ജ് തോമസ് പറഞ്ഞു.

ജനിക്കാന്‍ പോകുന്ന നാലാമത്തെ കുഞ്ഞ് കൊണ്ടുവന്ന ഭാഗ്യമാണിത്. തീര്‍ച്ചയായും ദൈവ കടാക്ഷവുമാണ്. കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെയാണ് ജോര്‍ജ് തോമസ് ഭാര്യയെയും മൂന്നു മക്കളെയും നാട്ടിലേയ്ക്ക് തിരിച്ചയച്ചത്.

മറ്റു നറുക്കെടുപ്പുകളില്‍ ഇന്ത്യന്‍ പ്ലസ് ടു വിദ്യാര്‍ഥി ആര്യന്‍ രവീന്ദ്ര ഷേണായി(17)ക്കും ഷാര്‍ജയില്‍ താമസിക്കുന്ന മറ്റൊരു ഇന്ത്യക്കാരനായ ദീപക് ശര്‍മ രഘുനാഥ് ശര്‍മ(44)യ്ക്കും ആഡംബര മോട്ടോര്‍ ബൈക്കുകള്‍ സമ്മാനം ലഭിച്ചു. ലബനീസ് സ്വദേശി ഹാതിം യഹിയയ്ക്ക് ആഡംബര കാര്‍ സമ്മാനമായി ലഭിച്ചു.