മുല്ലപ്പെരിയാറില്‍ നിഷ്പക്ഷ സമിതിയെ കൊണ്ട് സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി. മുല്ലപെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്‌നാടിനെ ചുമതലപ്പെടുത്തണമെന്ന കേന്ദ്ര ജല കമ്മീഷന്‍ നിലപാടിനെതിരെ കേരളം സുപ്രീംകോടതിയില്‍. രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതിയെക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

ജൂലൈയിലാണ് തമിഴ്‌നാടിനെ സുരക്ഷാ പരിശോധനയ്ക്ക് ചുമതലപ്പെടുത്തണം എന്ന സത്യവാങ്മൂലം കേന്ദ്ര ജല കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്‌നാടിന്റെ നിലപാടില്‍ ആശങ്കയുള്ളതായും കേരളം സുപ്രീംകോടതിയില്‍.

അണക്കെട്ടില്‍ 2011ലാണ് അവസാനമായി പരിശോധന നടത്തിയത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ പ്രദേശത്ത് രണ്ട് പ്രളയവും നിരവധി കനത്ത മഴകളും ഉണ്ടായി. ഒപ്പം അണക്കെട്ടിന്റെ പ്രായവും കൂടി. അതിനാല്‍ സുരക്ഷാ പരിശോധന നടത്താന്‍ പുന സംഘടിപ്പിക്കപ്പെട്ട മേല്‍നോട്ട സമിതിയോട് സുരക്ഷാ പരിശോധന നടത്താന്‍ ആവശ്യപ്പെടണമെന്ന് കേരളം ആവശ്യപ്പെട്ടു.