കോടതിയുടെ തീർപ്പ് വരും വരെ ചാൻസലർ അന്തിമതീരുമാനം എടുക്കരുത്: ഹൈക്കോടതി

കൊച്ചി. പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടിസ് നൽകിയത് ചോദ്യം ചെയ്തു വിസിമാർ നൽകിയ ഹർജിയിൽ കോടതിയുടെ തീർപ്പ് ഉണ്ടാകുന്നതു വരെ ചാൻസലർ അന്തിമതീരുമാനം എടുക്കരുതെന്നു ഹൈക്കോടതി. വിസിമാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ചാൻസലർ സത്യവാങ്മൂലം നൽകാൻ സമയം തേടിയതിനെ തുടർന്ന് ഹർജി 17നു മാറ്റി. യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടർന്നാണ് മറ്റു സർവകലാശാല കളിലെ വിസിമാരെ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടിസ് നൽകിയിരുന്നത്.

എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മറുപടി സത്യവാങ്മൂലം നല്‍കാന്‍ മൂന്നു ദിവസത്തെ സമയം കൂടി വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ മുന്നില്‍ പേഴ്‌സണല്‍ ഹിയറിങ്ങിന് പോകണോ, വേണ്ടയോ എന്ന് വിസിമാര്‍ക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച വൈസ് ചാൻസർമാർ ഗവർണർക്കു മറുപടി നൽകിയിരുന്നു. നിയമനം നിയമപരമാണെന്ന മറുപടിയാണു വിസിമാർ നൽകിയിരിക്കുന്നത്. സർവകലാശാലയ്ക്കു നൽകിയ സേവനങ്ങളും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കോടതി നിലപാടുകൂടി അറിഞ്ഞശേഷം ഗവർണർ തുടർനടപടികൾ സ്വീകരിക്കും.

ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചത്. വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണ മെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാർ വാദിച്ചത്.

അതേസമയം, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.സിസ തോമസിനു നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെ ന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി നിരസിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്ത കോടതി ചാന്‍സലര്‍ ഉള്‍പ്പെടെ എതിര്‍കക്ഷി കള്‍ക്കെല്ലാം നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.