കേരളം അനധികൃത നിയമന മാഫിയയുടെ കൈകളിൽ, കളക്ടറുടെ യൂസർ ഐഡി പോലും ദുരുപയോഗം ചെയ്യുന്നു.

കോഴിക്കോട്. പത്തനംതിട്ട റവന്യൂ വകുപ്പിലെ എൽഡി ക്ലർക്ക് നിയമനത്തി ലുണ്ടായ വീഴ്ച അനധികൃത നിയമന മാഫിയ എല്ലാമേഖലകളിലും പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എല്ലാ മേഖലയിലും ഇടുതുസർക്കാർ അരാജകത്വമാണ് കാണിക്കുന്നത്. എൽഡി ക്ലർക്ക് നിയമനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്, സംസ്ഥാന വ്യാപകമായി അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നു എന്നുള്ളതിന് തെളിവാണ് – കെ. സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ നിയമന മാഫിയകളുടെ പ്രവർത്തനം ശക്തമാണ്. ജില്ലാ കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുക എന്നുള്ളത് ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. വലിയൊരു വീഴ്ച തെളിഞ്ഞിട്ടും റവന്യൂ മന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. പത്തനംതിട്ടയിൽ റവന്യൂ വകുപ്പിലെ എൽഡി ക്ലർക്ക് നിയമനത്തിലായിരുന്നു വീഴ്ച ഉണ്ടായത്. സംഭവം വലിയ വിവാദമാവുകയായിരുന്നു.

25 പേരെ തിരഞ്ഞെടുത്തതിന് ശേഷം അതിൽ 2 പേർക്ക് മാത്രം ആദ്യം നിയമന ഉത്തരവ് നൽകുകയും ഇവർ മാത്രം വേഗം ജോലിയിൽ പ്രവേശിക്കുകയു മായിരുന്നു. ഇതിന് ശേഷമാണ് ശേഷിക്കുന്ന 23 പേർക്ക് നിയമന ഉത്തരവ് പോസ്റ്റൽ വഴി അയച്ചത്. തിരഞ്ഞെടുത്ത 25 പേർക്കും ഒരുപോലെ, ഒരേസമയം നിയമന ഉത്തരവ് നൽകണമെന്ന ചട്ടം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്.

കൊല്ലം ജില്ലക്കാരായ രണ്ട് ഉദ്യോഗാർത്ഥികൾക്ക് മാത്രം നിയമന ഉത്തരവ് വേഗം കൈമാറി. നിലവിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. രണ്ട് പേർക്ക് സീനിയോറിറ്റി ലഭിക്കുന്നതിനായി മറ്റുള്ള 23 പേരുടെ നിയമന ഉത്തരവ് വൈകിച്ചുവെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എൻജിഒ സംഘ് ആരോപിച്ചിട്ടുണ്ട്. കളക്ടറുടെ ചേംബറിനുള്ളിലെത്തി ഇവർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.