ഉണ്ട ചിത്രീകരണത്തിനിടെ ഉണ്ടായ പരിസ്ഥിതി നാശം കേന്ദ്ര സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി :മമ്മുട്ടിയുടെ ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പരിസ്ഥിതി നാശത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വനഭൂമി പൂർവ്വസ്ഥിതിയിലാക്കുന്ന നടപടികളും നാലു മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നും കോടതി നിർദേശിച്ചു.

സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും, സിനിമാ കമ്പനിക്കുമെതിരെ അന്വേഷണം നടത്തണമെന്നും നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു .

പെരുമ്പാവൂരിലെ ആനിമൽ ലീഗൽ ഇന്റഗ്രേഷൻ സംഘടനയുടെ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ് .

ഉണ്ട സിനിമയുടെ ചിത്രീകരണത്തിനായി കാസർകോട് കാറഡുക്ക വനഭൂമിയിൽ നടത്തിയ പ്രവർത്തനങ്ങൾ വനം വകുപ്പ് തടഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി.കേന്ദ്രസർക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങൾ സംസ്ഥാനസർക്കാർ ഒരുക്കണം. ഗ്രാവലിട്ട് റോഡുണ്ടാക്കിയത് പൂർവസ്ഥിതിയിലാക്കിയിട്ടില്ലെങ്കിൽ കേന്ദ്രം നടപടിയെടുക്കണം. നിർമാതാക്കളായ മൂവീസ് മിൽ പ്രൊഡക്ഷനിൽനിന്ന് ചെലവീടാക്കണം. ഗ്രാവൽ നീക്കം ചെയ്യുമ്പോൾ പരിസ്ഥിതിയെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു.