അച്ഛന്റെ സമ്മാനം ഒടുവില്‍ വീട്ടില്‍ എത്തി, സഫലമായത് എയര്‍പോര്‍ട്ടില്‍ മരിച്ചുവീണ പവിത്രന്റെ വലിയ ആഗ്രഹം

ഫുജൈറ: നാട്ടിലേക്ക് തിരികെ പോകുന്നതിനിടെ റാസല്‍ഖൈമ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ച മലയാളിയായ പവിത്രന്‍ ഏവരെയും കണ്ണീരില്‍ ആഴ്ത്തിയിരുന്നു. മകന്‍ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ സന്തോഷത്തില്‍ ആയിരുന്നു പവിത്രന്‍. മകനായി അദ്ദേഹം സമ്മാന പൊതികളുമായായിരുന്നു നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ നാട്ടില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ മകനായി അദ്ദേഹം കരുതിയിരുന്ന സമ്മാനപ്പൊതികള്‍ യുഎഇ കെഎംസിസി പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടില്‍ എത്തിച്ചു.

കുറ്റ്യാടി കായക്കൊടി സ്വദേശി മഞ്ചക്കല്‍ പവിത്രന്‍ നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു കുഴഞ്ഞുവീണ് മരിച്ചത്. അവസാനമായി ഉറ്റവരെ ഒരു നോക്ക് കാണാന്‍ പോലും വിധി പവിത്രനെ അനുവദിച്ചില്ല. മകന്റെ ഉന്നത വിജയത്തില്‍ അവനായുള്ള സമ്മാനവുമായിട്ട് ആയിരുന്നു പവിത്രന്‍ നാട്ടിലേക്ക് തിരിച്ചത്. മകന് വാങ്ങിച്ച സമ്മാനം അടങ്ങുന്ന ലഗേജ് യുഎഇ കെഎംസിസിയുടെ മറ്റൊരു ചാര്‍ട്ടേഡ് വിമാനത്തില്‍ ഹരീഷ് എന്ന യാത്രക്കാരന്‍ വഴി ഇന്നലെ നാട്ടിലെത്തിച്ച് ബന്ധുക്കള്‍ക്ക് നല്‍കി.

പവിത്രന്‍ അജ്മാനില്‍ ജ്വല്ലറി തൊഴിലാളികള്‍ ആയിരുന്നു. കോവിഡ് വ്യാപനത്തോടെ സ്ഥാപനം പൂട്ടിയതിനാല്‍ തൊഴില്‍ നഷ്ടമായി പ്രവാസികൂട്ടായ്മ വഴി നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. മകന്‍ ധനൂപിന്റെ പത്താംക്ലാസ് പരീക്ഷാഫലം വന്ന ജൂണ്‍ 30നുതന്നെ മടങ്ങണമെന്നായിരുന്നു പവിത്രന്‍ ആഗ്രഹിച്ചത്. ഇത് പ്രകാരം റാസല്‍ഖൈമ വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും വിധി അദ്ദേഹത്തിന്റെ ജീവന്‍ തട്ടിയെടുക്കുകയായിരുന്നു.